- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
52 വയസ്സുള്ള കുമാരി ജോലി നോക്കിയിരുന്നത് ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി ഇംതിയാസിന്റെ വീട്ടിൽ; സേലം സ്വദേശിനിയായ ഇവർ നാട്ടിൽപോയി തിരികെ വന്നത് പത്ത് ദിവസം മുമ്പ്; അപകടം ഉണ്ടായത് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോൾ; മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെ ജോലിക്കാരി വീണു പരിക്കേറ്റതിൽ അടിമുടി ദുരൂഹത
കൊച്ചി: മറൈൻ ഡ്രൈവിനടുത്തുള്ള ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു പരിക്കേറ്റ സംഭവത്തിൽ അടിമുടി ദുരൂഹതകൾ. ആറാം നിലയിലെ ഫ്ളാറ്റിൽ നിന്നും സാരികൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിടെയാണ് ഇവർ വീണതും പരിക്കേറ്റതും. ഇങ്ങനെ സാരിയിൽ കെട്ടിത്തൂങ്ങി പുറത്തിറങ്ങാൻ ഇടയാക്കിയ സംഭവം എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിലെ ദുരൂഹത നീക്കാൻവേണ്ടി വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഹൊറൈസൺ എന്ന ഫ്ളാറ്റിൽ നിന്ന് വീണാണ് വേലക്കാരിക്ക് പരിക്കേറ്റത്.
അമ്പത്തിരണ്ട് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ളാറ്റിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്. ഫ്ളാറ്റുടമയെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നാട്ടിൽ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.
വീട്ടുജോലിക്കാരി ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണതല്ലെന്നും സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞു.
ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നു രാവിലെ ഇവർ കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തിൽ വീണതോ അല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഫ്ളാറ്റിലെ കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാനുമാണ് പൊലീസ് ഒരുങ്ങുന്നത്.