- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്ന് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്; നയതന്ത്രതല ചർച്ച വേണമെന്ന് ചൈന; സഹായിക്കാൻ തയ്യാറെന്ന് ട്രംപ്; പ്രശ്നങ്ങൾ പുറത്ത് അറിഞ്ഞതിൽ കൂടുതലെന്നും അമേരിക്ക; മോസ്കോയിലെ ഇന്ത്യാ-ചൈനാ ചർച്ചയിലും ഒത്തുതീർപ്പ് ഫോർമുലയില്ല; അതിർത്തിയിൽ മുഖാമുഖം പോരിന് സുസുജ്ജമായി ഇന്ത്യയും ചൈനയും; അതിർത്തി സംഘർഷം തുടരുമ്പോൾ
മോസ്‌കോ: അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - ചൈന പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ വെച്ച് ചർച്ച നടത്തുമ്പോൾ അത് പുതിയ പ്രതീക്ഷയാകുന്നു. കാര്യങ്ങൾ സംർഷത്തിലേക്ക് പോകാതെ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചർച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളെയും സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. അതേസമയം അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും സന്നാഹങ്ങൾ വർധിപ്പിച്ചു. ചുഷുവിലെ നാല് മേഖലകളിൽ ഇന്ത്യ - ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ച സാഹചര്യമാണ്. ഇത് ആശങ്ക കൂട്ടുന്നുണ്ട്.
ഇന്നലെ വൈകീട്ടാണ് മോസ്‌കോയിൽ വെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെയും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കിയുടെയും നേതൃത്വത്തിൽ ചർച്ച നടത്തിയത്. രണ്ട് മണിക്കൂർ 20 മിനിറ്റ് ചർച്ച നീണ്ടുനിന്നുവെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ചർച്ചയിൽ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ ഉണ്ടായില്ല. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ച് സംഘർഷത്തിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുമായി നയതന്ത്രതല ചർച്ച വേണമെന്ന ആവശ്യമാണ് ചൈന ഉന്നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. നേരത്തേയുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്‌നാഥ് സിങ് ആവർത്തിച്ചു. രാജ്‌നാഥ് സിംഗിനൊപ്പം ഡിഫൻസ് സെക്രട്ടറി അജയ് കുമാർ, ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യൻ അംബാസഡർഎന്നിവരും ചർച്ചയിൽ പങ്കെടുത്തു. അതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവുന്നത് ചെയ്യാൻ സന്തോഷമാണുള്ളത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായും ചർച്ച നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി.
പരസ്പര വിശ്വാസത്തോടെയും സംയമനത്തോടെയും രാജ്യാന്തര നിയമങ്ങൾ മാനിച്ച്, അഭിപ്രായവ്യത്യാസങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനായാലേ മേഖലയിൽ ശാന്തിയും സുരക്ഷയും ഉണ്ടാകൂ എന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്നും ചൈന ആസ്ഥാനമായുള്ള രാജ്യാന്തര കൂട്ടായ്മയായ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) മന്ത്രിതല സമ്മേളനത്തിൽ, ലഡാക്ക് അതിർത്തിയിലെ സംഘർഷം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രതിരോധമന്ത്രി ജനറൽ വീ ഫെങ്കെയുടെ സാന്നിധ്യത്തിലായിരുന്നു രാജ്‌നാഥിന്റെ പരാമർശം. ഭീകരത എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആഗോള സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പരസ്പര വിശ്വാസത്തോടെ, ചർച്ചകളിലൂടെ മേഖലയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.
ഇതിനിടെയാണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന മുന്നൊരുക്കങ്ങൾ നടത്തുന്നത്. ടാങ്കുകളും കാലാൾപ്പടയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം നടത്തിയ അധിനിവേശം ചെറുക്കുകയും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇന്ത്യൻ സൈന്യം കൈപ്പിടിയിലാക്കുകയും ചെയ്തിരുന്നു. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) 20ൽ അധികം കിലോമീറ്റർ അകലെയാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. തെക്കൻ പാംഗോങ്ങിലെ മോൾഡോയിലിൽ നിലവിൽ ചൈനീസ് സൈന്യം നിൽക്കുന്നിടത്തുനിന്നു വളരെ അകലെയല്ലാതെയാണ് പുതിയ സേനാ വിന്യാസം.
വൻ ആയുധശേഖരവുമായി ചൈനീസ് സൈന്യം നടത്തുന്ന വിന്യാസം പുതിയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യൻ സൈന്യത്തിനു വീക്ഷിക്കാനാകുന്നുണ്ട്. സ്പാൻഗുർ ഗ്യാപ്പിന്റെ ഇരുഭാഗങ്ങളിലും ഇപ്പോൾ ഇന്ത്യയ്ക്കാണ് മേൽക്കൈ. ഇന്ത്യൻ സൈന്യവും സുസജ്ജമാണ്. ടാങ്കുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റൊരു സംഘം ഏതുനിമിഷവും ഉയർന്ന പ്രദേശമായ ഇങ്ങോട്ടേക്ക് എത്താൻ തയാറായി നിൽക്കുകയാണ്. ഉയർന്ന പ്രദേശങ്ങൾ കൈപ്പിടിയിലായതിനാൽ ഇന്ത്യൻ കാലാൾപ്പടയ്ക്ക് മുൻതൂക്കമുണ്ട്. ടാങ്ക് വേധ മിസൈലുകൾ, റോക്കറ്റുകൾ മറ്റ് ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചൈനീസ് സേനയെ നേരിടാനാകും. നിലവിൽ മിസൈൽശേഷിയുള്ള ടി90 ബാറ്റിൽ ടാങ്കും ടി72എം1 ടാങ്കുകളും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.
എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എൽഎസിക്കു സമീപം ചൈനീസ് വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ടിബറ്റിലെ എൻഗാരിഗുൻസ, ഹോട്ടൻ വ്യോമ താവളങ്ങളിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
അതിർത്തിയിലെ സംഘർഷ സ്ഥിതി തുടരുകയാണെന്ന് സൈനിക മേധാവി എം.എം.നരവനെ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കി. 'നമ്മുടെ സുരക്ഷയ്ക്കായി ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയോട് അടുത്താണ് നമ്മുടെ വിന്യാസം. ചർച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ' അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ