- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര തലത്തിൽ കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ; മാരകമായ നൂറോളം ലഹരി മരുന്നുകളുടെ പട്ടികയിൽ ഇനി കഞ്ചാവില്ല; യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ നടന്ന വോട്ടെടുപ്പിൽ കഞ്ചാവിനായി നിലകൊണ്ടത് ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങൾ
ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ. യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിലാണ് കഞ്ചാവ് അപകടകരമായ ലഹരിമരുന്നല്ലെന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത്. 26 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും കഞ്ചാവിനെ അനുകൂലിച്ച് വോട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്നാവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷൻ ഫോർ നാർക്കോട്ടിക്സ് ഡ്രഗ്സിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു വോട്ടെടുപ്പ്.
ഹെറോയിൻ ഉൾപ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകളുടെ കൂടെയായിരുന്നു കഞ്ചാവിനെയും ഉൾപ്പെടുത്തിയിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി പോലും ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നതിൽ നിയന്ത്രണമോ വിലക്കോ ഉണ്ടായിരുന്നു. 53 അംഗരാജ്യങ്ങളിൽ 27 പേരാണു കഞ്ചാവിനെ പട്ടികയിൽനിന്നു നീക്കുന്നതിനെ അനുകൂലിച്ചത്, 25 പേർ എതിർത്തു. യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവർ അനുകൂലിച്ചപ്പോൾ റഷ്യ, ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇറാൻ, പാക്കിസ്ഥാൻ, നൈജീരിയ എന്നിവർ എതിർപക്ഷത്ത് വോട്ട് ചെയ്തു. യുക്രൈൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
‘ഒന്നാം ലോക രാജ്യങ്ങളും വികസ്വര, ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള വിടവാണു വോട്ടെടുപ്പിൽ കണ്ടതെന്നും ഇന്ത്യ ഇതിൽനിന്നും വ്യത്യസ്തമാണ്' എന്നുമായിരുന്നു വോട്ടെടുപ്പിനെപ്പറ്റി മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ പ്രതികരണം. മറ്റു ലഹരിവസ്തുക്കളെ പോലെ കഞ്ചാവ് രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന ആറു നിർദ്ദേശങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. കഞ്ചാവ് വളർത്തുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ കുറ്റകരമാണ്. എന്നാൽ ആരോഗ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് അനുകൂല വോട്ടിലൂടെ തെളിയുന്നതെന്നാണു സൂചന.
കഞ്ചാവിനെ ഗുരുതര ലഹരിമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 1961ലെ തീരുമാനം ശാസ്ത്രീയ അടിത്തറയില്ലാത്തതും കൊളോണിയൽ, വംശീയ മുൻവിധികളുടെ അടിസ്ഥാനത്തിലുമായിരുന്നുവെന്ന് ഇന്റർനാഷണൽ ഡ്രഗ് പോളിസി കൺസോർഷ്യം എക്സിക്യൂട്ടീവ് ഡയറക്ടർ അന്ന ഫോർദം പറയുന്നു. കഞ്ചാവ് ഔഷധാവശ്യത്തിനും ചികിൽസാ ആവശ്യങ്ങളും സാംസ്കാരിക ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ജനസമൂഹങ്ങളുടെ അവകാശങ്ങളെയും പാരമ്പര്യങ്ങളെയും ഹനിക്കുന്നതായിരുന്നു 1961ലെ തീരുമാനമെന്നും അന്ന പറയുന്നു.
ബിസി 15ാം നൂറ്റാണ്ടു മുതൽ ചൈനയിൽ കഞ്ചാവ് ചികിൽസക്കായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും പൗരാണിക ഈജിപ്റ്റിലും ഗ്രീസിലും കഞ്ചാവ് ഔഷധമായി ഉപയോഗിച്ചിരുന്നതിനും തെളിവുകളുണ്ട്.
മറുനാടന് ഡെസ്ക്