ന്യൂഡൽഹി: അതിർത്തിയിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതിനു കൃത്യമായ വിശദീകരണം നൽകാനില്ലാതെ ചൈന. അതിനിടെ ഇന്ത്യ-ചൈന അതിർത്തിയിൽനിന്നു കാണാതായി ചൈനീസ് പിടിയിലായ 5 യുവാക്കളെ ഇന്ന് ഇന്ത്യയ്ക്കു കൈമാറുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽനിന്നു കാട്ടിൽ വേട്ടയ്ക്കു പോയ ഇവരെ ചൈനീസ് സൈന്യം പിടികൂടിയതായി ഒപ്പമുണ്ടായിരുന്നവരാണ് അറിയിച്ചത്. ഇതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് ഇവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.

മോസ്‌കോ ധാരണയ്ക്കു ശേഷവും ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഇന്ത്യയ്‌ക്കെതിരെയുള്ള വിമർശനം തുടർന്നു. അതിർത്തിയിൽ സമാധാനമുണ്ടാക്കുക എളുപ്പമല്ലെന്നും കുഴപ്പം ഇന്ത്യയുടെ പക്ഷത്താണെന്നും പത്രം ഇന്നലെ മുഖപ്രസംഗത്തിൽ എഴുതി. ഇതോടെ അതിർത്തിയിൽ പ്രശ്‌നം തുടരുമെന്ന സൂചനയാണ് ചൈന നൽകുന്നത്. അതുകൊണ്ട് തന്നെ എല്ലാ കരുതലുകളും അതിർത്തിയിൽ ഇന്ത്യ തുടരും. ഏതു സാഹചര്യം നേരിടാനും സൈന്യം തയ്യാറെന്ന് സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പ്രതികരിക്കുകയും ചെയ്തു. ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ടെന്നും യഥാർഥ നിയന്ത്രണരേഖയിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാൻ സൈന്യം സർവസജ്ജമാണെന്നും റാവത്ത് പ്രതിരോധവകുപ്പിനായുള്ള പാർലമെന്റ് സമിതിയെ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് മോശമായ സമീപനമുണ്ടായാൽ തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കോയിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരുടെ രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ ചൈനയുടെ സൈനികവിന്യാസത്തെക്കുറിച്ച് ഇന്ത്യ ആശങ്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയും സൈനിക വിന്യാസം കുറയ്ക്കാൻ ചൈന തയ്യറായിട്ടില്ല. ഇതിനിടെയാണ് തട്ടിക്കൊണ്ടു പോയ ഇന്ത്യാക്കാരെ വിട്ടയയ്ക്കുന്നത്. വിദേശകാര്യമന്ത്രിമാരുടെ ചർച്ചയുടെ പ്രതിഫലനമായിരുന്നു ഇതെന്നാണ് വിലയിരുത്തുന്നത്. അതിനിടെ സൈന്യങ്ങൾ സ്ഥിരം പോസ്റ്റുകളിലേക്കു മാറുന്നതുൾപ്പെടെയുള്ള നടപടികളുടെ വിശദാംശങ്ങൾ ഇരുപക്ഷത്തെയും സൈനിക കമാൻഡർമാർ ചർച്ച ചെയ്തു തീരുമാനിക്കാനാണ് മോസ്‌കോയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ ധാരണ.

ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവുമായി അടുത്തയാഴ്ച കമാർഡർതല ചർച്ചകൾ നടത്തും. കിഴക്കൻ ലഡാക്കിൽ നാലുമാസമായി തുടരുന്ന സംഘർഷം ലഘൂകരിക്കാനും പട്ടാളത്തെ പിൻവലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതു സംബന്ധിച്ചാണ് ചർച്ച. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്‌കോവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്.

ഭിന്നതകൾ തർക്കങ്ങളായി മാറുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കഴിഞ്ഞ 2 വർഷങ്ങളിലെ ഇന്ത്യ-ചൈന ഉച്ചകോടികളിൽ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് എടുത്തുപറഞ്ഞുള്ളതാണ് മോസ്‌കോയിൽ ഒപ്പുവച്ച അഞ്ചിന മാർഗരേഖ. ഭിന്നതകളുണ്ടാവുക സ്വാഭാവികമെങ്കിലും അതിനെ കൃത്യമായി വിലയിരുത്തുകയും നേതാക്കളുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുകയും വേണമെന്നു വാങ് യി, ജയ്ശങ്കറിനോടു പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റുമുട്ടലിനു പകരം സഹകരണവും സംശയത്തിനു പകരം വിശ്വാസവുമാണ് വേണ്ടതെന്നും വാങ് യി പറഞ്ഞു.

അതിർത്തിയിലെ കാര്യനിർവഹണത്തിനുള്ള എല്ലാ കരാറുകളും ചൈന പാലിക്കണമെന്നും ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ജയ്ശങ്കർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി വളരാതിരിക്കാൻ ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ നേരത്തേ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങളുണ്ടാക്കും. അതിർത്തിയിലെ നിലവിലുള്ള സാഹചര്യം ഇരുരാജ്യങ്ങളുടെയും താത്പര്യത്തിന് അനുഗുണമല്ല. ഇരുവിഭാഗം സൈന്യവും ചർച്ച തുടരണം. അതിവേഗം പിന്മാറണം. സൈന്യങ്ങൾ തമ്മിൽ യുക്തമായ അകലം പാലിക്കണം. സംഘർഷം ലഘൂകരിക്കണമെന്നും ഉച്ചകോടിയിൽ തീരുമാനമായിട്ടുണ്ട്.

അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പ് വരുത്തുക, പ്രശ്‌നം രൂക്ഷമാകുന്ന രീതിയിലുള്ള നടപടികൾ ഒഴിവാക്കുക തുടങ്ങിയവയുൾപ്പെടെ അതിർത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച് നിലവിലുള്ള കരാറുകളും ചട്ടങ്ങളും ഇരുവിഭാഗവും അംഗീകരിക്കണം. അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധിതല ചർച്ച തുടരണം. അതിർത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള കൂടിയാലോചനാ സംവിധാനവും യോഗം തുടരും. അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും വർധിപ്പിക്കുന്നതിനായി പരസ്പര സൗഹൃദം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് ഇരുപക്ഷവും ആവിഷ്‌കരിക്കാനും ധാരണയായിട്ടുണ്ട്.