- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാംഗോങ് തടാകക്കരയിലും റിസാങ് ലായിലും വൻകിട ആയുധങ്ങളുമായി അക്രമോത്സുകമായി നിലയുറപ്പിച്ച് ചൈനീസ് പട്ടാളം; പാംഗോങ്ങിലെ ഫിംഗർ നാലിൽ ഇന്ത്യൻ സൈന്യവും; അതിർത്തിയിൽ ചൈനയുടെ ഏതു നീക്കവും ശക്തമായി ചെറുക്കാനും യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമമുണ്ടായാൽ തിരിച്ചടിക്കാനും നിർദേശിച്ച് കേന്ദ്ര സർക്കാർ; നേപ്പാൾ-ഭൂട്ടാൻ അതിർത്തിയിലും അതീവ ജാഗ്രത; ഇന്ത്യാ-ചൈനാ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ യുദ്ധസമാന ജാഗ്രത. സംഘർഷം ലഘൂകരിക്കാൻ ബുധനാഴ്ചനടന്ന ബ്രിഗേഡ് കമാൻഡർതല ചർച്ചയിലും ധാരണയായില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ചർച്ച പൊളിയുന്നത്. ഏതുസ്ഥിതിഗതിയും നേരിടാൻ അതിർത്തിയിലുടനീളം സൈനികശക്തി വർധിപ്പിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.
കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ തന്ത്രപ്രധാന കുന്നുകൾ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കത്തിനു പിന്നാലെയാണ് സംഘർഷം തുടങ്ങുന്നത്. ശനി, ഞായർ ദിവസങ്ങളിലായി പാംഗോങ്, ചുഷൂൽ മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ പ്രകോപനപരമായ നടപടി ചെറുക്കവേ ഇന്ത്യയുടെ പ്രത്യേക സേനയിലെ ടിബറ്റൻ സൈനികൻ മരിച്ചതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
പാംഗോങ് തടാകക്കരയിലും റിസാങ് ലായിലും ചൈനീസ് പട്ടാളം വൻകിട ആയുധങ്ങളുമായി അക്രമോത്സുകമായി നിൽക്കുകയാണ്. ഇന്ത്യയും പ്രത്യേക സൈന്യത്തെ അത്യാധുനിക യുദ്ധോപകരണങ്ങളോടെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് ടാങ്കുകളും ടാങ്ക്വേധ മിസൈലുകളും കൂടുതൽ സൈനികരെയും എത്തിച്ചു. ജൂൺ 15-ന് ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ സംഭവത്തിനുശേഷം ആദ്യമായാണ് ചൈനീസ് സൈന്യം ഇത്രയും വലിയ നീക്കംനടത്തുന്നത്.
പാംഗോങ്ങിലെ ഫിംഗർ നാലിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകതീരത്തെ യഥാർഥ നിയന്ത്രണരേഖയിൽ ഉയർന്ന മേഖലയിലാണ് സൈനിക വിന്യാസം. ജൂൺ ആദ്യവാരത്തെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻസേന ഫിംഗർ നാലിൽ എത്തിയത്. ഏപ്രിലിൽ തടാകത്തിന്റെ വടക്കൻ തീരത്ത് കടന്നുകയറിയ ചൈനീസ് സൈനികർ പോസ്റ്റുകൾ നിർമ്മിച്ചിരുന്നു. പ്രത്യേക അതിർത്തിസേനയുടെ ദ്രുതഗതിയിലാണ് ഇവിടേക്ക് നീക്കം നടത്തിയത്. മൂന്നുദിവസമായി പാംഗോങ്ങിന്റെ തെക്കൻതീരത്ത് കടന്നുകയറ്റ ശ്രമം നടക്കുന്നു.
ചുമാർമേഖലയിൽ ചൊവ്വാഴ്ച ഉണ്ടായ കടന്നുകയറ്റശ്രമം ഇന്ത്യൻ സൈനികർ ചെറുത്തു. ചുഷൂൽ സെക്ടറിൽ ഉയർന്ന പർവതമേഖല പിടിക്കാനുള്ള ചൈനയുടെ നീക്കം തടഞ്ഞതോടെയാണ് പുതിയ സംഘർഷമുഖം തുറന്നത്. കിഴക്കൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. അരുണാചൽപ്രദേശിലെ അൻജാവ് ജില്ലയിലടക്കം ജൂൺമുതൽ സൈനികസാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.
അതിർത്തിയിൽ ചൈനയുടെ ഏതു നീക്കവും ശക്തമായി ചെറുക്കാനാണു സൈന്യത്തിനുള്ള നിർദ്ദേശം. യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമമുണ്ടായാൽ തിരിച്ചടിക്കാനും നിർദേശമുണ്ട്. ലഡാക്കിലെ പുതിയ സംഭവവികാസങ്ങൾക്കു പിന്നാലെ കരസേനാമേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്മർ സന്ദർശനം റദ്ദാക്കി. ആസൂത്രിത സൈനികനീക്കത്തിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു. ചൈനീസ് അതിർത്തിക്കു പുറമേ, നേപ്പാൾ-ഭൂട്ടാൻ അതിർത്തികളിൽ ഇന്നലെ വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അതീവജാഗ്രതാനിർദ്ദേശം നൽകി. നേപ്പാൾ-ഭൂട്ടാൻ അതിർത്തി കാക്കുന്ന സശസ്ത്ര സീമാബലിനും ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനുമാണ് എന്തിനും തയാറായിരിക്കാൻ നിർദ്ദേശം നൽകിയത്.
ഒരാഴ്ചയായി ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണു നിർണായകതീരുമാനങ്ങൾ. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാമേധാവി ജനറൽ എം.എം. നരവനെ, വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബധുരിയ, നാവികസേനാമേധാവി അഡ്‌മിറൽ കരംബീർ സിങ് എന്നിവർ പങ്കെടുത്തു. പാംഗോങ് മേഖലയിൽനിന്നു സൈന്യത്തെ പിൻവലിക്കേണ്ടെന്നു യോഗത്തിൽ തീരുമാനമായി.
ഗൽവാൻ സംഘർഷത്തിനുശേഷം നടന്ന ചർച്ചയിൽ അതിർത്തിയിൽനിന്നു സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു. എന്നാൽ സൈനിക-നയതന്ത്രതലചർച്ചകളിലെ ധാരണകൾ ലംഘിച്ച് ചൈനീസ് സൈന്യം പാംഗോങ്ങിൽ തുടരുകയും ഒരാഴ്ചയായി കടന്നുകയറ്റത്തിനു ശ്രമിക്കുകയുമാണ്. ഈ സാഹചര്യത്തിൽ സൈനികശേഷി കുറയ്ക്കുന്നതിനു പകരം വർധിപ്പിക്കാനാണ് ഉന്നതതലയോഗത്തിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ