- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പകൾ അനുവദിക്കും; നഗരങ്ങളിലെ ഭവന നിർമ്മാണത്തിനായി 18,000 കോടി; നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് ചെയ്തു; തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആത്മനിർഭർ റോസ്ഗാർ യോജന അവതരിപ്പിച്ചു കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ആത്മനിർഭർ റോസ്ഗാർ യോജന എന്ന പേരിലുള്ള പദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. യുവാക്കളിലേക്ക് തൊഴിലുകൾ എത്തിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതിൽ ഒരുവർഷം മൊറട്ടോറിയം കാലാവധിയും നാലുവർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31വരെയായകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക.
നഗരങ്ങളിലെ ഭവന നിർമ്മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിർമ്മാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേർക്കാണ് തുക വിതരണംചെയ്തത്.
ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാർഡ് വിതരണംചെയ്തു. മൂലധന ചെലവുകൾക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവർ വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിർമ്മാണ ആനുകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇൻസെന്റീവാണ് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴിൽ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്.
നേരത്തെ ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്കിന്റെ വിലയിരുത്തിയ റിപ്പോർട്ടു പുറത്തുവന്നിരുന്നു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.
ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തൽ. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കും.
വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വില്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾവരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ