കാബൂൾ: അഫ്ഗാന്റെ ദുര്യോഗത്തിന് താലിബാനെ പോലെത്തന്നെ ഉത്തരവാദികളാണ് അഫ്ഗാനിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും. ഒരിക്കൽ, താലിബാൻ എന്ന ദുഷ്ടശക്തിയിൽ നിന്നും അഫ്ഗാനെ മോചിപ്പിച്ചതിനു ശേഷം പാശ്ചാത്യ രാജ്യങ്ങൾ പ്രധാനമായും ഊന്നൽ കൊടുത്തത് അഫ്ഗാനെ ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ശക്തിപ്പെടുത്തുവാനായിരുന്നു. അഫ്ഗാനിസ്ഥാനെ സ്ഥിരതയുള്ള ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അഞ്ചുവർഷക്കാലം നീണ്ട താലിബാന്റെ പ്രാകൃതഭരണം നൂറ്റാണ്ടുകളോളം പുറകോട്ടടിച്ച അഫ്ഗാനെ പൂർവ്വസ്ഥിതിയിലാക്കുക അത്ര എളുപ്പമായ കാര്യമായിരുന്നില്ല. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന അഫ്ഗാൻ ജനതയെ ഉയർത്തിക്കൊണ്ടുവരുവാൻ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുക, വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നീ രണ്ടു പരിപാടികളായിരുന്നു അന്താരാഷ്ട്ര ലോകം, പ്രധാനമായും പാശ്ചാത്യ രാജ്യങ്ങൾ ഏറ്റെടുത്തിരുന്നത്.

ഇതിന്റെ ഭാഗമായിട്ടായിരുന്നു അഫ്ഗാനിസ്ഥാനിലെ കമ്പിളി വ്യവസായം വിപുലപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്. ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമായിരുന്ന ഇതിനായി ഏകദേശം 6 ലക്ഷം മില്ല്യൺ ഡോളറിന്റെ പദ്ധതിയായിരുന്നു അമേരിക്ക തയ്യാറാക്കിയത്. ഇറ്റല്യിൽ നിന്നും ഇറക്കുമതി ചെയ്ത വെളുത്ത ചെമ്മരിയാടുകളെ തദ്ദേശ ഇനത്തിൽ പെട്ട പെൺ ചെമ്മരിയാടുകളുമായി ബീജസങ്കലനം നടത്തി ഉദ്പാദനക്ഷമതയുള്ള പുതിയ ഇനത്തെ ഉദ്പാദിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ആദ്യ പദ്ധതി.

തൊണ്ണൂറ് ലക്ഷത്തോളം തദ്ദേശ ഇനത്തിൽ പെട്ട പെൺ ആടുകളേയായിരുന്നു ഇതിനായി തയ്യാറാക്കിയിരുന്നത്. എന്നാൽ, ഇറ്റലിയിൽ നിന്നെത്തിയ ആടുകൾക്ക് കാലാവസ്ഥ പിടിക്കാതെയാവുകയും ഭക്ഷണത്തിന് ചെലവേറുകയും ചെയ്തതോടെ ഈ പദ്ധതിയിൽ അഫ്ഗാൻ പങ്കാളി പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. ഇറ്റാലിയൻ ആടുകൾ ചില പ്രമുഖരുടെ തീന്മേശയിൽ എത്തിയിരിക്കാം എന്നാണ് അഫ്ഗാൻ പുനരുദ്ധാരണ പ്രക്രിയയുടെ സ്പെഷ്യൽ ഇൻസ്പെക്ടർ ജനറലായിരുന്ന ജോൺ സ്പോക്കോ പറയുന്നത്.

ഇത് കേവലം ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധി പദ്ധതികളാണ് അഫ്ഗാൻ നേതൃത്വത്തിന്റെ പിടിപ്പുകേടും അഴിമതിയും മൂലം പാഴായിപ്പോയത്. എന്നാൽ, ഇതിൽ നിന്നെല്ലാം രാഷ്ട്രീയനേതാക്കൾ വൻ തുകകൾ സമ്പാദിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തും അതുപോലെ സ്ത്രീ ശാക്തീകരണ രംഗത്തും ചില പുരോഗതികൾ ഉണ്ടായതൊഴിച്ചാൽ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം പൂർണ്ണമായും ഉപകാരപ്പെട്ടത് അഫ്ഗാൻ രാഷ്ട്രീയ നേതൃത്വത്തിനു മാത്രമായിരുന്നു.

അവിഘ്നം തുടർന്ന ഈ പണമൊഴുക്ക് പുതിയ മാഫിയാ സംഘങ്ങളെ സൃഷിടിക്കുന്നതിനായിരുന്നു ഉപകാരപ്പെട്ടത്. അപ്പോഴും സാധാരണക്കാരുടെ ദുരിതങ്ങൾക്ക് മാറ്റമില്ലാതെ തുടർന്നു. ഇതും താലിബാന്റെ തിരിച്ചുവരവിന് കളമൊരുക്കി. അളവില്ലാത്തത്ര ഡോളറുകളും സ്വർണ്ണവുമാണ് ഇക്കാലയളവിൽ കാബൂൾ വിമാനത്താവളത്തിലൂടെ പുറം നാടുകളിലോക്കൊഴുകിയത്/ ഇതിൽ ഏറിയ പങ്കും നിക്ഷേപിക്കപ്പെട്ടത് അറേബ്യൻ രാജ്യങ്ങളിലായിരുന്നു. താലിബാൻ കാബൂളിലെത്തിയ ഉടൻ തന്നെ അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗാനി ദുബായിലേക്ക് പറന്നത് അവിടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടു തന്നെയായിരുന്നു.

ഏകദേശം 52 മില്ല്യൺ ഡോളറുമായിട്ടാണ് ഗാനി നാടുവിട്ടതെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നേരത്തേ ഇക്കാര്യം റഷ്യൻ എംബസിയും റിപ്പോർട്ട് ചെയ്തിരുന്നു. ശരാശരി വരുമാനം പ്രതിവർഷം 600 ഡോളർ മാത്രമുള്ള രാജ്യത്തുനിന്നും പ്രതിവാരം 230 മില്ല്യൺ ഡോളറോളമാണ് മയക്കുമരുന്ന് മാഫിയ പുറത്തേക്ക് കടത്തിക്കൊണ്ടിരുന്നത്.

അഫ്ഗാനിസ്ഥാനെ സഹായിക്കുവാൻ ഉദ്ദേശിച്ച പാശ്ചാത്യ രാജ്യങ്ങൾ നടപ്പിലാക്കിയ പദ്ധതികൾ പക്ഷെ പൂർണ്ണമായ ആസൂത്രണത്തോടെ ആയിരുന്നില്ല. ധാരാളം പണം ഇതിനുവേണ്ടി ചെലവഴിക്കുമ്പോഴും പദ്ധതിക്ക് മേൽ നിയന്ത്രണം പാശ്ചാത്യ രാജ്യങ്ങൾക്ക് കാര്യമായി ഉണ്ടായിരുന്നില്ല. അഫ്ഗാൻ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും തന്നെയായിരുന്നു ഇതിന്റെയെല്ലാം ഉത്തരവാദിത്തവും ചുമതലയും. ചുരുക്കത്തിൽ ഏതു നിമിഷവും മതതീവ്രവാദത്തിലേക്ക് കൂപ്പു കുത്തിയേക്കാവുന്ന രാജ്യത്തേക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ വിദേശപണം ഒഴുകിയെത്തുകയായിരുന്നു.

ആൺകുട്ടികളെ വരെ ലൈംഗിക അടിമകളാക്കുന്ന പ്രവണതയ്ക്കെതിരെ അഫ്ഗാൻ സൈന്യത്തിന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കൂടുതൽ നടപടികൾ ഉണ്ടായില്ല. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ആൺകുട്ടികളെ ലൈംഗിക അടിമകളാക്കി സൂക്ഷിക്കുന്ന ബച്ചാബാസി എന്ന സമ്പ്രദായം ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളെ പോലെ വസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുക, തങ്ങളുടെ ഉടമകളുടെ ലൈംഗിക തൃഷ്ണ ശമിപ്പിക്കുക തുടങ്ങിയവയാണ് ഈ പുരുഷ ലൈംഗിക അടിമകളുടെ ജോലി. ഇത്തരത്തിലുള്ള പ്രാകൃത രീതികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിലും അഫ്ഗാൻ സർക്കാർ വീഴ്‌ച്ച വരുത്തി.

അതുപോലെ പരാജയപ്പെട്ട ഒന്നായിരുന്നു ബ്രിട്ടൻ മുൻകൈ എടുത്തു നടപ്പിലാക്കിയ കറുപ്പ് കൃഷി നശീകരണ പദ്ധതി. 6.6 ബില്ല്യൺ പൗണ്ടിന്റെ ഈ പദ്ധതി നടപ്പാക്കിയതിനു ശേഷവും അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉദ്പാദനം വർദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. ഇവിടെയും ലാഭമുണ്ടാക്കിയത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുമായിരുന്നു. അഴിമതിക്കെതിരെ മുന്നറിയിപ്പ് നൽകുമ്പോഴും പാശ്ചാത്യ നാടുകളിൽ നിന്നും പണം അഫ്ഗാനിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞ താലിബാൻ സർക്കാരിനെ ഇറക്കിയശേഷം ഇന്നുവരെ പാശ്ചാത്യ ശക്തികൾ അഫ്ഗാനിലേക്ക് നൽകിയ ധനസഹായം ഇവിടത്തെ പൗരന്മാർക്ക് വീതിച്ചു നൽകിയിരുന്നെങ്കിൽ ഇന്ന് ഓരോ അഫ്ഗാൻ പൗരനും കോടീശ്വരന്മാർ ആകുമായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് വ്യക്തമായ ധാരണകൾ ഇല്ലാതെയും, നിയന്ത്രണമില്ലാതെയും പാശ്ചാത്യ ശക്തികൾ അഫ്ഗാനിൽ ഇറക്കിയ കോടികൾ നൽകിയത് രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും സുഖ ജീവിതമായിരുന്നു. ആഡംബരത്തിന്റെ അങ്ങേയറ്റം വരെ അവർക്ക് അനുഭവിക്കാൻ ആയപ്പോൾ സാധാരണക്കാരൻ പട്ടിണിയും പരിവട്ടവുമായി കഴിയുകയായിരുന്നു. ഇതുതന്നെയാണ് താലിബാന്റെ തിരിച്ചുവരവിന് കളമൊരുക്കിയ പ്രധാനകാരണം.