- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് വിശ്വാസം പൊലീസിനെയോ പാർട്ടിക്കാരെയോ അല്ല, സംസ്ഥാന ഇന്റലിജൻസിനെ! പെരിങ്ങരയിലെ സന്ദീപിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണം ഒഴിവാക്കിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൊല നടത്തിയത് ഗുണ്ടാസംഘമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവല്ല: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നത് പൊലീസിനെയോ സ്വന്തം പാർട്ടിക്കാരെയോ വിശ്വസിച്ചല്ലെന്ന് പെരിങ്ങരയിലെ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സംബന്ധിച്ച പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഫേസ് ബുക്കിൽ മാത്രമാണ് പ്രതികരിച്ചത്. വളരെ ശ്രദ്ധിച്ച് നടത്തിയ ആ പ്രതികരണത്തിൽ ഒരിടത്തു പോലും രാഷ്ട്രീയ കൊലപാതകമാണെന്ന് പരാമർശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിണറായി ഡിസംബർ മൂന്നിന് ഫേസ് ബുക്കിലിട്ട പ്രസ്താവന ഇങ്ങനെ:
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. നേരത്തേ പല വിഷയങ്ങളിലും പൊലീസിനെയും പാർട്ടി സൈബർ പോരാളികളെയും ആശ്രയിച്ച് പ്രതികരിച്ച മുഖ്യമന്ത്രി പുലിവാൽ പിടിച്ചിരുന്നു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പോലും മുഖ്യമന്ത്രി ആശ്രയിക്കുന്നില്ലെന്ന് വേണം കരുതാൻ. പെരിങ്ങരയിൽ സന്ദീപിന്റെ കൊലപാതകം നടന്നതിന് പിന്നാലെ ഇന്റലിജൻസ് നൽകിയ പ്രഥമ റിപ്പോർട്ട് തന്നെ ഇതൊരു ഗുണ്ടാ ആക്രമണമോ ക്വട്ടേഷൻ ആക്രമണമോ ആകാമെന്നായിരുന്നു. പിന്നീട് അന്വേഷണങ്ങൾക്ക് ശേഷം ഇതൊരു ക്വട്ടേഷൻ ആക്രമണമാണെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് നൽകി. ഇത് അനുസരിച്ചാണ് മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്തനംതിട്ടയിലെ ജില്ലാ നേതാക്കളുമൊക്കെ ഇതൊരു രാഷ്ട്രീയ കൊലപാതകം ആണെന്ന് അഭിപ്രായമുള്ളവരാണ്. എന്നാൽ, ജില്ലാ പൊലീസ് മേധാവി, തിരുവല്ല ഡിവൈഎസ്‌പി, പുളിക്കീഴ് ഇൻസ്പെക്ടർ എന്നിവർക്ക് അങ്ങനെ ഒരു അഭിപ്രായമില്ല. സിപിഎമ്മിന്റെ ഉറ്റതോഴനാണ് തിരുവല്ല ഡിവൈഎസ്‌പി. എന്നിട്ടു പോലും ഇത്തരമൊരു പ്രതികരണം പൊലീസിന്റെ ഭാഗത്ത് നിന്ന് വന്നതിൽ തിരുവല്ലയിലെ പാർട്ടി നേതൃത്വം അസ്വസ്ഥരാണ്. എസ്‌പിയടക്കമുള്ളവരെ ഉടൻ തന്നെ മാറ്റാനും നീക്കം നടക്കുന്നുണ്ട്.
തന്റെ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായിക്കിട്ട് പണി കൊടുത്തതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്