- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പാക് പട്ടാളം ബലാത്സംഗം ചെയ്തത് അഞ്ചുലക്ഷത്തോളം ബംഗാളി സ്ത്രീകളെ; ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല; ഒറ്റുകാരായി ജമാഅത്തുകാർ; ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനം നടത്തി യു.എസിനെ പോലും ഞെട്ടിച്ച ഇന്ദിര എന്ന ദുർഗ; 13 ദിവസം കൊണ്ട് ലോകഭൂപടത്തിൽ പുതിയൊരു രാജ്യമുണ്ടാക്കിയ മനേക് ഷാ; കീഴടങ്ങിയത് 93,000 പാക് സൈനികർ; ബംഗ്ലാദേശ് യുദ്ധത്തിന് അമ്പതുവർഷം പിന്നിടുമ്പോൾ
മഹാഭാരതയുദ്ധം തൊട്ടുള്ള എല്ലാ യുദ്ധങ്ങളിലും ആത്യന്തികമായി നിറയുന്നത് സ്ത്രീകളുടെ കണ്ണീരാണ്. ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട യുദ്ധം ഏതാണെന്ന് ചോദിച്ചാൽ, അത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ഒന്നുമല്ല. 1971ലെ ബംഗ്ലാദേശ് യുദ്ധമാണ്. ഇന്നത്തെ ബംഗ്ലാദേശ് എന്ന് അറിയപ്പെടുന്ന കിഴക്കൻ പാക്കിസ്ഥാനിലേക്ക് ഇരച്ചുകയറിയ പാക്കിസ്ഥാൻ സൈന്യം കൊലയേക്കാൾ ഏറെ ലക്ഷ്യമിട്ടതുകൊള്ളയും ബലാത്സംഗവും ആയിരുന്നു. യഹ്യാഖാന്റെ സൈന്യം ന്യൂനപക്ഷങ്ങളായ ഹിന്ദു പരുഷന്മാരെ തെരഞ്ഞെടുപടിച്ചാണ് കെട്ടിത്തൂക്കിയത്. സ്ത്രീകളെ ലൈംഗിക കളിപ്പാട്ടങ്ങളുമാക്കി. ലക്ഷക്കണക്കിന് ജനങ്ങൾ നിലവിളച്ചുകൊണ്ട് ഇന്ത്യയിലേക്ക് ഓടിയെത്തി.
ആ നിലവിളി കാണാതിരിക്കാൻ ഇന്ത്യക്കും ആയില്ല. ഇന്ദിരാഗാന്ധി ദുർഗായ നിമിഷം. മനേഷ്ഷാ എന്ന യുദ്ധവീരനായ ജനറലിന്റെ മികവിൽ വെറും 13ദിവസം കൊണ്ട് പാക് പട്ടാളത്തെ തുരത്തി ഇന്ത്യൻ സൈന്യം ബംഗ്ലാദേശിനെ രക്ഷിച്ചു. ഒന്നും രണ്ടുമല്ല 93,000 പാക് പട്ടാളക്കാരാണ് അന്ന് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ കീഴടങ്ങൽ. കഴിഞ്ഞവർഷം ലോകത്തിലെ ഏറ്റവും വലിയ സൈനിക വിജയങ്ങളെക്കുറിച്ച് ബി.ബി.സി എടുത്ത ഡോക്യുമെന്റിയിൽ രണ്ടാം സ്ഥാനം ബംഗ്ലാദേശ് യുദ്ധത്തിനായിരുന്നു. ഒന്നാമത് എത്തിയത് 1967ൽ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേനയെ വെറും ആറുദിവസം കൊണ്ട് ഇസ്രയേൽ കെട്ടുകെട്ടിച്ച യുദ്ധമായിരുന്നു!
1971 ഡിസംബർ 16. 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിൽ അന്നാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്. ഒരു അയൽക്കാന്റെ പിറവിക്ക്വേണ്ടി രണ്ട് അയൽക്കാർ നടത്തിയ യുദ്ധം എന്നാണ് ഇത്് പിന്നീട് അറിയപ്പെടത്ത്. ഓരോയുദ്ധങ്ങളും സമാധാനത്തെ പ്രസവിക്കുമെന്നാണെല്ലോ പറയുക. ചോരയിലുടെ ജനിച്ച ബംഗ്ലാദേശിനും ബംഗ്ലായുദ്ധത്തിനും ഇപ്പോൾ അമ്പതാണ്ട് പിന്നിടുകയാണ്.
അവഗണനയിൽ മനംനൊന്ത് പുതിയ രാഷ്ട്രം
'ഏറെ വേദയയോടെയാണ് ഞങ്ങൾ ഇന്ത്യാ-വിഭജന കരാർ അംഗീകരിച്ചത്. ഇതുപോലെ വിഭജിക്കപ്പെടുമ്പോഴായിരിക്കും അതിന്റെ വേദന എന്തെന്ന് പാക്കിസ്ഥാനും അറിയുക'-1947ൽ സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞ ആ വാക്കുകൾ സത്യത്തിൽ അറം പറ്റുകയായിരുന്നു. രാഷ്ട്രം മുറിക്കപ്പെടുന്നതിന്റെ വേദന എന്താണെന്ന് 1971ൽ പാക്കിസഥാൻ മനസ്സിലാക്കി. പക്ഷേ അതിനുള്ള കാരണവും അവർ തന്നെ സൃഷ്ടിച്ചതായിരുന്നു. നിരന്തരമായ അവഗണനയാണ് കിഴക്കൻ പാക്കിസ്ഥാനോട് മാതൃരാജ്യം കാണിച്ചത്.
1947 ഇന്ത്യ-പാക് വിഭജനസമയത്ത് ഭൂമിശാസ്ത്രപരമായി ബന്ധമില്ലാതിരുന്നിട്ടുകൂടി മുസ്ലിം ഭൂരിപക്ഷമേഖലയാണ് എന്ന കാരണം കൊണ്ട് കിഴക്കൻ ബംഗാളിനെക്കൂടി പാക്കിസ്ഥാന്റെ ഭാഗമാക്കി. 1600ലേറെ കിലോമീറ്ററായിരുന്നു കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും തമ്മിലുള്ള ദൂരം. മതപരമായ കാരണം അല്ലാതെ മറ്റെല്ലാത്തിനും ബംഗ്ലാദേശികൾക്ക് അടുപ്പം ഇന്ത്യയുമായിട്ടായിരുന്നു. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനും, ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാക്കിസ്ഥാനും തമ്മിൽ അന്നുമുതൽക്കേ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. കയറ്റുമതിവരുമാനത്തിന്റെ 70 ശതമാനവും സംഭാവനചെയ്തിട്ടും ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം മാത്രമായിരുന്നു കിഴക്കൻ മേഖലയ്ക്കായി അനുവദിച്ചിരുന്നത്. ഭരണത്തലപ്പത്തും മറ്റു പ്രധാനമേഖലകളിലും പടിഞ്ഞാറൻ പാക്കിസ്ഥാൻ ആധിപത്യം സ്ഥാപിച്ചതോടെ കിഴക്കൻ മേഖലയിൽ പ്രക്ഷോഭവും തുടങ്ങി.
1948 കറാച്ചിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽവെച്ച് ഉറുദു ഔദ്യോഗികഭാഷയായി പാക്കിസഥാൻ പ്രഖ്യാപിച്ചു. ബംഗാളിഭാഷയെ സ്കൂളുകളിൽ പഠിപ്പിക്കാൻ തയ്യാറായില്ലെന്നുമാത്രമല്ല, കറൻസിനോട്ടുകളിൽനിന്നും സ്റ്റാമ്പുകളിൽനിന്നുംവരെ ബംഗാളിയെ ഒഴിവാക്കി. ഇതേത്തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിൽ 'ബംഗാളി ഭാഷാപ്രസ്ഥാനം' എന്നപേരിൽ പ്രക്ഷോഭമാരംഭിച്ചു.1956 വർഷങ്ങൾനീണ്ട സമരങ്ങൾക്കൊടുവിൽ ബംഗാളിഭാഷയെയും പാക്കിസ്ഥാൻ ഔദ്യോഗികഭാഷയായി അംഗീകരിച്ചു. പക്ഷേ അതാരു തുടക്കം മാത്രം ആയിരുന്നു.
1966 മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ അവാമി ലീഗ് പാർട്ടി ആറിന മുന്നേറ്റത്തിന് തുടക്കംകുറിച്ചു. കിഴക്കൻ പാക്കിസ്ഥാനെ ഫെഡറൽ സ്റ്റേറ്റായി പ്രഖ്യാപിക്കുക, പ്രത്യേക കറൻസിയും സാമ്പത്തികനയങ്ങളും അനുവദിക്കുക, പ്രത്യേക സൈന്യവും നാവികസേനയും അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. സമരത്തിന് നേതൃത്വം നൽകിയ മുജീബുർ റഹ്മാനെ പാക് പ്രസിഡന്റ് അയൂബ് ഖാൻ ജയിലിലടച്ചു.1970 നവംബറിൽ കിഴക്കൻ പാക്കിസ്ഥാനിലുണ്ടായ 'ഭോല' ചുഴലിക്കാറ്റിൽ മൂന്നുമുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ, ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പടിഞ്ഞാറൻ നേതൃത്വം സഹകരിച്ചതേയില്ല. ഒരു ഹെലികോപ്റ്റർ മാത്രമാണ് യഹ്യഖാൻ അനുവദിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനംചെയ്തെങ്കിലും സ്വീകരിക്കാൻ യഹ്യഖാൻ തയ്യാറായില്ല. ഇത് ബംഗ്ലാദേശിൽ വ്യാപക അസംതൃപ്തിയുണ്ടാക്കി. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്.
തെരഞ്ഞെടുപ്പ് ജയിച്ചിട്ടും അധികാരമില്ല
1970 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവാമി ലീഗ് വൻഭൂരിപക്ഷം നേടി. കിഴക്കൻ പാക്കിസ്ഥാനിലെ 160 സീറ്റിൽ 160ലും അവാമി പാർട്ടി ജയിച്ചു. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ 138 സീറ്റിൽ 81 ഇടത്ത് സുൾഫിക്കർ അലി ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചു. കേവലഭൂരിപക്ഷമായ 150 സീറ്റിലേറെ നേടിയതോടെ മുജീബുർ റഹ്മാൻ പാക് പ്രധാനമന്ത്രിയാകുമെന്ന സ്ഥിതിവന്നു. എന്നാൽ, പുതിയ പാർലമെന്റ് അധികാരത്തിലേറുന്നത് യഹ്യഖാൻ നീട്ടിവെച്ചു. സമവായചർച്ചയിൽ ഫലം കാണാതായതോടെ മുജീബുർ റഹ്മാനെയും സുൾഫിക്കർ അലി ഭൂട്ടോയെയും യഹ്യഖാൻ ജയിലിലടച്ചു.
മുജീബുർ റഹ്മാനെ ജയിലിലടച്ചതിൽ കിഴക്കൻ പാക്കിസ്ഥാനിൽ വലിയ പ്രക്ഷോഭങ്ങളാരംഭിച്ചു. കിഴക്കൻ പാക്കിസ്ഥാൻ സ്വതന്ത്രരാകുകയാണെന്ന് അവാമി ലീഗ് പ്രഖ്യാപിച്ചു. സമരങ്ങളെ നേരിടാൻ യഹ്യഖാൻ കിഴക്കൻ പാക്കിസ്ഥാനിലേക്ക് പാക് പട്ടാളത്തെ അയച്ചു. 'ഓപ്പറേഷൻ സെർച്ച് ലൈറ്റ് ' എന്നപേരിൽ നടന്ന സൈനികനടപടിയിൽ പത്തുലക്ഷത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടു. ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ, സമരനേതാക്കൾ തുടങ്ങിയവരെയും ഹിന്ദുക്കളെയും സൈന്യം തിരഞ്ഞുപിടിച്ചു വകവരുത്തി. അഞ്ചുലക്ഷത്തോളം ബംഗാളിസ്ത്രീകൾ ബലാത്സംഗത്തിനിരയായി. പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക് സൈനികരെ ഇറക്കി. ഇതറിഞ്ഞ ഇന്ത്യ നമ്മുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് പറക്കാൻ അനുവാദം നിഷേധിച്ച.
കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് വലിയതോതിലുള്ള അഭയാർഥിപ്രവാഹത്തിന് ഇന്ത്യ സാക്ഷ്യംവഹിച്ചു. ഒരുകോടിയിലേറെ ബംഗാളികളാണ് ഇന്ത്യയിൽ അഭയം തേടിയത്. ഇതേത്തുടർന്നാണ് വിഷയത്തിൽ ഇന്ത്യ പ്രത്യക്ഷത്തിൽ ഇടപെടലാരംഭിച്ചത്.
ഒറ്റുകാരായി ജമാഅത്തെ ഇസ്ലാമി
കറുത്ത ബംഗ്ലാദേശികൾ ഞങ്ങളെ ഭരിക്കുകയോ എന്ന തീർത്തു വംശീയമായ മുദ്രാവക്യമാണ് എന്ന് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉയർന്ന് കേട്ടത്്. എന്നാൽ കിഴക്കൻ പാക്കിസ്ഥാനിൽ ആവട്ടെ, ബംഗ്ലാദേശ് വിമോചനം ആവശ്യപ്പെട്ട് , ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാല വൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി. മാറിനിന്ന ആ ഒരുകൂട്ടർ ജമാഅത്തെ ഇസ്ലാമി ആയിരുന്നു. ഇന്ന് സൗമ്യതയുടെ മൂട് പടം ഇട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വരുന്ന ജമാഅത്ത് / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ് വേർഷൻ ആയിരുന്നു അത്. കാരണം പാക്കിസ്ഥാൻകാരനായ സയ്യിദ് അബുൾ അലാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. മൗദൂദിക്ക് കൂറ് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട് മാത്രമാണു. സ്വാഭാവികമായും മൗദൂദിക്ക് മമത ഉള്ളിടത്തേക്ക് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയും കൂറ് കാണിച്ചു. പിന്നീട് ബംഗ്ലാദേശിൽ കണ്ടത് ആധുനിക ലോകം കണ്ടതിൽ വെച്ച ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു.
അനൗദ്യോഗികമായി 10 മുതൽ 20 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. 5 ലക്ഷത്തോളം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുമ്പോൾ, ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ 'റസാക്കർ '( വളണ്ടിയർ) എന്ന പേരിൽ സംഘടനയുണ്ടാക്കി പാക്കിസ്ഥാൻ സൈനികരെ ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിക്കയായിരുന്നു. അവർക്ക് ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ. ഹിന്ദുക്കളെ തെരഞ്ഞെുപിടിച്ചാണ് കൊന്ന് കെട്ടിത്തൂക്കിയത്.
2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക് ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ' ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ' യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത് ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു. ജമാഅത്ത് അസിസ്ടന്റ്റ് അമീർ, അബ്ദുൽ ഖാദിർ മുല്ല അറിയപ്പെട്ടിരുന്നത് തന്നെ ' മിർപൂരിലെ കശാപ്പ് കാരൻ ' എന്ന പേരിൽ ആയിരുന്നു . മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്സൻ മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട് ജമാഅത് നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട് നീതി പുലർത്തി. (കേരള ജമാഅത് ഇസ്ലാമിയും മാധ്യമം പത്രവുമൊക്കെ ഇവരെ 'രക്തസാക്ഷികളായ് 'ഏറ്റെടുത്തു' എന്നതും മറന്നുപോകരുത്.)
ഒടുവിൽ ഇന്ത്യ യുദ്ധരംഗത്തേക്ക്
അഭയാർഥി പ്രവാഹം പൊട്ടിപ്പുറപ്പെടുംവരെ നിഷ്പക്ഷനിലപാടായിരുന്നു സ്വീകരിച്ചത്. നയതന്ത്രതലത്തിലും സാമ്പത്തികമായും പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തുക എന്ന നയമായിരുന്നു ആദ്യം ഇന്ത്യ സ്വീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എന്നിലടക്കം വിഷയമുന്നയിച്ചു. ഇവയൊന്നും ഫലംകാണാതായതോടെ ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനൊപ്പമാണെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരേ കിഴക്കൻ മേഖലയിൽ രൂപംകൊണ്ട വിമതസംഘടനയായ 'മുക്തിബാഹിനി'ക്ക് ഇന്ത്യ പരിശീലനം നൽകാനാരംഭിച്ചു.
1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമതാവളങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ചെങ്കിസ് ഖാൻ' എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാക്കിസ്ഥാന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാക്കിസ്ഥാന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാക്കിസ്ഥാന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാക്കിസ്ഥാനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവുനൽകിയതോടെ 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.
1971 ഡിസംബർ 16.13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. അന്നത്തെ പാക് സൈനികമേധാവി ജനറൽ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡ് ചീഫ് ലെഫ്. ജനറൽ ജെ.എസ്. അറോറയ്ക്കുമുന്നിൽ കീഴടങ്ങി. രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയേറെപ്പേർ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്നുസേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യത്തെ യുദ്ധംകൂടിയായിരുന്നു അത്. പാക്കിസ്ഥാൻ കീഴടങ്ങിയതോടെ കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു.
ദുർഗയായി ഇന്ദിര
രാഷ്ട്രീയ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാൻ കഴിയുന്നവർക്കാണ്് ചരിത്രം തിരുത്താൻ കഴിയുക. അതുപോലെ ഒരാൾ ആയിരുന്നു ഇന്ദിരാഗാന്ധിയെന്ന ഇന്ത്യൻ അയേൺ ലേഡി. 1967-ൽ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുർഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കുമൊടുവിൽ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂർമബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയവഴിയൊരുക്കുകയായിരുന്നു.
ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തി 1971 മാർച്ച് 18ന് വൻഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ കിഴക്കൻ പാക്കിസ്ഥാനിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂർധന്യത്തിലെത്തിയിരുന്നു. സമ്മർദംചെലുത്തി കിഴക്കൻ പാക്കിസ്ഥാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ യു.എസ്. അടക്കമുള്ള അന്താരാഷ്ട്രശക്തികളോട് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ദിരയോട് അകാരണമായ അനിഷ്ടം പുലർത്തിയിരുന്നു അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 'ആ സ്ത്രീ' എന്നാണ് ഇന്ദിരയെ സംബോധന ചെയ്തിരുന്നത്. മറുഭാഗത്ത് പാക്കിസ്ഥാൻ സൈനിക ജനറൽ യഹ്യാ ഖാനോട് എന്തെന്നില്ലാത്ത സൗഹൃദവും. ജൂലായ് ആദ്യവാരം അന്നത്തെ യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസ്സിൻജർ ഇന്ത്യ സന്ദർശിച്ചവേളയിൽ ഇന്ദിര അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. കിസ്സിൻജറിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് കരസേനാ മേധാവി മനേക് ഷായെക്കൂടി ഇന്ദിര ക്ഷണിച്ചിരുന്നു.
സൈനിക യൂണിഫോമിൽതന്നെ ഷാ എത്തണമെന്ന് ഇന്ദിര ശഠിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ കിഴക്കൻ പാക്കിസ്ഥാൻ ജനതയുടെ ജനാധിപത്യപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ യു.എസ്. പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും അഭയാർഥിപ്രശ്നം ഇന്ത്യയുടെ കൈവിട്ടുപോകുകയാണെന്നും ഇന്ദിര കിസ്സിൻജറിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഒരുറപ്പും നൽകാനാവില്ലെന്നായിരുന്നു കിസ്സിൻജറുടെ മറുപടി. അങ്ങനെയെങ്കിൽ, കിഴക്കൻ പാക്കിസ്ഥാനിൽ സൈനിക ഇടപെടൽ നടത്താൻ മനേക് ഷായോട് ആവശ്യപ്പെടുമെന്ന് ഇന്ദിര അതേനാണയത്തിൽ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽനിന്ന് പാക്കിസ്ഥാനിലേക്കാണ് കിസ്സിൻജർ പോയത്. അവിടെനിന്ന് രഹസ്യമായി ചൈനയിലെ പീക്കിങ്ങിലേക്കും. ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരുമാസത്തിനുള്ളിൽ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ബംഗാൾ ഉൾക്കടലിൽ യു.എസ്. തങ്ങളുടെ കപ്പൽപ്പടയെ വിന്യസിച്ചപ്പോൾ വ്ലാഡിവൊസ്തോക്കിൽനിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധശേഷിയുള്ള കപ്പൽവ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനികനീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റുയൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.
ഇന്ത്യ സംയമനംപാലിക്കണമെന്നും പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്നും പറഞ്ഞവരോട് ഇന്ദിരയുടെ മറുപടി ഇതായിരുന്നു: 'ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കമല്ല. ചർച്ച നടക്കേണ്ടത് പാക്കിസ്ഥാന്റെ പ്രസിഡന്റും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ അവാമിലീഗും തമ്മിലാണ്'. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനും ഇന്ദിര മറന്നില്ല. ബി.ബി.സി.യിൽ ജൊനാഥൻ ഡിംബിൾബിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ സംയമനം പാലിക്കാത്തതെന്തെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് 'ഹിറ്റ്ലർ വംശഹത്യ നടത്തുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ യഹൂദന്മാർ മരിച്ചോട്ടെയെന്നും ജർമനിയുമായി സമാധാനചർച്ച നടത്തൂവെന്നും ആവശ്യപ്പെടാതിരുന്നത്' എന്ന് തിരിച്ചടിച്ചു.
ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തുമ്പോൾ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. അർധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പാക്കിസ്ഥാനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവർ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.
കരസേനയ്ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തിൽ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നൽകി. ഒടുവിൽ രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകൾ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുർഗ'യെന്ന് പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോൾ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.
മനക്കരുത്തിന്റെ മനേക് ഷാ
ഇന്ദിരകൊപ്പം അനുസ്മരിക്കപ്പെടണ്ടേ പേരാണ് ജനറൽ മനേക് ഷായുടേതും. 1971ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്തെ ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന മനേക് ഷാ. അഞ്ച് യുദ്ധങ്ങൾ കണ്ട, നാലുപതിറ്റാണ്ട് സൈനികസേവനം നടത്തിയ സാം ബഹാദൂർ എന്ന് വിളിപ്പേരുള്ള ഫീൽഡ് മാർഷൽ ഹോർമുസ്ജി ഫ്രാമ്ജി ജംഷഡ്ജി മനേക് ഷാ. പതിമ്മൂന്നു ദിവസംകൊണ്ട് ലോകഭൂപടത്തിൽ ബംഗ്ലാദേശ് എന്ന ഒരു പുതിയ രാജ്യമുണ്ടാക്കിയ ജേതാവ്. നെഹറുവിന്ശേഷം ഇന്ദിരാഗാന്ധിയുമായി മികച്ച വ്യക്തിബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ''അവർ എന്നെ വിശ്വസിച്ചിരുന്നു. താനവരെയും. വിമർശനങ്ങൾപോലും തുറന്നുപറയാവുന്ന ബന്ധം... ഞാൻ അവരെ കാണുമ്പോൾ സ്വീറ്റി എന്നുവിളിക്കും. അവർ എന്നെ സാം എന്നും''.- മനേക്ഷാ ഒരിക്കൽ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് സൈന്യം സജ്ജമാണോയെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോൾ, അനവസരത്തിൽ ആക്രമിച്ചാൽ പരാജയമായിരിക്കും ഫലമെന്ന് ചൂണ്ടിക്കാട്ടി തയ്യാറെടുപ്പിന് സമയം ചോദിക്കുകയായിരുന്നു മനേക് ഷാ. കിഴക്കൻ പാക്കിസ്ഥാനിലെ ആഭ്യന്തരകലാപങ്ങൾകാരണം ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും അഭയാർഥികളുടെ പ്രവാഹമായിരുന്നു. അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ടെലിഗ്രാം സന്ദേശങ്ങൾ മുന്നിൽവച്ചാണ് ഇന്ത്യൻസൈന്യം കിഴക്കൻ പാക്കിസ്ഥാനിലേക്ക് കടക്കണമെന്ന് ഇന്ദിരാഗാന്ധി മനേക് ഷായോട് നിർദ്ദേശിച്ചത്. പ്രധാനമന്ത്രി ഉദ്ദേശിച്ചത് യുദ്ധമാണോ? മനേക് ഷായുടെ ചോദ്യത്തിന്, 'യുദ്ധമെങ്കിൽ യുദ്ധം' എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി.
കാബിനറ്റ് മീറ്റിങ്ങിനുശേഷം ഇന്ദിരാഗാന്ധിയോട് സാം മനേക് ഷാ പറഞ്ഞു: ''യുദ്ധം ചെയ്യുക എന്റെ ജോലിയാണ്. പക്ഷേ, യുദ്ധത്തിനുപോയാൽ വിജയിക്കണം''. ചിരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''എനിക്കുവേണ്ടത് തനിക്കറിയാമല്ലോ?''. ''അറിയാം, പ്രധാനമന്ത്രിക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം. പക്ഷേ, ഏപ്രിൽ മാസങ്ങളിൽ ഹിമാലയൻചുരങ്ങൾ തുറക്കുന്ന സമയം ചൈനീസ് അതിർത്തിയിൽ കൂടുതൽ ശ്രദ്ധവേണം. മാത്രമല്ല, അക്കാലം കിഴക്കൻ ബംഗാളിൽ മഴക്കാലമാണ്. സൈനികനീക്കത്തിന് അനുയോജ്യമായ സമയമല്ലിത്''. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വ്യോമസേനയ്ക്കും സഹായമെത്തിക്കാൻ തടസ്സം നേരിടും. കാത്തിരിക്കണം -ഇതാണ് സാം മനേക് ഷാ പ്രധാനമന്ത്രിയോട് സമയമാവശ്യപ്പെടാനുള്ള കാരണം.
പ്രധാനമന്ത്രിക്ക് ആദ്യം അതുൾക്കൊള്ളാൻ ആയില്ലെന്നുതോന്നിയപ്പോൾ മനേക് ഷാ പറഞ്ഞു: ''പ്രധാനമന്ത്രി, താങ്കൾ സംസാരിക്കാൻ വാതുറക്കുന്നതിന് മുമ്പുതന്നെ ഞാൻ എന്റെ രാജിക്കത്ത് അയക്കട്ടെ. മാനസികമോ ശാരീരികമോ ആയ കാരണങ്ങളാൽ''. ഇതേത്തുടർന്ന്, തന്റെ നിർദ്ദേശം ഇന്ദിരാഗാന്ധി അംഗീകരിച്ചെന്ന് സാം മനേക് ഷാ പറയുന്നു. ഒമ്പതുമാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക് ഷായുടെ പ്രശസ്തമായ ആ മറുപടി: ''ഐ ആം ആൾവേയ്സ് റെഡി സ്വീറ്റി''. യുദ്ധം ആരംഭിക്കേണ്ടത് എപ്പോഴെന്ന് രാഷ്ട്രീയനേതൃത്വത്തോട് നിർദ്ദേശിക്കാനുള്ള പ്രൊഫഷണൽ നേതൃത്വമികവ് സാം മനേക് ഷായ്ക്കുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനുമായി മനേക് ഷായ്ക്കുണ്ടായിരുന്ന അകൽച്ചയും വിവാദങ്ങളുമെല്ലാം മനേക് ഷായുടെ ഈ തന്റേടത്തിന്റെ പ്രതിഫലനമായിരുന്നു.
മനേക് ഷായും വാക്കുപാലിച്ചു. 1971 ഡിസംബർ നാലിന് ബംഗ്ലാദേശ് യുദ്ധം തുടങ്ങി. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമ്മൂന്നാം നാൾ ധാക്കയിൽ ഇന്ത്യൻപതാക പാറിപ്പറന്നു. പാക്കിസ്ഥാനിൽനിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു. കീഴടങ്ങാൻ നിർദ്ദേശിച്ച്, പാക്കിസ്ഥാൻ സൈനികരോടുള്ള മനേക് ഷായുടെ സന്ദേശവും ഇതായിരുന്നു, ''എന്തിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തണം. നിങ്ങൾക്ക് വീടുകളിൽ തിരികെപ്പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ. ഒരു ഭടനുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുന്നതിൽ ഒരഭിമാനപ്രശ്നവുമില്ല. ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങൾക്ക് ലഭിക്കും''.
വിഭജനസമയത്ത് മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആർമിയുടെ 12-ാം ഫ്രണ്ടിയർ ഫോഴ്സ് റെജിമെന്റിന്റെ നാലാം ബറ്റാലിയൻ പൂർണമായും പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗമായിമാറി. പാക്കിസ്ഥാൻ ആർമിയിൽ തുടരണമെന്ന് മുഹമ്മദലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂർഖാ റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറാവുകയാണ് ചെയ്തത്. പാക്കിസ്ഥാൻ ആർമിയിലാണ് പോയിരുന്നതെങ്കിൽ എന്തുസംഭവിക്കുമായിരുന്നുവെന്ന് ഒരിക്കൽ മനേക് ഷായോട് ആരോ ചോദിച്ചു. 'എന്നാൽ, എല്ലാ യുദ്ധങ്ങളും പാക്കിസ്ഥാൻ ജയിക്കുമായിരുന്നു' എന്നായിരുന്നു മനേക് ഷായുടെ മറുപടി. പക്ഷേ ഇത് വ്യാജമാണെന്നും മനേക് ഷാ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 1973-ൽ വിരമിച്ചതിനുശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 27ന് മനേക് ഷാ മരിച്ചിട്ട് 12 വർഷം തികഞ്ഞു.
ബംഗ്ലാദേശ് പുരോഗമിക്കുന്നു... പക്ഷേ
സത്യത്തിൽ ബംഗ്ലാദേശിന്റെ തലതൊട്ടപ്പൻ ഇന്ത്യയാണ്. ആ നിലക്ക് ആ രാജ്യവും ഇന്ത്യയും തമ്മിൽ ഊഷ്മളമായ ബന്ധമാണ് ഉണ്ടാവേണ്ടിയിരുന്നത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ചൈനയുമായിട്ടാണ് ബംഗ്ലാദേശ് അടുത്ത ബന്ധം സൂക്ഷിക്കുന്നു. അവിടെ പ്രബലരായ മതമൗലികവാദികൾ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ അമ്പലങ്ങൾ തകർക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നത് പതിവായിരിക്കയാണ്.
ഏഷ്യയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വളർച്ചയുള്ള രാജ്യമാണ് ബംഗ്ലാദേശ്. 1971 ൽ സ്വാതന്ത്ര്യം നേടുമ്പോൾ പൂജ്യത്തിനും താഴെ -14 ശതമാനമായിരുന്നു ഈ മൊത്ത ആഭ്യന്തര ഉൽപാദനം. ഇന്നത് ശരാശരി 8 ശതമാനമാണ്. ഏഷ്യൻ ശരാശരിയേക്കാൾ കൂടുതലാണ് വളർച്ചാ നിരക്ക്. ജനസംഖ്യാ വളർച്ചാ നിരക്കും കുറവാണ്. ഇത് പ്രതീശീർഷ വരുമാനം കൂടുന്നതിന് സഹായിക്കുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ ബംഗ്ലാദേശിലെ ആയുർദൈർഘ്യം 39 വയസായിരുന്നു. ഇന്നത് 73 ആണ്. ഇന്ത്യയിൽ ശരാശരി ആയുർദൈർഘ്യം 71 വയസ് ആണെന്ന് കൂടി ഓർക്കണം.2010 ൽ ദാരിദ്ര്യരേഖക്ക് താഴെ ജീവിച്ചിരുന്ന തൊഴിലാളികളുടെ എണ്ണം 73.5 ശതമാനമായിരുന്നു. അത് 10.4 ശതമാനത്തിലേക്ക് കുത്തനെ താഴ്ത്താൻ ബംഗ്ലാദേശിന് സാധിച്ചു.
2018-19ലെ ബംഗ്ലാദേശിന്റെ ജിഡിപി 8.15 ശതമാനമാണ്. ഇന്ത്യയുടേത് വെറും 7.1 ശതമാനവും. ഇന്ത്യയേക്കാളും ഏതാണ്ട് ഇരട്ടി വളർച്ചയുള്ള രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നു എന്ന വാദത്തെ ബംഗ്ലാദേശ് സർക്കാർ തള്ളുകയാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കെതിരേയുള്ള ഇന്ത്യയുടെ പ്രചാരണങ്ങൾ ബംഗ്ലാദേശിൽ പരാജയപ്പെട്ടുപോയിരുന്നു. ധാക്കയെ രാജ്യത്തിന്റെ തെക്കൻ മേഖലയിലെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പത്മ പാലമെന്ന സ്വപ്നപദ്ധതി പൂർത്തിയായിക്കൊണ്ടിരിക്കയാണ്. ചൈന റെയിൽവേ മേജർ എൻജിനിയറിങ് ഗ്രൂപ്പ് കമ്പനി നിർമ്മിക്കുന്ന, ബംഗ്ലാദേശ് ചരിത്രത്തിലെതന്നെ ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പത്മ പാലം അടുത്ത ജൂണിൽ ശൈഖ് ഹസീന ഉദ്ഘാടനംചെയ്യുമെന്നാണ് അറിയുന്നത്.
എന്നിരുന്നാലും സാമ്പത്തികമായി ബംഗ്ലാദേശ് ഏറെ പുരോഗമിച്ചുവെന്നത് സത്യമാണ്. ബി.ബി.സി ലേഖകൻ സി ഭാസ്ക്കര ഇങ്ങനെ എഴുതുന്നു-'ഇന്ത്യ താഴേക്കുപോകുംതോറും, ബംഗ്ലാദേശ് സ്വന്തം പാത കണ്ടെത്തുകയും മെച്ചപ്പെടുന്ന വികസനസൂചികകളിലൂടെ ദക്ഷിണേഷ്യയിൽ ഏറ്റവും പുരോഗമിക്കുന്ന രാജ്യമെന്ന നിലയിലേക്ക് മുന്നേറുകയും ചെയ്യുന്നു. ആ രാജ്യത്തെ പതിനാറരക്കോടി ജനങ്ങൾക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണിത്. 1971 മാർച്ച് 25ന് രാത്രി അറസ്റ്റിലാകുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് തങ്ങളുടെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്മാൻ പറഞ്ഞ വാക്കുകൾ ഉൾക്കൊണ്ടാണ് ആ രാജ്യം മുന്നോട്ടുപോകുന്നത്. ''ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു, ഇനി പോകൂ... അത് സംരക്ഷിക്കൂ'' എന്ന വാക്കുകളെ.'
വാൽക്കഷ്ണം: തസ്ലീമ നസ്രീനെപ്പോലുള്ള എഴുത്തുകാർ പറയുന്നത് ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ അത് ബംഗ്ലാദേശ് ആണെന്നാണ്. യുക്തിവാദികളെയൊക്കെ പരസ്യമായി കഴുത്തരിഞ്ഞാണ് മതമൗലിക വാദികൾ കൊന്നൊടുക്കുന്നത്. അവശേഷിക്കുന്ന ഹിന്ദുക്കളും ക്രൈസ്തവർക്കും പീഡനം മാത്രമാണ് ബാക്കി. സഹികെട്ട് ഒടവിൽ ഷേക് ഹസീനതന്നെ പറഞ്ഞുപോയി, ഇത് ഇസ്ലാമിന് ഭൂരിപക്ഷമുള്ള രാഷ്ട്രമാണ് ഇവിടെ ഇങ്ങനെയേ നടക്കൂവെന്ന്. ആന്ത്യന്തികമായി ബംഗ്ലാദേശിന് കൂറ് ആ രാഷ്ട്രത്തിന്റെ പിറവിക്ക് കാരണമാക്കിയ ഇന്ത്യയോട് അല്ല ഇസ്ലാം എന്ന മതത്തോടാണ്. മത സോഫ്റ്റ്വെയർ എടുത്തുമാറ്റാൻ കഴിയാത്തിടത്തോളം കാലം രാഷ്ട്രങ്ങളുടെ അവസ്ഥയും ഇങ്ങനെയാക്കെ ആയിരിക്കും.