- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 പവൻ മാല മോഷണം പോയതായി പൊലീസിൽ പരാതി നൽകി; ചോദ്യം ചെയ്യലിൽ പറഞ്ഞത് ആരെയും വിശ്വസിപ്പിക്കുന്ന കഥ; ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് തോന്നിയത് പൊരുത്തക്കേടുകൾ; ഒടുവിൽ പ്രതിയായത് പരാതിക്കാരൻ തന്നെ
തൃശൂർ: സ്വന്തം വീട്ടിൽ നിന്നു 15 പവന്റെ സ്വർണാഭരണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലഴിയിൽ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം പുല്ലഴിയിൽ പ്രദീപിന്റെ തറവാട്ടു വക വീട്ടിൽ മോഷണം നടന്നു. പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ തകർത്ത് അകത്തുകയറി അലമാരയിൽ നിന്നു സ്വർണം കവരുകയായിരുന്നു. മോഷണം നടന്നെന്നു കാട്ടി പൊലീസിനു പരാതി നൽകിയത് പ്രദീപ് തന്നെ.
മനക്കൊടിയിലാണു താൻ കുടുംബസമേതം താമസിക്കുന്നതെന്നും ജോലിയാവശ്യത്തിനായി ദിവസവും പുല്ലഴിയിൽ എത്താറുണ്ടെന്നും പ്രദീപ് മൊഴി നൽകിയിരുന്നു. വസ്ത്രം മാറ്റാനും മറ്റുമായി രാവിലെയും വൈകിട്ടും തറവാട്ടുവീട്ടിൽ എത്താറുണ്ടെന്നും ഇങ്ങനെ എത്തിയപ്പോഴാണു മോഷണം നടന്നതു കണ്ടതെന്നും പ്രദീപ് പറഞ്ഞു. അമ്മയെയും സഹോദരിയെയും വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രദീപിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നു വ്യക്തമായി. കൂടുതൽ ചോദ്യംചെയ്യലിൽ പ്രദീപ് കുറ്റം സമ്മതിച്ചു.
തനിക്കു ബാധ്യതകളുണ്ടെന്നതിനാലാണു മോഷണം നടത്തിയതെന്നും ആരും സംശയിക്കാതിരിക്കാൻ വീടു കുത്തിത്തുറന്ന നിലയിലാക്കിയതാണെന്നും പ്രദീപ് സമ്മതിച്ചിട്ടുണ്ട്. വെസ്റ്റ് എസ്ഐമാരായ കെ.ആർ. റെമിൻ, എ.ഒ. ഷാജി, നിഴൽ പൊലീസ് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.എം. റാഫി, എഎസ്ഐ ജോയ്, സിപിഒമാരായ റിക്സൺ, സുനീബ്, പഴനിസ്വാമി, ലിഗേഷ്, വിപിൻദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ