ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്ക വിഷയത്തിൽ അൽപസമയത്തിനകം ചർച്ച. പതിമൂന്ന് വട്ടം ചേർന്ന കമാൻഡർ തല ചർച്ചയിലും തീർപ്പാകാത്ത അതിർത്തി വിഷയമാണ് ഇന്ന് വീണ്ടും ചർച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെർച്വൽ യോഗമാണ് ചേരുന്നത്. ദോക് ലാം, ഹോട്ട്‌സ് പ്രിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചർച്ചാ വിഷയം. ഒരു വേള പിന്മാറിയെ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നുകയറിയ നടപടിയും യോഗത്തിൽ ചർച്ചയാകും.

അതിർത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവിൽ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തിൽ മുൻപോട്ട് വച്ചേക്കുമെന്നാണ് സൂചന.

ഇതിനിടെ ദോക്ലാമിൽ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിർമ്മാണ പ്രവൃത്തികൾ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വർഷം നിർമ്മാണ പ്രവൃത്തികൾ നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ൽ ഇന്ത്യ- ചൈന ഏറ്റമുട്ടൽ നടന്ന പ്രദേശത്തിന് സമീപം ചൈന നിർമ്മാണ പ്രവൃത്തികൾ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ഇന്ത്യ- ചൈന അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് ലഡാക്കിൽ പ്രതിരോധ മന്ത്രി ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും യോഗത്തിൽ പങ്കെടുക്കും.