- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. അവസാന ഓവറുകളിൽ ആവേശം അണപൊട്ടിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് അഞ്ചാം ദിവസത്തിൽ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തോടെയാണ് വിജയം നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത് അവസാന സെഷനുകളിൽ ഏകദിന ശൈലിയിൽ ബാറ്റു വീശിയതാണ് വിജയം സമ്മാനിച്ചത്. അവസാന 20ഓവറിൽ 100 റൺസ് ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി ഋഷഭ് പന്തും കൂട്ടുകാരും ഇന്ത്യയെ അനായാസം വിജയ തീരത്തെത്തിക്കുകയായിരുന്നു.
വെറും മൂന്ന് ഓവർ് മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്സും(89) വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓർമ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിനു പത്ത് റൺസ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാർദൂൽ താക്കൂർ(2) വിജയത്തിന് മൂന്ന് റൺസ് അകലെ വീണതോടെ കളി എങ്ങോട്ടും തിരിയുമെന്ന അവസ്ഥ വന്നു. എന്നാൽ, അവസാനം വിക്കറ്റ് പോവാതെ നവ്ദീപ് സെയ്നി വാലറ്റത്തും നിന്നതോടെ പന്ത് വിജയത്തിലേക്ക് ബൗണ്ടറി പായിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ടെസ്റ്റ് റൺ ചേസാണിത്.
പന്ത് 89 റൺസെടുത്തു പുറത്താകാതെ നിന്നു. ശുഭ് മാൻ ഗിൽ 91 റൺസെടുത്തു പുറത്തായപ്പോൽ ചേതേശ്വർ പൂജാര(56)യും അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിലെ നിർണായക ഘടകമായി. ബ്രിസ്ബേൻ ടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഗവാസ്ക്കർ ബോർഡർ ട്രോഫിയും ഇന്ത്യയുടെ കൈകളിൽ ഭദ്രമായി തുടരും. രണ്ടാമിന്നിങ്സിൽ 324 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയെ ടീം സ്കോർ 18 റൺസിലെത്തിനിൽക്കുമ്പോൾ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേർന്ന ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും ചേർന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഏഴു റൺസെടുത്ത രോഹിത്തിനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
ഒരു വശത്ത് ചേതേശ്വർ പൂജര ക്രീസിൽ നങ്കൂരമിട്ടു കളിച്ചപ്പോൾ ശുഭ്മാൻ ഗിൽ അടിച്ചുകളിച്ചു ഇന്ത്യൻ ടീമിന്റെ സ്കോർ ചലിപ്പിക്കുകയായിരുന്നു. ശുഭ്മാൻ ഗില്ല് 146 പന്തിൽ നിന്നാണ് 91 റൺസെടുത്തത്ത. 196 പന്തുകൾ നേരിട്ട പൂജാര 7 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് അർധസെഞ്ചുറി നേടിയത്. ഇന്നിങ്സിന്റെ തുടക്കത്തിൽ പതുക്കെ ബാറ്റിങ് തുടങ്ങിയ പൂജാര പിന്നീട് മികച്ച കളി പുറത്തെടുത്ത് ഇന്ത്യയെ നയിക്കുകയായിരുന്നു. ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുമായി താരം ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി എന്ന ലക്ഷ്യത്തിന് വെറും 9 റൺസ് മാത്രം അകലെ നിൽക്കുമ്പോഴാണ് ഗില്ലിനെ നഥാൻ ലിയോൺ പുറത്താക്കുന്നത്. 146 പന്തുകളിൽ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് താരം 91 റൺസെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം 114 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ യുവതാരത്തിന് സാധിച്ചു. പിന്നാട് ഋഷബ് പന്ത് ഒരു വശത്തു നങ്കൂരമിട്ടതോടെ ഇന്ത്യയ്ക്ക് വലിയ വിജയമാണ് ഉണ്ടായത്.
നേരത്തെ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവിൽ ഓസീസ് ഇന്നിങ്സ് ഇന്ത്യ 294 റൺസിൽ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ നാലു വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. സ്മിത്ത് 74 പന്തുകൾ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റൺസെടുത്ത് പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാർക്കസ് ഹാരിസ് - ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യം 89 റൺസ് ചേർത്തു. 38 റൺസെടുത്ത ഹാരിസിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.
പിന്നാലെ 48 റൺസെടുത്ത വാർണറെ വാഷിങ്ടൺ സുന്ദർ മടക്കി. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ മാർനസ് ലബുഷെയ്ന് 25 റൺസെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറിൽ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. കാമറൂൺ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം. 27 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്നെ താക്കൂർ മടക്കി. പാറ്റ് കമ്മിൻസ് 28 റൺസുമായി പുറത്താകാതെ നിന്നു. മിച്ചൽ സ്റ്റാർക്ക് (1), നഥാൻ ലിയോൺ (13), ഹെയ്സൽവുഡ് (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ ഉജ്ജ്വല വിജയം. പരിക്കിനെ തുടർന്ന് സീനിയർ താരങ്ങളെല്ലാം പുറത്തുപോകേണ്ടി വന്നപ്പോഴാണ് യുവ ടീമിനെ നിലനിർത്തി ഇന്ത്യ വിജയത്തിലേക്ക് എത്തിയത്. സിനിയർ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യൻ ബൗളർമാർ ഓസിസ് മണ്ണിൽ തിളങ്ങിയത്. സിറാജും ശാർദുലും വാഷിങ്ടൺ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിർണായക സാന്നിധ്യമായി. ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച നടരാജൻ അടക്കം മൂന്ന് വിക്കറ്റുമായി അവസാന മത്സരത്തിൽ നിർണായക പങ്കുവെച്ചു. ഇന്ത്യൻ വാലറ്റത്തിന്റെ ചെറുത്തു നിൽ്പ്പായിരുന്നു അവസാന രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്ക്ക് നിർണായ വഴിത്തിരിവുണ്ടാക്കിയത്.
മറുനാടന് ഡെസ്ക്