- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്കും സരിത്തിനും പിന്നിൽ പ്രവർത്തിച്ചത് ഡി കമ്പനിയോ? ദാവൂദിന്റെ സംഘത്തിലെ മലയാളിക്ക് നേരെ വിരൽ ചൂണ്ടി പ്രതികളുടെ ഭീകര സംഘടനാ ബന്ധം; കുറ്റം തെളിഞ്ഞാൽ സ്വപ്നയ്ക്കും കൂട്ടർക്കും ജീവിതാവസാനം വരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും; സ്വർണ്ണ കടത്തിൽ യുഎപിഎയിലെ 20-ാം വകുപ്പിൽ ചർച്ച തുടരുമ്പോൾ
കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് പിന്നിൽ ദാവൂദ് ഇബ്രാഹിമോ? പ്രതികളുടെ കൂട്ടത്തിൽ ചിലർക്ക് ഭീകര സംഘടനാ ബന്ധമുണ്ടെന്ന വ്യക്തമായ സൂചന നൽകിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസിലെ ആദ്യ കുറ്റപത്രം ഇന്നലെ സമർപ്പിച്ചത്. ഭീകരസംഘടനകളിലോ കൂട്ടായ്മകളിലോ അംഗമാകുന്ന പ്രതികൾക്കെതിരെ ചുമത്തുന്ന വകുപ്പാണു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) 20ാം വകുപ്പ്. ഈ വകുപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.
യുഎപിഎയിലെ 16 വകുപ്പ് ഭീകരപ്രവർത്തനം കുറ്റം ചുമത്താനുള്ളതാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ഇതിന് ലഭിക്കും. 17-ാം വകുപ്പ് ദേശവിരുദ്ധ പ്രവർത്തനത്തിനു ധനസഹായം നൽകുന്നതാണ്. ഇതിനും 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും കിട്ടും. 18-ാം വകുപ്പ് ദേശവിരുദ്ധ പ്രവർത്തന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കും. എന്നാൽ 20-ാം വകുപ്പ് വരുന്നതോടെ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മയിൽ അംഗത്വം എന്ന കുറ്റാരോപണം എത്തുന്നു. ഇതിന് ജീവപര്യന്തം തടവും പിഴയും ശിക്ഷയാണ്. അതായത് ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ ജീവിത കാലം മുഴുവൻ അഴിക്കുള്ളിൽ കിടക്കേണ്ടി വരും.
അതുകൊണ്ട് തന്നെ കടുത്ത വെല്ലുവിളികൾ ഈ കേസിലെ പ്രതികൾ നേരിടേണ്ടി വരും. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദങ്ങൾ നടക്കുമ്പോൾ. രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ള മലയാളിയുമായി നയതന്ത്രപാഴ്സൽ സ്വർണക്കടത്തു സംഘത്തിലെ ചിലർക്കു ബന്ധമുണ്ടെന്ന സംശയം അന്വേഷണ സംഘം കോടതിയെ അറിയിച്ചെങ്കിലും ഇത്തരം പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല. കുറ്റപത്രത്തിൽ 20ാം വകുപ്പ് ഉൾപ്പെടുത്തിയതോടെ പ്രതിപ്പട്ടികയിലുള്ള 20 പേരിൽ ഭീകരബന്ധമുള്ളവരുണ്ടെന്ന് ഉറപ്പായി.
യു.എ.പി.എ. 16, 17, 18, 20 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയത്. 2019 നവംബറിനും 2020 ജൂണിനുമിടയിൽ 167 കിലോ സ്വർണം കടത്തിയെന്നാണു കേസ്. യു.എ.ഇയ്ക്കു പുറമേ സൗദി അറേബ്യ, ബഹ്റൈൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നും സ്വർണം കടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നെന്ന് എൻ.ഐ.എ. വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒളിവിലുള്ള എട്ടു പ്രതികൾക്കായി അന്വേഷണം നടക്കുന്നു. കുറ്റപത്രം നൽകിയെങ്കിലും കോടതി ഫയലിൽ സ്വീകരിക്കാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
2020 ജൂലൈ അഞ്ചിന് നയതന്ത്രബാഗിൽനിന്നു കസ്റ്റംസ് 14.82 കോടിയുടെ സ്വർണം പിടികൂടിയതോടെയാണു വലിയ സ്വർണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. യു.എ.ഇയുടെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിലൂടെ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങളാണ് പ്രതികൾ ചെയ്തതെന്ന് എൻ.ഐ.എ. ആരോപിച്ചു. സ്വർണം വാങ്ങാനുള്ള പണം സ്വരൂപിക്കാനും കടത്തിക്കൊണ്ടുവരാനും വിറ്റഴിക്കാനുമായി കടത്തുന്നതിനും വിറ്റഴിക്കുന്നതിനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എൻ.ഐ.എ. പറയുന്നു.
എഫ്ഐആർ സമർപ്പിച്ചപ്പോഴും ഇല്ലാതിരുന്ന യുഎപിഎ വകുപ്പ് 20 കൂട്ടിച്ചേർത്താണ് എൻഐഎ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്തിന്റെ ഭീകരസംഘടനാ ബന്ധത്തിനുള്ള തെളിവ് ലഭിച്ചതിന്റെ സൂചനയാണു കുറ്റപത്രത്തിൽ ചേർത്ത 20ാം വകുപ്പ്. ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടയിൽ ഇവരുടെ ഭീകരസംഘടനാ ബന്ധത്തിനുള്ള തെളിവുകൾ ഹാജരാക്കാൻ എൻഐഎ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ രഹസ്യമൊഴികളും മുദ്രവച്ച കവറിൽ നൽകിയ കേസ് ഡയറിയുമാണ് ഈ ഘട്ടങ്ങളിൽ അന്വേഷണ സംഘം സമർപ്പിച്ചത്.
കുറ്റപത്രം കോടതി പരിശോധിച്ചു സ്വീകരിച്ച ശേഷം മാത്രമേ ഇതിന്റെ ഉള്ളടക്കം പുറത്തു വരൂ. എൻഐഎ ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലും 20ാം വകുപ്പ് ഉൾപ്പെടുത്തിയതായി പറയുന്നതല്ലാതെ വിശദാംശങ്ങൾ നൽകിയിട്ടില്ല. കേസിൽ ഇതുവരെ 31 പ്രതികൾക്കെതിരെ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. ഇവരിൽ 21 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മാപ്പുസാക്ഷിയായ സന്ദീപ് നായർ ഒഴികെ 20 പേരെ ഉൾപ്പെടുത്തിയാണു കുറ്റപത്രം. ശേഷിക്കുന്നവരിൽ 8 പേർ പിടികിട്ടാപ്പുള്ളികളാണ്.
മറുനാടന് മലയാളി ബ്യൂറോ