മ്മളില്‍ പേരയ്ക്കാ ഇഷ്ടപ്പെടാത്ത ആരാണ് ഉള്ളത്. വിവിധ സ്വാദുകളിലുള്ള പേരയ്ക്കകള്‍ നമ്മുടെ വീടുകളിലും വിപണിയിലും എല്ലാം സുലഭമാണ്. അതേ സമയം പേരയ്ക്ക ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ സമ്പുഷ്ടമാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. ഇപ്പോള്‍ പുറത്ത് വരുന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പേരയ്ക്കയില്‍ കരളിലെ ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു വസ്തു അടങ്ങിയിരിക്കുന്നു എന്നാണ്.

പേരയ്ക്കയുടെ ഇലകളിലും പുറംതൊലിയിലും വീക്കം തടയുന്ന, ബാക്ടീരിയ നശിപ്പിക്കുന്ന, കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. ഡെലവെയര്‍ സര്‍വകലാശാലയിലെ രസതന്ത്ര, ബയോകെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ വില്യം ചെയിനും സഹപ്രവര്‍ത്തകരും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആന്‍ഗെവാന്‍ഡെ കെമി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ഈ മാരകമായ കാന്‍സറിനെ ചെറുക്കാന്‍ പേരക്ക തന്മാത്രയുടെ ഒരു സിന്തറ്റിക് രൂപം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗം വെളിപ്പെടുത്തിയിരിക്കുകയാണ്. നാച്ചുറല്‍ പ്രോഡക്റ്റ് ടോട്ടല്‍ സിന്തസിസ് എന്ന പ്രക്രിയ ഉപയോഗിച്ച്, സസ്യത്തില്‍ കാണപ്പെടുന്ന തന്മാത്രകളെ പകര്‍ത്താന്‍ വ്യാപകമായി ലഭ്യമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഒരു രീതി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിട്ടുണ്ട്.

യു.കെയില്‍ എല്ലാ വര്‍ഷവും ഏകദേശം 6,600 പുതിയ കരള്‍ കാന്‍സര്‍ കേസുകളാണ് ഉണ്ടാകുന്നത്. അതായത് ഓരോ ദിവസവും പതിനെട്ട് രോഗികള്‍. 2040 ആകുമ്പോഴേക്കും ഏകദേശം 9,700 പുതിയ കരള്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ പറയുന്നു. അതേ സമയം കരള്‍ കാന്‍സര്‍ ബാധിച്ചവരില്‍ വെറും 8 ശതമാനം പേര്‍ മാത്രമാണ് രോഗനിര്‍ണയത്തിന് ശേഷം 10 വര്‍ഷമോ അതില്‍ കൂടുതലോ അതിജീവിക്കുന്നത്.

മഞ്ഞപ്പിത്തം, ചര്‍മ്മത്തിലെ ചൊറിച്ചില്‍, വിശപ്പില്ലായ്മ, ക്ഷീണം, പനി പോലുള്ള ലക്ഷണങ്ങള്‍, വയറിന്റെ വലതുവശത്ത് ഒരു മുഴ എന്നിവ കരള്‍ കാന്‍സറിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ശസ്ത്രക്രിയ, കീമോതെറാപ്പി, എന്നിവയുടെ സംയോജനത്തിലൂടെയാണ് കരള്‍ കാന്‍സറിനെ ചികിത്സിക്കുന്നത്. ഇത് കരള്‍ കാന്‍സറിന്റെ വലുപ്പത്തെയും തരത്തെയും ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ പേരയ്ക്കയെ കുറിച്ചുള്ള കണ്ടെത്തല്‍ കൂടുതല്‍ ഫലപ്രദവും വിലകുറഞ്ഞതുമായ ചികിത്സകള്‍ക്ക് വഴി തെളിക്കും എന്നാണ് കരുതപ്പെടുന്നത്. പേരയ്ക്ക തന്മാത്ര മറ്റ് തരത്തിലുള്ള കാന്‍സറുകളെ ചെറുക്കുന്നതില്‍ ഫലപ്രദമാകുമോ എന്നതിനെക്കുറിച്ചും ഇപ്പോള്‍ ഗവേഷണം നടക്കുകയാണ്.