- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവിശ്വാസം പാതിരാത്രി വരെ നീട്ടിക്കൊണ്ടുപോയിട്ടും ഇമ്രാനെ രക്ഷിക്കാനായില്ല; പുറത്താക്കാൻ ആവിശ്യമുള്ളതിൽ രണ്ടുവോട്ടു കൂടുതൽ നേടി പ്രതിപക്ഷ സഖ്യം;ക്രിക്കറ്റിലൂടെ പ്രധാനമന്ത്രി കസേരയിലെത്തിയ ഇമ്രാൻഖാൻ പാതിരാത്രിയിൽ കസേര വിട്ടൊഴിഞ്ഞു; പകരം നവാസ് ഷെരിഫിന്റെ സഹോദരൻ താൽക്കാലിക ചുമതലയേൽക്കും
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാൻ ഖാൻ പുറത്തായി. പാക് ദേശീയ അസംബ്ലിയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായത്. ഭരണ കക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്ന് വിട്ടുനിന്നു.വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു.
നാടകീയമായ രംഗങ്ങൾക്കാണ് പാക്കിസ്ഥാൻ വേദിയായത്.വോട്ടെടുപ്പിന് തൊട്ടുമുൻപ് അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു.ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ ഇന്നു തന്നെ തിരഞ്ഞെടുത്തേക്കും. പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രിയാകുമെന്നാണു സൂചന.
എ്ന്നാൽ ഇമ്രാൻ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നേരത്തേ വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്കിസ്ഥാൻ സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ സമർപ്പിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെത്തുടർന്ന് അർധരാത്രി സുപ്രീം കോടതി പ്രത്യേക സിറ്റിങ്ങിനായി തുറന്നിരുന്നു. ഇതിനുശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
അവിശ്വാസ പ്രമേയ നടപടികൾക്കായി ഇന്നലെ രാവിലെ പാർലമെന്റ് ചേർന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാൻ ഖാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമർ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പാർലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.
വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദ്ദേശം നൽകി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിർണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളി.പാക്കിസ്ഥാനിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സർക്കാർ ഉത്തരവിട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്.
അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാൻ അധിക്ഷേപിക്കുന്നുവെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ തുറന്നടിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അർധരാത്രി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിൽ എത്തിയതോടെ ഇമ്രാൻ ഖാന്റെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയും നൽകി.
അവിശ്വാസ പ്രമേയത്തിൽ ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പുറത്ത് വൻ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. ഇതിനിടെ പാക് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന നീക്കത്തിൽ പ്രതിപക്ഷം കക്ഷി ചേർന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയിൽ വിമർശനവും ഉന്നയിച്ചു.
വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാക്കിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.
മറുനാടന് മലയാളി ബ്യൂറോ