- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർണായക ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം; അർദ്ധ സെഞ്ചുറികളുമായി പട നയിച്ച് വിരാട് കോലിയും രോഹിത് ശർമയും; ഓപ്പണിങ് കൂടുക്കെട്ടിൽ 54 പന്തിൽ 94 റൺസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്‌കോർ കൂടിയാണിത്. ഓപ്പണിങ് വിക്കറ്റിൽ വെറും 54 പന്തിൽനിന്ന് 94 റൺസടിച്ച വിരാട് കോലി രോഹിത് ശർമ സഖ്യം തന്നെ ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്.
ഇന്ത്യ ഉയർത്തിയ 225 റൺസ് കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ ജേസൺ റോയിയെ മടക്കിയ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. നിലവിൽ ഇംഗ്ലണ്ട് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും ജയിച്ചതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര നേടാം.
34 പന്തിൽനിന്ന് നാലു ഫോറും അഞ്ച് സിക്‌സും സഹിതം 64 റൺസടിച്ച രോഹിത് ശർമയുടെ മിന്നൽ പ്രകടനമാണ് ഓപ്പണിങ് വിക്കറ്റിലെ ഹൈലൈറ്റ്. 52 പന്തിൽനിന്ന് ഏഴു ഫോറും രണ്ട് സിക്‌സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയുടെ ഇന്നിങ്‌സ് മത്സരത്തിലെ ഹൈലൈറ്റും. സൂര്യകുമാർ യാദവ് 17 പന്തിൽ 32 റൺസെടുത്തും ഹാർദിക് പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ 39 റൺസെടുത്തും ഉറച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ കോലി രോഹിത് സഖ്യം 54 പന്തിൽ 94 റൺസും രണ്ടാം വിക്കറ്റിൽ കോലി സൂര്യകുമാർ സഖ്യം 26 പന്തിൽ 49 റൺസും പിരിയാത്ത മൂന്നാം വിക്കറ്റിൽ കോലി പാണ്ഡ്യ സഖ്യം 40 പന്തിൽ 81 റൺസും നേടി.
ഓപ്പണിങ് വിക്കറ്റിൽ വിരാട് കോലിയിൽ നല്ലൊരു കൂട്ടാളിയെ കണ്ടെത്തിയ രോഹിത് തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ ബോർഡിലേക്ക് റണ്ണൊഴുകിയത്. വെറും 32 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ 50 കടത്തിയത്. ഇടയ്ക്ക് കോലി 'ഒതുങ്ങിക്കൊടുത്തതോടെ' കത്തിക്കയറിയ രോഹിത് 30 പന്തിൽനിന്ന് 50 കടന്നു. മൂന്നു ഫോറും നാലു സിക്‌സും സഹിതമാണിത്. അർധസെഞ്ചുറിക്കരികെ നൽകിയ ക്യാച്ച് അവസരം മാർക്ക് വുഡ് കൈവിട്ടത്, തകർപ്പൻ സിക്‌സറിലൂടെയാണ് രോഹിത് ആഘോഷിച്ചത്.
തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്‌സിനെതിരെ തുടർച്ചയായ പന്തുകളിൽ സിക്‌സും ഫോറും നേടി കൂടുതൽ അപകടകാരിയായ രോഹിത്തിനെ, അതേ ഓവറിൽ സ്റ്റോക്‌സ് തന്നെ വീഴ്‌ത്തി. സ്റ്റോക്‌സിന്റെ പന്ത് സ്റ്റംപിലേക്ക് 'വലിച്ചിട്ട്' പുറത്താകുമ്പോൾ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 34 പന്തിൽ 64 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
രോഹിത്തിനു പകരമെത്തിയ സൂര്യകുമാർ യാദവ് അതിലും തിടുക്കത്തിലായിരുന്നു. ആദിൽ റഷീദിനെതിരെ ഇരട്ട സിക്‌സറുകളുമായാണ് സൂര്യ വരവറിയിച്ചത്. നേരിട്ട ആദ്യ നാലു പന്തിൽ സമ്പാദ്യം 14 റൺസ്! ഒരു ഓവറിന്റെ ഇടവേളയ്ക്കു ശേഷം ക്രിസ് ജോർദാനെതിരെ ഹാട്രിക് ഫോറുമായി സൂര്യകുമാർ 30 പിന്നിട്ടു. അധികം വൈകാതെ സൂര്യകുമാർ പുറത്തായി. വെറും 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ട് സിക്‌സും സഹിതം 32 റൺസെടുത്ത സൂര്യയെ, ആദിൽ റഷീദിന്റെ പന്തിൽ ജേസൺ റോയ് ക്യാച്ചെടുത്തു പുറത്താക്കി. പക്ഷേ, ആ വിക്കറ്റിനു പിന്നിലെ സമ്പൂർണ അധ്വാനവും ക്രിസ് ജോർദാന്റേതും! വൈഡ് ലോങ് ഓണിലേക്ക് സൂര്യ ഉയർത്തിവിട്ട പന്ത് ഓടിയെത്തിയ ജോർദാൻ ഒറ്റക്കയ്യിൽ ഒതുക്കിയതാണ്. പക്ഷേ ഓട്ടം ബൗണ്ടറി കടക്കുമെന്ന് തോന്നിയപ്പോൾ സമീപത്തുനിന്ന ജേസൺ റോയിക്ക് പന്ത് എറിഞ്ഞുകൊടുത്തു. അധ്വാനം ജോർദാന്റേതെങ്കിലും റോയിക്ക് അനായാസ ക്യാച്ച്! വെറും 26 പന്തിൽനിന്ന് കോലി സൂര്യ സഖ്യം കൂട്ടിച്ചേർത്തത് 49 റൺസ്! . 17 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 32 റൺസെടുത്തു. താരം പുറത്താവുമ്പോൾ 143 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
സൂര്യകുമാർ മടങ്ങിയതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. വൈകാതെ 14.5 ഓവറിൽ ഇന്ത്യ 150 കടന്നു. പിന്നാലെ കോലി അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നും രണ്ട് സിക്സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി നേടിയത്. താരത്തിന്റെ ട്വന്റി 20 കരിയറിലെ 28-ാം അർധസെഞ്ചുറിയാണിത്.
അവസാന ഓവറുകളിൽ കോലിയും ഹാർദിക്കും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറിൽ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 52 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 80 റൺസെടുത്ത കോലിയും 17 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 39 റൺസെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.
ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇന്ത്യ ഒരു മാറ്റം വരുത്തി. കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജൻ ടീമിൽ ഇടം നേടി.
സ്പോർട്സ് ഡെസ്ക്