പത്തനംതിട്ട: നഗരസഭയിൽ ഭരണത്തിലേറാൻ സിപിഎമ്മിനെ സഹായിച്ച സ്വതന്ത്രന് പ്രത്യുപകാരമായി നൽകിയത് അനധികൃതമായി മണ്ണെടുക്കുന്നതിനുള്ള സഹായം. നഗരസഭയിലെ ധാരണകൾ അറിയാതെ, മണ്ണു കടത്തിയ വണ്ടി പൊലീസ് പിടിച്ചപ്പോൾ കൗൺസിൽ ഹാളിലിരുന്ന് സിപിഎം നേതാവിന്റെ വിളി. പിടികൂടിയ വണ്ടികളും വിട്ട് എസ്എച്ച്ഓ സ്ഥലം വിട്ടതിന് പിന്നാലെ വിവരം ജില്ലാ പൊലീസ് മേധാവിയുടെ കാതിലെത്തി. അദ്ദേഹത്തിന്റെ സ്‌ക്വാഡ് മുഴുവൻ വണ്ടികളും ജെസിബിയും കസ്റ്റഡിയിലെടുത്തു. മണ്ണ് കടത്തിന് ഉപയോഗിച്ചത് വ്യാജപാസെന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരുടെ വിശദീകരണം. വ്യാജരേഖ ചമച്ചതിന് കേസൊഴിവാക്കാൻ പൊലീസിന്റെ മേൽ സമ്മർദം.

തിങ്കളാഴ്ച രാവിലെ 11 ന് പുത്തൻ പീടികയ്ക്ക് സമീപം പ്രൊബേഷൻ എസ്‌ഐയാണ് അനധികൃത മണ്ണു കടത്ത് പിടികൂടിയത്. പത്തനംതിട്ട ഷട്ടർ മുക്കിന് സമീപത്ത് നിന്നാണ് അനധികൃത പാറപൊട്ടിക്കലും മണ്ണു കടത്തും നടന്നത്. ജില്ലാ പൊലീസ് മേധാവി, അഡി.എസ്്പി, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി എന്നിവർ സ്ഥലത്തില്ല എന്ന വിവരം അറിഞ്ഞാണ് മണ്ണു മാഫിയ ഉഷാറായത്.

29ാം വാർഡിൽ നിന്ന് കോൺഗ്രസിന്റെ വിമതനായി മത്സരിച്ച് വിജയിച്ച കെആർ അജിത്കുമാറാണ് മണ്ണെടുപ്പിന് ഒത്താശ ചെയ്തു കൊടുത്തത് എന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞിരുന്നു. നഗരസഭയിൽ ഇതേ സമയം നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈന് വേണ്ടി വോട്ട് ചെയ്യുകയായിരുന്നു അജിത്ത്. പ്രബേഷൻ എസ്‌ഐ വന്ന് വണ്ടി പിടിച്ചതിന് പിന്നാലെ എസ്എച്ച്ഓയ്ക്ക് ആണ് സിപിഎം കൗൺസിലർ കൂടിയായ നേതാവിന്റെ വിളി എത്തിയത്. ഇതു കേട്ട പാടെ വണ്ടികൾ വിട്ടയയ്ക്കാൻ എസ്എച്ച്ഓ നിർദ്ദേശം നൽകി. ഈ വിവരം എസ്‌പിയുടെ ശ്രദ്ധയിൽ വന്നു. അദ്ദേഹം ഉടൻ തന്നെ സ്വന്തം സ്‌ക്വാഡിനെ അയച്ച് ഏഴു ടിപ്പർ ലോറികളും ജെസിബിയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന പാസിൽ ജനുവരി ഒന്നു വരെ മണ്ണെടുക്കാനുള്ള തീയതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മൈനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസിൽ അന്വേഷിച്ചപ്പോൾ നാളെ വരെ മണ്ണെടുക്കുന്നതിനുള്ള പാസ് മാത്രമേ ഇതു വരെ അനുവദിച്ചിട്ടുള്ളൂവെന്ന് മനസിലായി. മാത്രവുമല്ല, ഇപ്പോൾ മണ്ണെടുത്ത സ്ഥലത്തേക്ക് പാസ് അനുവദിച്ചിട്ടുമില്ല. വടശേരിക്കര ഭാഗത്തേക്ക് കൊടുത്ത പാസിൽ കഴിഞ്ഞ 17 വരെയായിരുന്നു മണ്ണെടുക്കാൻ അനുവദിച്ചിരുന്നത്. അതിൽ തിരുത്തലുകൾ വരുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യാജ പാസ് തന്നെയാണെന്ന നിഗമനത്തിലാണ് മൈനിങ് ആൻഡ് ജിയോളജി അധികൃതർ. അനധികൃത ഖനനത്തിന് പുറമേ വ്യാജരേഖ ചമച്ചതിനും കേസെടുക്കേണ്ടതാണ്. സിപിഎം ഇടപെടൽ മൂലം വ്യാജരേഖ ചമച്ചത് ഒഴിവാക്കുമെന്നാണ് അറിയുന്നത്. എസ്‌പി ഇതിന് സമ്മതിച്ചിട്ടില്ല. ലോക്കൽ പൊലീസ് പാർട്ടിക്കാരുടെ സമ്മർദത്തിന് വഴങ്ങുമെന്നാണ് സൂചന.

യുഡിഎഫിനൊപ്പം ചേരാൻ നിന്ന വിമത കൗൺസിലർ അജിത്ത് കുമാറിനെ നിരവധി ഓഫറുകൾ കൊടുത്താണ് എൽഡിഎഫ് കൈയിലെടുത്തത്. അവിടെ താലികെട്ട് ഇവിടെ പാലു കാച്ചൽ എന്നു പറയുന്നതു പോലെ നഗരസഭയിൽ അജിത്ത് സിപിഎമ്മിനെ പിന്തുണച്ച് വോട്ടു ചെയ്യുമ്പോഴായിരുന്നു മണ്ണെടുപ്പ്. എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിൽ കയറിയ സിപിഎം ആകെ പെട്ടിരിക്കുമ്പോഴാണ് ഈ വിവാദവും വന്നിരിക്കുന്നത്.അനധികൃതമായി മണ്ണെടുത്തതിന് മാത്രമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിൽ നിന്നൊഴിവാക്കിയിട്ടുമുണ്ട്.