- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാറ്റോ മോഹങ്ങൾ നൽകി യുക്രെയ്നെ കെണിയിലാക്കി; റഷ്യ അതിർത്തിൽ സൈനിക വിന്യാസം നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആയുധങ്ങൾ പോലും നൽകിയില്ല; തോൽവി ഭയന്ന് സൈന്യത്തെ നേരിട്ട് അയക്കൊതെ കൈയും കെട്ടി നോക്കിയിരിക്കുന്നു; അമേരിക്കയും നാറ്റോ സഖ്യവും യുക്രൈയ്നെ ചതിച്ചു; ബൈഡന്റെ ഉപരോധ ഉമ്മക്കി തള്ളി പുട്ടിനും
വാഷിങ്ടൺ: നാറ്റോയിൽ അംഗത്വമെന്ന മോഹങ്ങൾക്ക് പിന്നാലെ പോയതു കൊണ്ടാണ് യുക്രെയ്നെന്ന രാജ്യം ഇന്ന് യുദ്ധമുഖത്തേക്ക് തള്ളിവിട്ടിരിക്കുന്നത്. സോവിയേറ്റ് യൂണിയനിൽ അംഗമായിരുന്ന രാജ്യത്തിന് നാറ്റോ പദവി നൽകുന്നത് അംഗീകരിക്കാൻ ഒരിക്കലും പുട്ടിൻ തയ്യാറാകില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും ആ മോഹത്തിന് പിന്നാലെ പോയ യുക്രെയ്ൻ യുദ്ധം ക്ഷണിച്ചു വരുത്തി. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചതു കൊണ്ട് തങ്ങൾ ചതിക്കപ്പെട്ടു എന്ന് ഇപ്പോൾ യുക്രൈയ്ന് ബോധ്യമാകുന്നുണ്ട്. ഇപ്പോൾ യുദ്ധം തുടങ്ങി ആദ്യ ദിനം തന്നെ റഷ്യ യുക്രെയ്ൻ കീഴടക്കിയപ്പോൾ കൈകാലിട്ട് അടിച്ചു നിലവിളിക്കേണ്ട അവസ്ഥയാലാണ് ഈ പഴയ സോവിയേറ്റ് രാജ്യം. അമേരിക്ക ആകട്ടെ സൈന്യത്തെ അയക്കാൻ തയ്യാറല്ലെന്ന നിലപാടിലുമാണ്.
ഉപരോധമെന്ന അമേരിക്കൻ ഉമ്മാക്കി
യുക്രൈനിൽ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യക്കെതിരെ കൂടതൽ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക രംഗത്തു വന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ടാണ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ, ഉപരോധത്തെ നേരിടാനുള്ള്ള തയ്യാറെടുപ്പു പുട്ടിൻ നേരത്തെ മുൻകൂട്ടി കണ്ടിരുന്നു എന്ന സൂചനകളുമുണ്ട്. പുട്ടിനെ അതിക്രമിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് രംഗത്തുവന്നെങ്കിലും ബൈഡനും എല്ലാം കൈവിട്ടു എന്ന ബോധ്യമുണ്ട്.
അതേ സമയം യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാൽ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയിൽ പുട്ടിൻ പരിഹാസ്യനാകുമെന്നും ബൈഡൻ പറഞ്ഞു. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുർബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും' യുഎസ് പ്രസിഡന്റ് പറഞ്ഞു.
റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകൾക്കുമേൽകൂടി ഉപരോധം ഏർപ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടിൽ ഹൈടെക് സമ്പദ് വ്യവസ്ഥയിൽ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. യുക്രൈൻ പിടിച്ചെടുക്കുന്നതിനേക്കാൾ വലിയ ആഗ്രഹം പുതിനുണ്ട്. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുതിൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ റഷ്യയെ ദുർബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങൾ റഷ്യക്ക് ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡൻ പറഞ്ഞു.
ആയുധം നൽകാതെ കബളിപ്പിച്ചു അമേരിക്ക
സോവിയറ്റ് കാലഘട്ടത്തിലെ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നും യുക്രെയ്നുള്ളത്. ശത്രുക്കളുടെ സൈനികനേയോ യുദ്ധ ടാങ്കോ കാണും മുൻപ് തന്നെ യുക്രെയ്നെ സൈനികമായി തകർത്തുകളയാൻ ശേഷിയുള്ള വ്യോമാക്രമണമാണ് ഇപ്പോൾ ആ രാജ്യത്തിനെതിരെ റഷ്യ നടത്തുന്നത്. എന്തുകൊണ്ടായിരിക്കും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിരന്തരമായ അഭ്യർത്ഥനകൾക്കിടയിലും ആധുനിക വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്നു നൽകാതിരുന്നത്? തങ്ങൾ ചതിക്കപ്പെട്ടു എന്ന് യുക്രൈൻ പറയുന്നത് ഈ ആയുധമില്ലായ്മയും ചൂണ്ടിക്കാട്ടി കൊണ്ടാണ്.
മുൻനിര ലോക മഹാ ശക്തികളിലൊന്നായ റഷ്യയുടെ വ്യോമാക്രമണം പൂർത്തിയാവും മുൻപ് തന്നെ യുക്രെയ്ന്റെ പ്രതിരോധം ദുർബലമാവുമെന്നാണ് കരുതപ്പെടുന്നത്. 2014ൽ റഷ്യ ക്രീമിയ ആക്രമിച്ച് കീഴടക്കിയപ്പോൾ യുക്രെയ്ന് വ്യോമ പ്രതിരോധ സംവിധാനം നൽകണമെന്ന വാദം ശക്തമായിരുന്നു. 'പടിഞ്ഞാറൻ രാജ്യങ്ങളും നാറ്റോയും മറ്റു ലോകരാജ്യങ്ങളുമെല്ലാം ഇപ്പോൾ നഷ്ടമായ അവസരത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവാം. മറ്റൊരു തീരുമാനമായിരുന്നെങ്കിൽ എന്ന ചിന്ത എല്ലാവരേയും ബാധിക്കാനിടയുണ്ട്. നമ്മൾ മികച്ച ഒരു അവസരമാണ് നഷ്ടമാക്കിയത്' എന്നാണ് റഷ്യയുടെ 2014 ആക്രമണ സമയത്ത് നാറ്റോ കമാന്റായിരുന്ന റിട്ടയേഡ് എയർഫോഴ്സ് ജനറൽ ഫിലിപ്പ് ബ്രീഡ്ലൗവിനെ ഉദ്ധരിച്ച് എൻബിസിന്യൂസ് റിപ്പോർട്ടു ചെയ്തത്.
ബോംബർ വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും മറ്റ് മിസൈലുകളും ഉപയോഗിച്ച് വിപുലവും ശക്തവുമായ വ്യോമാക്രമണം റഷ്യ യുക്രെയ്നെതിരെ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ഫലപ്രദമായ മറുപടി യുക്രെയ്നില്ല. കര വഴിയുള്ള ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ റഷ്യക്ക് വലിയ മുൻതൂക്കമാണ് ഇത് നൽകുക. 2014ൽ ക്രീമിയ റഷ്യ കീഴടക്കിയശേഷം യുക്രെയ്ന് വ്യോമ പ്രതിരോധ സംവിധാനം നൽകണമെന്ന ആവശ്യം പിന്നീട് അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ഒബാമയും ട്രംപും നിരസിച്ചിരുന്നു. ഇക്കാര്യത്തിൽ മെല്ലെപോക്ക് നയമാണ് ബൈഡൻ ഭരണകൂടവും സ്വീകരിച്ചതെന്ന വിമർശവും സജീവമാണ്.
ഏതാണ്ട് ആറ് മാസം മുൻപാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് റഷ്യ യുക്രെയ്നതിരെ ആക്രമണം നടത്തുമെന്ന് സ്ഥിരീകരിക്കാവുന്ന വിവരം ലഭിക്കുന്നത്. ഈ ചുരുങ്ങിയ കാലത്തിനിടെ പാട്രിയറ്റ് മിസൈൽ പോലുള്ള വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ സൈന്യത്തിന് നൽകി പരിശീലിപ്പിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ സൈനിക വിദഗ്ദ്ധർ യുക്രെയ്ൻ സന്ദർശിച്ചിരുന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പോന്ന വ്യോമ പ്രതിരോധ സംവിധാനമില്ലെന്നായിരുന്നു അമേരിക്കൻ സൈനിക വിദഗ്ധരുടെ സംഘവും റിപ്പോർട്ട് നൽകിയത്.
റഷ്യക്കുണ്ടാവുന്ന പ്രകോപനം, അമേരിക്കൻ സാങ്കേതികവിദ്യ റഷ്യൻ കൈകളിലെത്തുമോ എന്ന ആശങ്ക, യുക്രെയ്ൻ സൈന്യത്തിന് ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമോ എന്ന സംശയം തുടങ്ങി നിരവധി കാരണങ്ങളാണ് അമേരിക്കൻ പ്രസിഡന്റുമാരെ വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന് കൈമാറുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. വ്യോമാക്രമണത്തെ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാനുള്ള ശേഷി യുക്രെയ്നുണ്ട്. അവരുടെ യൂറോപ്യൻ പങ്കാളികളായ ലിത്വാനിയയും ലാത്വിയയും ഭൂമിയിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ കഴിഞ്ഞ മാസമാണ് യുക്രെയ്ന് നൽകിയത്.
1980കളിൽ റഷ്യക്കെതിരെ അഫ്ഗാനിസ്ഥാനിൽ മുജാഹിദീൻ ഉപയോഗിച്ച അമേരിക്കൻ നിർമ്മിത ആയുധമാണിത്. സിഐഎ കൈമാറിയ ഈ ആയുധങ്ങൾ പിന്നീട് അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാവുകയും ചെയ്തു. യുക്രെയ്നിൽ വ്യോമാക്രമണം തുടർന്നാൽ കുറച്ച് പോർവിമാനങ്ങളെയെങ്കിലും ഇത്തരം മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ സൈന്യത്തിന് തകർക്കാനായേക്കും. പ്രത്യേകിച്ച് യുദ്ധമേഖലയിലെ വ്യോമ നിയന്ത്രണത്തിൽ റഷ്യൻ പൈലറ്റുമാർക്ക് അനുഭവപരിചയം കുറവാണെന്ന വിലയിരുത്തലുള്ളപ്പോൾ. അതേസമയം ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെങ്കിൽ യുക്രെയ്ൻ പ്രതിരോധം കൂടുതൽ ദുർബലമാകും. ശക്തമായ റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്ൻ സൈന്യത്തിന് അടിതെറ്റിയാൽ കര സേനക്ക് വളരെയെളുപ്പത്തിൽ യുക്രെയ്ൻ അധിനിവേശം നടത്താനും സാധിക്കും.
റഷ്യയ്ക്കൊപ്പം ചൈന, ഒപ്പം ഉത്തരകൊറിയയും ബെലാറൂസും കിർഗിസ്ഥാനും
റഷ്യൻ ആക്രമണത്തെ പിന്തുണച്ചു കൊണ്ടു രംഗത്തുവന്നിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ ചൈനയാണ്. തങ്ങളുടെ അധിനിവേശങ്ങലെ ഭാവിയിൽ ന്യായീകരിക്കാനുള്ള മാർഗ്ഗം ലഭിക്കുമെന്നതാണ് റഷ്യ ചൈനീസ് അധിനിവേശത്തെ പിന്തുണയ്ക്കാൻ കാരണം. രാജ്യാന്തര രാഷ്ട്രീയത്തിലെ വിവാദ കക്ഷിയായ ഉത്തരകൊറിയയനും റഷ്യയ്ക്കു പിന്തുണയുമായുണ്ട്. ചൈനീസ് താൽപര്യങ്ങളോട് ചേർന്നു പോകുന്ന രാഷ്ട്രീയം ഉത്തര കൊറിയ പുലർത്തുന്നതിനാലാണിത്.
ചൈനയിൽ നിന്നാണു നിലവിൽ റഷ്യയ്ക്ക് ഏറ്റവും ശക്തമായ പിന്തുണ ലഭിക്കുന്നതെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. യുക്രെയ്നിൽ യുദ്ധം തുടങ്ങുന്നതിനു മുൻപ് പുടിൻ ബെയ്ജിങ്ങിൽ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. ചൈനയുടെ പിന്തുണ ഉറപ്പിക്കാനുള്ള ഒരു നീക്കം കൂടിയായാണ് ഈ ശ്രമം വിലയിരുത്തപ്പെട്ടത്.
അർമീനിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ബെലാറൂസ് എന്നീ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും റഷ്യയെ ശക്തമായി പിന്തുണയ്ക്കുന്നു. നാറ്റോയുടെ മാതൃകയിൽ കലക്ടീവ് സെക്യുരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ) എന്ന സഖ്യയവും റഷ്യയമായി ചേർന്ന് ഈ രാജ്യങ്ങൾക്കുണ്ട്. ഇറാനും റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ട്.
അതേലമയം സ്വാഭാവികമായും റഷ്യയെ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യം യുക്രെയ്ൻ കഴിഞ്ഞാൽ പിന്നെ യുഎസ് ആണ്. നേരിട്ടു റഷ്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങില്ലെന്നു യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുക്രയ്ൻ ആയുധമുൾപ്പെടെ മറ്റു പിന്തുണ നൽകും. നാറ്റോയിലെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ആക്രമണത്തിനെതിരാണ്. എന്നാൽ യുഎസിനെപ്പോലെ ശക്തമായ എതിർസ്വരത്തിനു പകരം വളരെ തന്ത്രപരമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മോസ്കോയിൽ നേരിട്ടെത്തി പുടിനുമായി ചർച്ച നടത്തിയിരുന്നു. ജർമൻ ചാൻസലറും ഈ പാത സ്വീകരിച്ചു. എങ്കിലും നാറ്റോ സേന യുക്രെയ്നു ശക്തമായ പിന്തുണയുമായി പോളണ്ട്, ലിത്വാനിയ ഉൾപ്പെടെ സമീപ രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
എന്നാൽ റഷ്യ പോലൊരു വൻ ശക്തിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനു നാറ്റോ തയാറാകില്ലെന്നു തന്നെയാണു രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ. റഷ്യൻ പ്രകൃതിവാതക സമ്പത്തിനെ ആശ്രയിച്ചാണു യൂറോപ്പിൽ പല രാജ്യങ്ങളും നിൽക്കുന്നത്. എങ്കിൽ പോലും ബ്രിട്ടനുൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ നടപടിയെ നിശിതമായി വിമർശിക്കുന്നുണ്ട്.
യുഎന്നിനും തണുപ്പൻ മട്ട്
ലോകത്തെ ഞെട്ടിച്ച ആക്രമണാണ് യുക്രൈനിൽ ഉണ്ടായിരിക്കുന്നതെങ്കിലും യുണൈറ്റഡ് നേഷൻസിന് തണുപ്പൻ മട്ടാണ് ഇപ്പോഴും. നാറ്റോ പിന്നോട്ടു വലിഞ്ഞതോടെ യുഎന്നിനും യുക്രൈൻ വിഷയത്തിൽ താൽപ്ര്യം കുറവാണ്. യുക്രെയ്നിൽ പാശ്ചാത്യർ ഇടപെടരുതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആവർത്തിച്ചുള്ള കർശന നിലപാടാണ് യുക്രെയ്ൻ നിലപാടിൽനിന്ന് നാറ്റോയെ പിന്നോക്കം വലിച്ചതെന്ന് സൂചന. റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന സൂചന കിട്ടിയപ്പോൾ തന്നെ നാറ്റോ സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.
എന്നാൽ, യുക്രെയ്നിലേക്ക് നാറ്റോ ഉടൻ സൈന്യത്തെ അയയ്ക്കില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് വ്യാഴാഴ്ച വ്യക്തമാക്കിയത്. പ്രതിസന്ധി ചർച്ചചെയ്യാൻ വെള്ളിയാഴ്ച നാറ്റോ രാജ്യങ്ങൾ യോഗം ചേരും. യുക്രെയ്നിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിൽ യുഎസിന്റെയും യുഎന്നിന്റെയും ഇടപെടൽ ദുർബലമെന്നു രാജ്യാന്തര തലത്തിൽ വിമർശനം ശക്തമാണ്. കിഴക്കൻ യുക്രെയ്നിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നുവെന്ന റഷ്യയുടെ തീരുമാനം വന്നപ്പോൾ തന്നെ ദുർബലമായ ഉപരോധ പ്രഖ്യാപനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
വിഷയത്തിൽ ഇടപെടുമെന്ന് യുഎസ് ആവർത്തിക്കുന്നുണ്ടെങ്കിലും ഏതുതരം നടപടിയാണ് റഷ്യക്കെതിരെ ഉണ്ടാവുകയെന്ന് വ്യക്തമല്ല. അടിയന്തര യോഗം ചേർന്ന യുഎൻ രക്ഷാസമിതിയിൽ ലോകരാജ്യങ്ങളുടെ പിന്തുണ യുക്രെയ്ൻ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല.
മറുനാടന് ഡെസ്ക്