മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജീവമായി കേട്ടത് കണ്ണൂർ സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഇടനിലക്കാരനായ നിന്ന ശാന്തിദൂതന്റ റോളിൽ ആയിരുന്നു. ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷൻ ഇന്ത്യയിൽ അറിയപ്പെടുന്ന യോഗാ സ്ഥാപനങ്ങളിൽ ഒന്നാണ്. ഒരേ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധമാണ് ശ്രീ എമ്മിന്.

മലയാളി ആണെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന് ശ്രീ എം അത്രയ്ക്ക് സുപരിചിതനല്ല. ശ്രീ എം എന്ന പേരിൽ തുടങ്ങുന്ന കൗതുകം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുഴുവനുണ്ട്. ആത്മീയ വഴികാട്ടി, സാമൂഹികപരിഷ്‌കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, യോഗാ ആചാര്യൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീ എം. തിരുവനന്തപുരത്തുകാരനായ മുസ്ലിം കൗമാരക്കാൻ ഹിമാലയത്തിൽ അലഞ്ഞു പിൽക്കാലത്ത് ശ്രീ എം എന്ന പേരിൽ അറിയപ്പെട്ട ചരിത്രം ശരിക്കും ആരെയും അത്ഭുതപ്പെടത്തും.

1949 നവംബർ ആറിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പേര് മുംതാസ് അലി ഖാൻ. വിവാഹിതൻ. രണ്ടു മക്കളുണ്ട് ശ്രീ എമ്മിന്. വഞ്ചിയൂരിൽ ജനിച്ച മുംതാസ് അലിഖാൻ ശ്രീ എമ്മായി മാറിയത് എങ്ങനെയാണ്? ആ കഥയിലേക്ക് പോയാൽ അതൊരു അത്ഭുതപ്പെടുത്തുന്ന അപൂർവ്വതകൾ നിറഞ്ഞതാണ്. തന്റെ ജീവിതകഥ അദ്ദേഹം മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവെച്ചു.

കോവിഡ് പോലെയുള്ള മഹാമാരിയിൽ പകച്ചുപോകുന്നത് ഹൃദയമുള്ളതു കൊണ്ടാണെന്നും സങ്കടപ്പെടുന്നവന്റെ മുന്നിൽ പറയേണ്ടതല്ല വേദാന്തമെന്നും ശ്രീ എം പറഞ്ഞു. എത്രയയൊക്കെ അറിവുണ്ടായാലും സ്നേഹവും ആത്മാർത്ഥയും ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന് ഒരു അർത്ഥവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനുമായി വർഷങ്ങളുടെ ബന്ധമാണ്. അദ്ദേഹം ഒരു പാർട്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് അദ്ദേഹത്തെ വെറുക്കാനോ വിയോജിക്കാനോ പറ്റില്ല. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അത്രമാത്രം. അതേപോലെ തന്നെ ആർ എസ് എസും. ഒരിക്കലും അവരും മാറ്റിനിർത്തപ്പെടേണ്ടവരല്ല. ഈ സമൂഹത്തിന്റെ ഭാഗം തന്നെയാണ് അവരും. മറുനാടന് അനുവദിച്ച അഭിമുഖത്തിന്റെ അവസാന ഭാഗത്തിലാണ് പിണറായിയും ആർ എസ് എസുമൊക്കെയായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ശ്രീ എം മനസ്സു തുറന്നത്.

ഷാജൻ സ്‌കറിയ: ഈ മൂന്നരക്കൊല്ലം കൊണ്ട് എല്ലാം പഠിച്ചു. ഗീത, ഉപനിഷത്ത് അങ്ങിനെ എല്ലാം?

ശ്രീ എം: എല്ലാം പഠിച്ചു എന്ന് പറയാൻ പറ്റില്ല. ഗീത ഉപനിഷത്ത് അവയിൽ നിന്നെല്ലാം നല്ലൊരു ശതമാനം സ്വായത്തമാക്കാൻ സാധിച്ചു. ഉപനിഷത്തുകൾ ഞാൻ കാണാപാഠം പഠിച്ചിട്ടില്ല. പക്ഷെ ഇന്നൊരാൾ വന്ന് ഒരു ശ്ലോകത്തെക്കുറിച്ച് ചോദിച്ചാൽ അത് എതിലാണ് ഏത് ഭാഗത്താണ് അർത്ഥമെന്താണ് അങ്ങിനെ എല്ലാം എനിക്ക് പറയാൻ പറ്റും. ഞാൻ സംസ്‌കൃതം യുണിവേഴ്സിറ്റിയിൽ പോയി അഭ്യസിച്ചിട്ടില്ല. എനിക്ക് തോന്നുന്നു ഇ വിദ്യ എനിക്ക് സ്വായത്തമായത് ബാബാജിയിൽ നിന്നാണ്. അദ്ദേഹം ഒന്നും കാണാ പാഠം പഠിക്കൽ അല്ല. മറിച്ച് ട്രാൻസ്ഫർ ചെയ്തെടുക്കലാണ്. അതേ രീതിയിലാവാം ഞാനും ഇതൊക്കെ ഗ്രഹിച്ചത്.

പിന്നെ ബാബാജിയുടെ ഒരു രീതി എന്നു പറയുന്നത് കൂടുതൽ അറ്റാച്ച്മെന്റാവും എന്ന് തോന്നിയാൽ എന്നെ പറഞ്ഞുവിടുമായിരുന്നു. എങ്ങോട്ടെന്നില്ലാതെ. ഇടക്കിടെ അങ്ങിനെ സംഭവിച്ചിട്ടുണ്ട്. പിന്നെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടും. അതാണ് പതിവ്. ഒരിക്കൽ എന്നോട് പറഞ്ഞു നീ പോയ്ക്കോളു. പോയ് വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമ ജീവിതം നയിക്കു എന്ന്. മാത്രമല്ല ആരെയും ഒന്നും പഠിപ്പിക്കരുതെന്നും. ഒരു നാൽപ്പത് വയസ്സൊക്കെ ആകുമ്പോൾ ഞാൻ അനുവാദം തരാം. അപ്പോൾ നിനക്കിഷ്ടമുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തോ എന്നും പറഞ്ഞു.

പക്ഷെ എനിക്കതിന് താൽപ്പര്യമില്ലായിരുന്നു. അത് ഞാൻ ബാബാജിയെ അറിയിക്കുകയും ചെയ്തു. അപ്പോൾ ബാബാജി എന്നോട് ചോദിച്ചു ഞാനും നീയും തമ്മിലുള്ള ബന്ധം എന്താണെന്ന്. ഒന്നാലോചിച്ച ശേഷം ഞാൻ നൽകിയ മറുപടി ഞാൻ അദ്ദേഹത്തിന്റെ പട്ടിക്കുട്ടിയാണെന്നായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു അപ്പോൾ നി എന്റെ പപ്പിയാണെന്നാണ് പറഞ്ഞുവരുന്നത്. അതൊക്കെ നല്ലത് പക്ഷെ വാലാട്ടരുത്. ഇല്ല എന്ന് ഞാൻ മറുപടി നൽകി

അപ്പോൾ ബാബാജി പറഞ്ഞു അങ്ങനെയെങ്കിൽ ഇപ്പോൾ ഞാൻ പോകാൻ പറഞ്ഞില്ലെ, അത് അനുസരിച്ച് പോകണമെന്ന്. അങ്ങനെ അവിടെ നിന്നും വിട്ടു. പിന്നെ ഋഷികേശ്, ഡൽഹി എന്നിവിടങ്ങളിലൊക്കെ പോയി പതുക്കെയാണ് നാട്ടിലെത്തിയത്.

ഈ കാലയളവിൽ എങ്ങനെ ആയിരുന്നു വീട്ടുകാരൊക്കെയായി ബന്ധമുണ്ടായിരുന്നോ?

ഇല്ല... വിട്ടു കഴിഞ്ഞിട്ട് ബാബാജി എന്നോട് ഒരു കാര്യവും സൂചിപ്പിച്ചു .ആ രുപത്തിൽ നാട്ടിലേക്ക് വരരുത് എന്ന്. അങ്ങനെ ഡൽഹിയിൽ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ അടുത്തുനിന്ന് മുടിവെട്ടി പാന്റ്സും ഷർട്ടും ധരിച്ച് കാതിലെ ആഭരണങ്ങൾ ഒക്കെ ഗംഗയിൽ ഉപേക്ഷിച്ചാണ് ഞാൻ മടങ്ങിയെത്തിയത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ എന്റെ ബന്ധുക്കൾക്കൊക്കെ ഞെട്ടലായിരുന്നു. ഞാൻ മരിച്ചുപോയെന്നായിരുന്നു അവരൊക്കെ കരുതിയത്. അങ്ങനെ കുറച്ചുകാലം വീട്ടിൽ നിന്നു. പിന്നെ ചെന്നൈയിൽ പോയി മുത്തശ്ശന്റെ കൂടെ കുറച്ചു നാൾ ബിസിനസ്സിലൊക്കെ സഹായിച്ചു.

അപ്പോഴാണ് അച്ഛൻ നാട്ടിലേക്ക് തിരിച്ചുവിളിക്കുന്നത്. അങ്ങനെ നാട്ടിലെത്തി കുറച്ചുനാൾ അച്ഛനെ പിഡബ്ലുഡി കോൺട്രാക്ട് വർക്കിൽ സഹായിച്ചു. അത് എനിക്ക് അത്രകണ്ട് ശരിയാവാത്തതുകൊണ്ട് നേരെ ഡൽഹിയിൽ പോയി കുറച്ചുകാലം ജേണലിസ്റ്റായി വർക്ക് ചെയ്തു. ആ സമയത്താണ് ഓർഗനൈസറിൽ ആർട്ടിക്കിളൊക്കെ എഴുതുന്നത്. ഇന്ത്യടുടെ, ന്യൂ വേവ് എന്നൊരു മാസികയിൽ വർക്ക് ചെയ്തു. പിന്നെ മൻഥൻ എന്നൊരു പിരിയോഡിക്കൽസിലും ജോലിനോക്കി.

പിന്നെ ആ സമയത്തൊക്കെയും വർഷത്തിൽ ഒരുമാസം ബാബാജി എവിടെ ഉണ്ടോ അവിടെപ്പോയി അദ്ദേഹത്തെ കാണും. അത് അദ്ദേഹത്തിന്റെ അവസാന നാൾ വരെ തുടർന്നു.1983 ലായിരുന്നു അദ്ദേഹം മരിക്കുന്നത്. അന്നെനിക്ക് 37 വയസ്സായിരുന്നു. 40 വയസ്സാകാത്തതുകൊണ്ട് ഞാൻ പഠിച്ച കാര്യങ്ങൾ പകർന്നു നൽകാനായുള്ള അനുവാദം തരാതെയാണ് ബാബജി മരിക്കുന്നത്. പൊതുവേ ഞാൻ സ്വപ്നത്തിലൊന്നും വിശ്വസിക്കുന്ന ആളല്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അപ്രതീക്ഷിതവും അസാധാരണവുമായ ഒരു സ്വപ്നം എനിക്കുണ്ടാകുന്നത്. ഞാൻ ഒരു തീവണ്ടിയിൽ ഇരിക്കുകയാണ്. എന്റെ മുന്നിൽ ഒരു ബോർഡിൽ സത്സംഗം എന്നെഴുതിയിട്ടുമുണ്ട്. അപ്പോൾ വെള്ള യുണിഫോമിൽ കയ്യിൽ ഒരു പച്ചവിളക്കുമായി ഗാർഡ് എന്റെടുത്തേക്ക് വന്നു. അദ്ദേഹം കാലിൽ ചെരിപ്പിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. അത് ബാബാജിയായിരുന്നു. എന്നിട്ടദ്ദേഹം ആ പച്ചവെളിച്ചം വീശി. അപ്പോഴേക്കും തീവണ്ടി എടുത്തു. എനിക്കിറങ്ങാൻ പറ്റാത്തവണ്ണം തീവണ്ടിയുടെ വേഗത കൂടി. അപ്പോഴേക്കും ഞാൻ ഞെട്ടിയുണർന്നു. പിന്നിട് കുറെ ദിവസം ആലോചനയായിരുന്നു. ഇതാണോ ഗുരുജി പറഞ്ഞ സംഭവ സൂചന എന്ന്.

അങ്ങനെ ഒരു ദിവസം എന്റെ ഒരു ഫ്രണ്ടുണ്ട്. ഒരു ജൂവലർ. അദ്ദേഹം തിയോസഫിക്കൽ സൊസൈറ്റി മെംബർ ഒക്കെയായിരുന്നു. എന്റെ ഭാര്യാ മാതാവിന്റെ സ്വർണം നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അവിടെ വച്ച് അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങളുടെ ഒരു ഫ്രണ്ടിനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു നിങ്ങൾ ഹിമാലയത്തിലൊക്കെ പോയിരുന്നുവെന്നും അവിടെ നിങ്ങൾക്ക് ഗുരുവുണ്ടെന്നും. അദ്ദേഹത്തിന്റെ ഈ ചോദ്യം എന്നെ ഞെട്ടിക്കുന്നതായിരുന്നു. കാരണം ആർക്കും അറിയാത്ത കാര്യമാണ് അദ്ദേഹം എന്നോട് ചോദിച്ചത്.

ഒടുവിൽ ഞാൻ സമ്മതിച്ചു. അപ്പോഴാണ് അദ്ദേഹം വിഷയം പറഞ്ഞത്. തിയോസഫിക്കൽ സൊസൈറ്റിയുടെതായി അവർക്കൊരു ക്ലബുണ്ട്. അതിൽ ഒന്ന് സംസാരിക്കാൻ. ഞാൻ പറഞ്ഞു ഞാനങ്ങനെ പരിപാടിയൊന്നും ചെയ്യാറില്ലെന്ന്. അപ്പോൾ പറഞ്ഞു നിങ്ങളുടെ യാത്രയെക്കുറിച്ച് പറഞ്ഞാൽ മതിയെന്ന്. എന്നാൽ ഒന്നും ഉറപ്പ് നൽകാതെയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്. പക്ഷെ വീട്ടിലെത്തിയപ്പോഴും ആ സ്വപ്നമായിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ പരിപാടിക്കായി സൊസൈറ്റിയിലെത്തി. കുറച്ച് പേരെ മാത്രം പ്രതീക്ഷിച്ച് പോയ എന്നെ അവിടെ കാത്തിരുന്നത് നുറോളം പേരായിരുന്നു. ഇതുവരെ ആരെയും അഭിസംബോധന ചെയ്യാതിരുന്ന എനിക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ എന്റെ മുന്നിലിരുന്ന ഒരാളുടെ മുഖത്ത് നോക്കി കാര്യങ്ങൾ പറഞ്ഞു.

പരിപാടി കഴിഞ്ഞാണ് അവർ എന്നോട് ഇത് എല്ലാ ആഴ്‌ച്ചയും ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് എന്റെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് പല സ്ഥലത്ത് നിന്നും ആൾക്കാർ തേടിവരാൻ തുടങ്ങി.അങ്ങനെയായിരുന്നു വളർച്ച. ഇതിനിടയിലാണ് എന്റെ വിവാഹം കഴിയുന്നത്. ബാബാജി നേരത്തെ പറഞ്ഞിരുന്നെങ്കിലും നമുക്ക് പറ്റിയ ഒരാളെ കണ്ടെത്താൻ ഞാൻ ശ്രമിക്കുകയായിരുന്നു.കാരണം എന്റെ രീതികൾ അങ്ങനെയാണ് എല്ലാവർക്കും പറ്റില്ല. അങ്ങനെയാണ് സുനന്ദയെ കണ്ടെത്തുന്നത്. ഞാൻ എന്റെ എല്ലാകാര്യവും പറഞ്ഞ് മനസിലാക്കിയാണ് അവരെ വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുണ്ട്. ഞങ്ങൾ മാരീഡാണെങ്കിലും വെറെ വേറെയാണ് താമസം. ഞാൻ മദനപ്പഡിയിലാണ് താമസം. ഭാര്യ ഞങ്ങളുടെ ബോർഡിങ്ങ് സ്‌കുളിന്റെ പ്രിൻസിപ്പലാണ്. അവിടെയാണ് അവരുടെ താമസം.
അപ്പോ വീക്കെൻഡിൽ മാത്രമാണ് ഞങ്ങൾ കാണാറുള്ളത്.

റയൽപ്പാഡിൽ നിൽബാഗ് സ്‌കുളിലായിരുന്നു ഞാൻ. അതിന്റെ ഉടമസ്ഥൻ മരിച്ചപ്പോൾ ആ വിദ്യാലയത്തെ കൃഷ്ണമൂർത്തി ഫൗണ്ടേഷൻ ഏറ്റെടുത്തു. കൃഷ്ണമൂർത്തി ഫൗണ്ടേഷന്റെ ഒരു ട്രസ്റ്റിയായിരുന്നു ഞാൻ അപ്പോൾ. അവിടുന്ന് ഋഷിവാലി അടുത്താണ്. അങ്ങനെ ഞാൻ അവിടെപ്പോയി സെറ്റിൽ ചെയ്തു. അങ്ങനെ പത്തുവർഷം അവിടെയായിരുന്നു. തുടർന്ന് കൃഷ്ണമൂർത്തി മരിച്ചതോടെ ഞാൻ ഫൗണ്ടേഷനിൽ നിന്നും രാജിവെച്ചു. അങ്ങനെയാണ് ഞാൻ മദനപ്പള്ളിയിൽ ഒരു സ്ഥലം വാങ്ങി സെറ്റിലാകുന്നത്. വീടൊക്കെ വച്ചു. അപ്പോഴാണ് ഋഷിവാലിയിൽ നിന്നും സുനന്ദയെ ടീച്ചറായി അയക്കണമെന്നാവശ്യപ്പെട്ട് വിളി വരുന്നത്. അങ്ങനെ അവർ അവിടെയും ഞാൻ മദനപ്പള്ളിയിലും ആയി. അവിടെ നിന്നാണ് പതുക്കെ ഞങ്ങൾ തുടങ്ങുന്നത്.

അവിടത്തെ ഗ്രാമീണർക്ക് വേണ്ടി ചെറിയൊരു ക്ലാസ്റും ഉൾപ്പെടുത്തിയാണ് ആദ്യ വിദ്യാലയം തുടങ്ങുന്നത്. ഇന്ന് ഇത് പത്തുവരെ ക്ലാസുകളുള്ള സത്സംഗം എന്ന പേരിൽ വിദ്യാലയമായി മാറി. എല്ലാം സൗജന്യമായാണ് സ്‌കുളിൽ നടപ്പാക്കുന്നത്. ഈ വിദ്യാലയം ആരംഭിച്ച് പത്ത് വർഷത്തിന് ഇപ്പുറമാണ് തിരുപ്പതിയിൽ അവിടുത്തെ റെഡ്ഡിമാർ സംഭാവനയായി നൽകിയ സ്ഥലത്ത് ബോർഡിങ്ങ് സ്‌കുൾ തുടങ്ങുന്നത്. പീപ്പൽ ഗ്രോസ്‌കുൾ എന്നാണ് വിദ്യാലയത്തിന്റെ പേര്. അവിടെ പന്ത്രണ്ടാം ക്ലാസുവരെയുണ്ട്. പിന്നെ മദനപ്പള്ളിയിൽ തന്നെ ചെറിയൊരു വിദ്യാലയവും അങ്ങനെ മൂന്നു സ്ഥാപനങ്ങളാണ് ഉള്ളത്.

എന്തൊക്കെയാണ് സത്സംഗത്തിന്റെ പ്രവർത്തനങ്ങൾ?

എന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെയാണ് ആസ്ഥാനം രുപീകരിച്ചിരിക്കുന്നത്. ഒരു ആശ്രമത്തിന്റെ ചിട്ടവട്ടങ്ങൾ ആണെങ്കിലും ശരിക്കും അതല്ല അവസ്ഥ. പിന്നെ ക്രിയാ യോഗയ്ക്കായി ഒരു മുറി, ഒരു മെഡിറ്റേഷൻ ഹാൾ ഇതൊക്കെ ചേരുന്നതാണ് സത്സംഗം വില്ലേജ്

സത്സംഗം ഫൗണ്ടേഷനിൽ നിന്ന് അങ്ങ് ലോകം മുഴുവൻ അറിയുന്ന ആളായി മാറിയത് എങ്ങനെയാണ്?

സത്യം പറഞ്ഞാൽ അതിന്റെ ഉത്തരം എനിക്കും അറിഞ്ഞുകൂട. പ്രഭാഷണങ്ങൾ കേട്ടവർ പരസ്പരം പറഞ്ഞും പങ്കുവെച്ചുമൊക്കെയാണെന്ന് തോന്നുന്നു. ആദ്യമായി എത്തുന്നത് കാലിഫോർണിയായിലാണ്. അങ്ങനെ പിന്നെ പല വിദേശ രാജ്യങ്ങളിലും പ്രഭാഷണം നടത്തി. പക്ഷെ സത്സംഗിന്റെതായി സെന്ററുകളുള്ളത് ടെക്സാസിൽ മാത്രമാണ്. ബാക്കിയെല്ലായിടത്തും പ്രഭാഷണങ്ങൾ നടത്തുമെന്ന് മാത്രം. അത്തരത്തിൽ യുറോപ്പിന്റെ എതാണ്ടെല്ലാ ഭാഗത്തും സന്ദർശിച്ചിട്ടുണ്ട്.

അങ്ങയുടെ പതിവ് രീതികൾ എന്താ ഇത്തരം സന്ദർശന വേളകളിൽ?

ചിലയിടത്ത് പ്രഭാഷണങ്ങൾ മാത്രമാണ് നടത്തുക. ചിലയിടത്ത് റിട്രീറ്റ് നടത്തും. അത് ഭഗവത്ഗീതയെക്കുറിച്ചാകാം ഹ്യമാനിറ്റിയെക്കുറിച്ചാവാം ഉപനിഷത്തിനെക്കുറിച്ചാവാം അങ്ങനെ എന്തുമാവാം. എല്ലാവരെയും ഒരുമിച്ച് നിർത്തുക അതാണ് ലക്ഷ്യം. എല്ലാ മതത്തെ കുറിച്ചും ധാരണയുള്ളതിനാൽ അതിന്റെ കോമൺ പോയന്റ് കേന്ദ്രീകരിച്ചാണ് ഞാൻ സംസാരിക്കുന്നത്. പിന്നെ ക്രിയാ യോഗ, മെഡിറ്റേഷൻ എന്നിവ കൂടി ഉൾപ്പെടുമ്പോളാണ് അത് റിട്രീറ്റാകുന്നത്. അത് ക്യാമ്പംഗങ്ങൾ അവിടെ തന്നെ താമസിച്ച് ഞങ്ങൾ നൽകുന്ന റുട്ടീനനുസരിച്ച് പങ്കെടുക്കുന്നതാണ്.

ഇന്ത്യയിൽ എവിടെയൊക്കെയാണ് സത് സംഗത്തിന് സെന്ററുകൾ ഉള്ളത്?

മദനപ്പള്ളി ഒന്നു മാത്രം. എല്ലായിടത്തും ആളകൾ ഉണ്ട്. സെന്ററുകൾ ഇല്ല. അതിന് പ്രധാന കാരണം എനിക്ക് ബിൽഡിങ്ങിൽ വിശ്വാസമില്ല എന്നതുതന്നെയാണ്.ആളുകളാണ് വേണ്ടത്. അങ്ങ നെയെങ്കിൽ സ്ഥലം വാടകക്കെടുത്തും പരിപാടികൾ നടത്താം. മെമ്പർഷിപ്പ് എടുക്കാൻ അങ്ങനെ നിബന്ധനകളും വച്ചിട്ടില്ല. താൽപ്പര്യമുള്ള ആർക്കും ചേരാം. എന്റെ ഒരു പ്രഭാഷണവും ടിക്കറ്റുവച്ചുള്ള പരിപാടിയുമല്ല. താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. അതിൽ താൽപ്പര്യമുള്ളവർക്ക് വേണേൽ വല്ലതും ഡൊണേറ്റ് ചെയ്യാം എന്ന് മാത്രം. ഇതേപോലെയാണ് നമ്മുടെ ബോർഡും പ്രവർത്തിക്കുന്നത്.

സത് സംഗത്തിന്റെ ആസ്തി എന്തൊക്കെയാണ്?

മദനപ്പള്ളിയിലെ സ്‌കൂളും പിന്നെ എന്റെ വീടും ആ സ്ഥലവും അതാണ് പ്രധാന ആസ്തി.

കന്യാകുമാരി തൊട്ട് കശ്മീർ വരെ അങ്ങ് പദയാത്ര നടത്തി. എന്തായിരുന്നു ലക്ഷ്യം ? എന്ത് നേടി?

മാനവ് ഏകതാ മിഷന്റെ പദയാത്രയായിരുന്നു അത്. മാനവ് ഏകതാ എന്ന ആശയം എത്രത്തോളം എത്തിക്കാൻ പറ്റി എന്നു ചോദിച്ചാൽ അറിയില്ല. പക്ഷെ കുറെ മാറ്റം വന്നിട്ടുണ്ട്. ഞങ്ങൾ പോയ സ്ഥലങ്ങളിലൊക്കെ ഇപ്പോഴും അതിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. അതിനപ്പുറം നമ്മൾ കോൺട്രിബ്യൂട്ട് ചെയ്തതിനേക്കാളും നമ്മൾക്ക് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി. ഇതാണ് യാത്രയുടെ ഏറ്റവും വലിയ നേട്ടം. തിരിച്ചറിഞ്ഞ ഒരു കാര്യം ശാരശരി ഇന്ത്യാക്കാരന് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ തന്നെയാണ് താൽപ്പര്യം.

അങ്ങും ആർഎസ്എസും തമ്മിലുള്ള ബന്ധം എന്താണ്? അങ്ങൊരു ആർഎസ്എസ്സുകാരനാണെന്ന് ഞങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ പറഞ്ഞാൽ നിഷേധിക്കുമോ?

രാഷ്ട്രീയ സ്വയം സേവക് സംഘം എന്നാണ് ആർഎസ്എസിന്റെ പേര്. ഞാനും ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. ഞാൻ അവരുമായി നല്ല രീതിയിൽ ബന്ധമുണ്ടായിട്ടുണ്ട്. നാഗ്പൂരിൽ പല പ്രാവശ്യം പോയിട്ടുണ്ട്. അവരുടെ മുതിർന്ന നേതാക്കളുമായൊക്കെ സംസാരിച്ചിട്ടുണ്ട്. എങ്കിലും മതം മാറണമെന്നോ തുടങ്ങിയ തരത്തിലുള്ള ഒരു കാര്യവും അവർ ആവശ്യപ്പെട്ടിട്ടില്ല ഇതുവരെ. ഞാൻ ഔദ്യോഗികമായി അവരുടെ അംഗമല്ല. പക്ഷെ അവരെയും നമുക്ക് മാറ്റിനിർത്താൻ പറ്റില്ല. കാരണം അവരും മനുഷ്യരാണ്.

ആന്റിനാഷണൽ ആണെന്ന് അവരെ ഒരിക്കലും പറയാൻ പറ്റില്ല. അവർ നല്ല നാഷണലിസ്റ്റുകളാണ്. പക്ഷെ എന്റെ യൂണിവേഴ്സൽ ആശയവും അവരുടെ നാഷണൽ ആശയവും തമ്മിൽ ഇതുവരെ ഒരു ഫ്രിക്ഷൻ വന്നിട്ടില്ല. അതുകൊണ്ട് അതും ഞാൻ അക്സപ്റ്റ് ചെയ്യും.പിന്നെ അവരുടെ മൂവ്മെന്റ്സിൽ എന്തെങ്കിലും തെറ്റ് തോന്നിയാൽ ചൂണ്ടിക്കാട്ടാൻ ഞാൻ ഒരുക്കമാണ്.പക്ഷെ മാറ്റി നിർത്താൻ പറ്റില്ല.

ആർഎസ്എസ് വെറുക്കപ്പെടേണ്ട സംഘടനയാ എന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണയുടെ ഭാഗമാണ്. എല്ലാ സംഘടനയിലും ചില എക്സ്ട്രിമിസ്റ്റുകൾ കാണും. ഉദാഹരണത്തിന് മുസ്ലിംസംഘടന. ആ മത വിഭാഗത്തിലും ചില എക്സ്ട്രീമുകൾ ഉണ്ട്. എന്നുവച്ച് എല്ലാ മുസ്ലീങ്ങളും അങ്ങനെയാണെന്ന് നമുക്ക് പറയാൻ പറ്റുമോ. അത് തന്നെയാണ് ഇവിടെയും

മുസ്ലിംവിരുദ്ധതയാണ് ആർഎസ്എസിന്റെ അജണ്ട എന്നുപറഞ്ഞാൽ?

ഒരിക്കലും അങ്ങിനെ പറയാൻ പറ്റില്ല. ഈ അടുത്ത് ജമാ അത്ത് ഇസ്ലാമി ചീഫും ആർഎസ്എസ് നേതൃത്വവും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു. അത്രെ ഉള്ളു കാര്യങ്ങൾ. പിന്നെ ഞങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ആര് പറയുന്നുവോ അത്തരക്കാരെ എനിക്ക് അംഗീകരിക്കാൻ കഴിയില്ല.

ഭൗതിക വാദിയായ പിണറായി വിജയനും ആത്മീയ വാദിയായ അങ്ങും തമ്മിലുള്ള ബന്ധം?

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒരാൾ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് അയാൾ നമ്മുടെ സുഹൃത്തല്ലാതാകുന്നില്ല. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമെന്നു മാത്രം. ഇപ്പോൾ ഷാജൻ തന്നെ നാളെ ഒരു പാർട്ടിയിൽ ചേർന്നു. അതുകൊണ്ട് എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റില്ലലോ. അതുപോലെ തന്നെ പിണറായി വിജയനുമായി വളരെ മുമ്പുള്ള ബന്ധമാണ്.

സമ്മതിച്ചു.. അങ്ങൊരു ആത്മീയ വാദിയാണ്..അപ്പോൾ പിണറായിയും ഒരു ആത്മീയ തലങ്ങളുണ്ടെന്നാണോ അങ്ങ് പറയുന്നത്?

ഒരാൾ പുറത്തുകാണിക്കുന്നതല്ലാതെ അകത്തെന്താണെന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് നമ്മൾ പ്രതീക്ഷിക്കാത്ത ചില ക്വാളിറ്റിയുണ്ടാവാം. നമ്മൾ റൂളൗട്ട് ചെയ്യരുത്.

ആർഎസ്എസ് സ്ഥലമനുവദിച്ച വിവാദം എന്താണ് ശരിക്കും?

അത് ഞങ്ങൾ അപേക്ഷ സമർപ്പിച്ചത് കണ്ടാൽ തന്നെ മനസിലാകും. യോഗ ശാസ്ത്രീയമായി പരിശീലിക്കാൻ സ്ഥലം വേണം എന്നാണ് ഞങ്ങൾ അപേക്ഷിച്ചത്്. അതിന് അവർ സ്ഥലം അനുവദിച്ചു. അതും ഫ്രീയായിട്ടല്ല. മുപ്പത്തിയഞ്ച് ലക്ഷം രൂപ വർഷത്തിൽ കൊടുക്കണം. ഈ പറയുന്നത് പോലെ നമ്മളോട് അനുഭാവമുണ്ടെങ്കിൽ അത് സൗജന്യമായി അനുവദിക്കുമല്ലോ. പല സംഘടനകൾക്കും കൊടുത്തിട്ടുമുണ്ടല്ലോ. അങ്ങനെ യോഗ സെന്ററും ആർ എസ് എസും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.

സത്സംഗ് ഫൗണ്ടേഷൻ തന്നെയാണ് യോഗ പരീശീലനത്തിന്റെ ചെലവ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും ഭീമമായ തുക ഞങ്ങൾക്ക് കഴിയില്ല. അത് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വന്ന് പിണറായി വിജയനെ കണ്ടോ?

കണ്ടല്ലോ... വീട്ടിൽ പോയി. ഗവർണ്ണറെയും കാണുന്നുണ്ട്.

ആത്മീയ ഗുരുവായ അങ്ങെന്തിനാണ് കോവിഡിൽ വിഷമിക്കുകയോ ഭയക്കുകയോ ചെയ്യുന്നത്?

ആത്മീയതയൊക്കെ പറഞ്ഞാലും മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ നമുക്കും വിഷമം വരും. ഹൃദയമുണ്ടെങ്കിൽ അത് നടക്കും. ഇപ്പോൾ ഒരാൾ വന്ന് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചുവെന്ന് പറയുന്നു. അദ്ദേഹത്തോട് നമുക്ക് വേദാന്തം പറയാൻ പറ്റില്ലലോ. അത്തരം വിഷമങ്ങൾ സമയമെടുത്തേ നമുക്ക് മാറ്റാൻ പറ്റു. പിന്നെ ആത്മാവാണ് ശരീരമല്ല എന്ന് വിശ്വാസം ഉണ്ടെങ്കിൽ പോലും ഇത്തരം സാഹചര്യത്തിൽ അതൊന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല. കംപാഷൻ വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. അതില്ലെങ്കിൽ എത്ര നോളജുണ്ടായിട്ടും കാര്യമില്ല.

എന്താണ് ഇനിയുള്ള അങ്ങയുടെ ലക്ഷ്യം?

ഇപ്പോൾ ചെയ്യുന്നത് തുടരണമെന്നേയുള്ള ഇപ്പോൾ ആഗ്രഹം. 72 വയസ്സായി ഇനി എത്രകാലം എന്നറിയില്ല. അപ്പോൾ ഹ്യുമാനിറ്റിയെ ഒന്നുകുടി ഒരുമിച്ച് കൊണ്ടുവന്ന് മുൻപോട്ട് പോണം. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

അവസാനമായി ചോദിക്കട്ടെ... ഇന്നത്തെ യുവ തലമുറയോട് അങ്ങേക്ക് പറയാനുള്ളത് എന്താണ്?

ആരെയും നമ്മുടെ ബുദ്ധിയെ നിയന്ത്രിക്കാൻ സമ്മതിക്കരുത്. സ്വന്തമായി ചിന്തിക്കണം ഇതാണ് ഏറ്റവും പ്രധാനമായി പറയാനുള്ളത്.മതമുൾപ്പടെയുള്ളവയെ രണ്ടാമതാക്കി മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് മനസിലാക്കി ജീവിക്കണം. ഇത്രയും ചെയ്താൽ തന്നെ നമുക്ക് മനസമാധാനത്തോടെ മുൻപോട്ട് പോകാൻ സാധിക്കും. പിന്നെ മൂന്നാമത്തെ കാര്യം. ശാസ്ത്രീയമായി ചിന്തിച്ചു ജീവിക്കുക. ഭക്തി ഭാവം, റസ്പെക്ട്, ഇതെല്ലാം ഉണ്ടാക്കിയെടുക്കണം. വെറും ഐടി കൊണ്ട് മാത്രം മനുഷ്യന് ജീവിക്കാൻ പറ്റില്ല. പിന്നെ പ്രകൃതിയെ സ്നേഹിക്കുക ഇതൊക്കെയാണ് ഞാൻ യുവാക്കളോട് പറയാറുള്ളത്.

ഇനി രക്ഷിതാക്കളോട് ... കുട്ടികൾ ആർഗ്യു ചെയ്താൽ അത് പറ്റില്ല എന്നു പറയരുത്. അവരുമായി ഇരുന്ന് ചർച്ച ചെയ്യാൻ തയ്യാറാകണം.എങ്കിൽ മാത്രമെ മുന്നോട്ട് പോകാൻ പറ്റു.