തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ജനുവരി 8നു നിയമസഭാ ബജറ്റ് സമ്മേളനത്തിൽ വായിക്കാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നയപ്രഖ്യാപനം കഴിഞ്ഞ തവണ ഗവർണ്ണർ വായിച്ചിരുന്നു. ഇതേ മാതൃക ഇപ്പോഴും തുടരും.

ഏവരേയും ഞെട്ടിച്ചാണ് കഴിഞ്ഞ തവണ നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സർക്കാർ നിലപാടും വായിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചകളിൽ നിറഞ്ഞത്. ഏവരേയും ഞെട്ടിച്ചാണ് സഭയിൽ നയപ്രഖ്യാനം ഗവർണ്ണർ വായിച്ചത്. മലയാളത്തിലാണ് ആമുഖം വായിച്ചത്. അതിന് ശേഷം ഇംഗീഷിൽ. 18-ാം പാരയിലായിരുന്നു വിവാദങ്ങൾ ഒളിച്ചു വച്ചിരുന്നത്. ഇവിടെ എത്തിയപ്പോൾ ഒന്ന് നിർത്തി. പിന്നെ ഗവർണ്ണർ പറഞ്ഞു. ഇനി 18-ാം പാര. അതും ഞാൻ വായിക്കും. സർക്കാരുമായി വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി. എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഞാൻ വിലകൊടുക്കുന്നു. അതിനാൽ സർക്കാരിന്റെ നയം വിയോജിപ്പോടെ വായിക്കുകയാണ്. അങ്ങനെ അതും വായിച്ചു. ഭരണപക്ഷം പോലും ഇതോടെ വെട്ടിലായിരുന്നു. കർഷക സമരത്തേയും ഇതേ സ്പിരിറ്റിൽ എടുക്കാനാണ് ഗവർണ്ണറുടെ തീരുമാനം.

നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയ്ക്കുള്ളിൽ എത്തിയ ഗവർണ്ണറെ വഴിയിൽ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. പൗരത്വ ഭേദഗതിയിലെ പ്രതിഷേധങ്ങളിലെ ആത്മാർത്ഥ പ്രതിപക്ഷം തെളിയിക്കുകയായിരുന്നു ഇത്. ഇതെല്ലാം കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു. ഗവർണ്ണർ പുഞ്ചിരിച്ചു കൊണ്ട് നിന്നു. ഇതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്പീക്കർക്ക് കിട്ടി.. ഇതോടെ വാച്ച് ആൻഡ് വാർഡ് ഓടിയെത്തി. എംഎൽഎമാരെ മാറ്റി സ്പീക്കർ മുമ്പോട്ട്. പിന്നെ ഏവരേയും ഞെട്ടിച്ച് ഗവർണ്ണറുടെ നയപ്രഖ്യാപനം. എല്ലാം നന്നായി എന്ന് സർക്കാർ കരുതുമ്പോഴും നേട്ടം പ്രതിപക്ഷത്തിനാണ്. താനൊരു പിടിവാശിക്കാരനല്ലെന്ന് സന്ദേശം ജനങ്ങൾക്ക് നൽകാൻ ഗവർണ്ണർക്കുമായി. ഇതേ രംഗങ്ങൾ 2021ൽ ഗവർണ്ണർ എത്തുമ്പോൾ വീണ്ടും അരങ്ങേറാൻ ഇടയുണ്ട്.

അതിനിടെ കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ 31ന് ഒരു മണിക്കൂർ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർക്കു വീണ്ടും ശുപാർശ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതും ഗവർണ്ണർ അംഗീകരിച്ചേക്കും. ബുധനാഴ്ച ചേരാനിരുന്ന സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിക്കുകയും സർക്കാരിനെ വിമർശിച്ചു മുഖ്യമന്ത്രിക്കു കത്ത് നൽകുകയും ചെയ്തതിനുള്ള പരോക്ഷ മറുപടിയാണിത്. സർക്കാർ തീരുമാനം ഗവർണർ അംഗീകരിക്കുന്നതാണു പതിവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തു. ഇതിന് വിശദമായി ഗവർണ്ണർ മറുപടിയും നൽകി.

ഇതിന് പിന്നാലെയാണ് ഗവർണർ നിയമസഭയിൽ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പരാമർശവും ഉൾപ്പെടുത്തി നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ വീണ്ടും ഗവർണ്ണറെ നേരിടാൻ ഇറങ്ങുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളെ കടുത്തഭാഷയിൽ വിമർശിക്കുകയും നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പരാമർശം. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ കാർഷിക നിയമങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതാണ് നയപ്രഖ്യാപനം. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഇടഞ്ഞതാണ്. സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാൻ ഗവർണർ തയ്യാറായത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഡിസംബർ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. എന്നാൽ ഡിസംബർ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാൻ തീരുമാനിച്ച സർക്കാർ അതിനുള്ള ശുപാർശ ഗവർണർക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷക നിയമവുമായി ബന്ധപ്പെട്ട പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കു മുന്നിൽ കീഴടങ്ങേണ്ടെന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

മന്ത്രിസഭയുടെയും നിയമസഭയുടെയും അവകാശത്തിന്മേൽ കടന്നുകയറുകയാണു ഗവർണർ ചെയ്തതെന്നു സർക്കാർ വിലയിരുത്തുന്നു. ഭൂരിപക്ഷമുള്ള സർക്കാരിന്റെ തീരുമാനം തള്ളാനുള്ള വിവേചനാധികാരം ഗവർണർക്കില്ലെന്നു കോടതിവിധികളുണ്ട്. അടിയന്തര സമ്മേളനം വിളിക്കാനുള്ള രണ്ടാം ശിപാർശയും ഗവർണർ തള്ളിയാൽ നിയമനടപടിയിലേക്കു കടക്കും. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ വിളിക്കാൻ മന്ത്രിസഭ ശിപാർശ നൽകിയാൽ അത് എന്തിനുവേണ്ടിയെന്നും മറ്റുമുള്ള ചോദ്യങ്ങൾ ഗവർണർ ഉന്നയിക്കേണ്ടതില്ല. അത് ഗവർണറുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നതല്ല.

ഭൂരിപക്ഷമുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കേണ്ടത് പാർലമെന്ററി ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മറിച്ചൊരു സന്ദേശത്തിന് അവസരമുണ്ടാക്കേണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ അധികാരപരിധിയിലുള്ള കാര്യത്തിൽ മറ്റൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്ന പൊതുവികാരം മന്ത്രിസഭയിൽ പങ്കിട്ടു. അതോടെയാണ് ഗവർണർക്ക് ഒരവസരം കൂടി നൽകാമെന്ന ധാരണയായത്.