- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്രിപ്റ്റോ കറൻസി നിരോധിക്കുമോ ഇല്ലയോ; എല്ലാത്തരം ക്രിപ്റ്റോ കറൻസികളെയും നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് പാർലമെന്റിൽ പറഞ്ഞ ധനമന്ത്രി പുറത്ത് പറയുന്നത് മറ്റൊന്ന്; കേന്ദ്ര സർക്കാർ നിലപാടുകൾ മാറിമറിയുമ്പോൾ ആശങ്ക ഒഴിയുന്നില്ല
ന്യൂഡൽഹി: ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളുടെ നിരോധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ക്രിപ്റ്റോകറൻസികൾക്ക് എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ശനിയാഴ്ച ടെലിവിഷൻ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ ഇതേ കേന്ദ്രധനമന്ത്രി തന്നെ കഴിഞ്ഞ മാസം പാർലമെന്റിൽ പറഞ്ഞത് ക്രിപ്റ്റോ കറൻസികൾ നിരോധിക്കും എന്നായിരുന്നു.
ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരിയിൽ രാജ്യസഭയിലായിരുന്നു ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ബിറ്റ്കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ക്രിപ്‌റ്റോ കറൻസികളെ നിരോധിക്കാൻ ഉടൻ തന്നെ നിയമം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. നിലവിലെ നിയമം ക്രിപ്‌റ്റോ കറൻസി ഇടപാടുകളെ നിയന്ത്രിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നിയമം നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നത്.
ക്രിപ്റ്റോ കറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദ്ദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സർക്കാർ പുറത്തിറക്കുന്ന വിർച്വൽ കറൻസികൾക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്റ്റോ കറൻസി ട്രേഡിങ് സംബന്ധിച്ച് കർശനനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. 2018-19 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു. ക്രിപ്റ്റോകറൻസികളെ അംഗീകൃത വിനിമയ ഉപാധിയായി രാജ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു അന്നു പറഞ്ഞത്.
എന്നാൽ സുപ്രീം കോടിതി ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് റിപ്പോർ്ട്ടുകൾ.ആർബിഐ, സെബി എന്നി് റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല. കറൻസികളോ ആസ്തികളോ ഉപഭോക്താവ് നൽകുന്ന സെക്യൂരിറ്റികളോ ചരക്കുകളോ അല്ലാത്തതുകൊണ്ടാണ് നിലവിലെ സംവിധാനമുപയോഗിച്ച് അതിനുകഴിയാത്തത്.
അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി താമസിയാതെ പ്രചാരത്തിൽ വന്നേക്കും.
മറുനാടന് മലയാളി ബ്യൂറോ