മുംബൈ: ഐപിഎൽ പതിനാലാം സീസണിൽ ഇന്ന് രണ്ടുമത്സരങ്ങൾ. ആദ്യമത്സരത്തിൽ കോലി-ധോണി നേർക്കുനേർ ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 3.30നാണ് ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം. മികച്ച ഫോമിൽ നിൽക്കുന്ന രണ്ട് ടീമുകൾ മുഖാമുഖമെത്തുമ്പോൾ ജയം ആർക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാംഗ്ലൂർ ബാറ്റിങ് നിര മികച്ച ഫോമിലാണ്. മുൻ വർഷങ്ങളിൽ തപ്പിത്തടഞ്ഞിരുന്ന ആർസിബി അല്ല ഇത്തവണ കോലിയുടെ ടീം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ബാംഗ്ലൂർ ഇത്തവണ ആരാധകരുടെ ഫേവറിറ്റുകളിൽ ഒന്നാണ്.

ആദ്യ രണ്ട് കളികളിൽ മുംബൈക്കും ഹൈദരാബാദിനുനെതിരെ കഷ്ടിച്ചാണ് ജയിച്ചതെങ്കിൽ കൊൽക്കത്തയെയും രാജസ്ഥാനെയും തോൽപ്പിച്ചത് ആധികാരികമായി. കോലിയും പടിക്കലും മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിങ് നിര പേരിലെ പെരുമ കളിക്കളത്തിലും കാഴ്ചവയ്ക്കുന്നു. രാജസ്ഥാനെതിരായ സെഞ്ചുറിയോടെ ദേവ്ദത്ത് പടിക്കലും ഫോമിലേക്കുയർന്നു. എന്നാൽ ബൗളിങ് നിരയിൽ കെയ്ൽ ജാമീസണും മുഹമ്മദ് സിറാജും ഒഴിച്ചുള്ളവർക്കും മികവ് കണ്ടെത്താനായില്ല.

മറുഭാഗത്ത് ആദ്യ കളിയിൽ ഡൽഹിയോട് തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് കളികളും ജയിച്ച ചെന്നൈ ഇക്കുറി മികച്ച ഫോമിലാണ്. പഞ്ചാബിനും രാജസ്ഥാനും എതിരെ മികച്ച പ്രകടനമാണ് ചെന്നൈ ബൗളർമാർ പുറത്തെടുത്തത്. ബാറ്റ്‌സ്മാന്മാരിൽ ഫാഫ് ഡുപ്ലെസിസും മോയീൻ അലിയും താളം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ക്യാപ്റ്റൻ എം എസ് ധോണിയും സുരേഷ് റെയ്നയും അമ്പാട്ടി റായ്ഡുവും രവീന്ദ്ര ജഡേജയും ഉൾപ്പെടെയുള്ളവർ തപ്പിത്തടയുകയാണ്. മൂന്നുകളികളിൽ ബാറ്റ് ചെയ്ത ധോണിക്ക് നേടാനായത് 35 റൺസ് മാത്രം.

നേർക്കുനേർ വന്ന 26 കളികളിൽ 16ലും ജയം ചെന്നൈക്ക് ആയിരുന്നെങ്കിലും ഇത്തവണ അത്തരം കണക്കുകൾക്ക് എത്രമാത്രം പ്രസക്തി ഉണ്ടെന്നത് കാത്തിരുന്ന് കാണാം.


ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. നാലിൽ മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ഡൽഹി. അതേസമയം കഴിഞ്ഞ മത്സരത്തിലെ ആധികാരിക ജയത്തോടെ വീണ്ടെടുത്ത ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

പുതിയ ക്യാപ്റ്റന് കീഴിലും കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കുകയാണ് ഡൽഹി. ബാംഗ്ലൂരിനൊപ്പം കിരീട സാധ്യത തുടക്കത്തിലേ കൽപിക്കപ്പെടുന്നു. ശിഖർ ധവാനും റിഷഭ് പന്തും അപാര ഫോമിൽ. സ്റ്റീവ് സ്മിത്ത് കൂടെ ഫോമിലേക്കെത്തി. ഷിമ്രോൻ ഹെറ്റ്മയറും മാർക്കസ് സ്റ്റോയിനിസുമടക്കം പിന്നെയും വമ്പനടിക്കാർ. മൂന്ന് കളികൾ ചേസ് ചെയ്ത് ജയിച്ച ബാറ്റിങ് സംഘത്തിന് ആത്മവിശ്വാസം വാനോളം. ബൗളർമാരെ റൊട്ടേറ്റ് ചെയ്യുന്നതിലടക്കം റിഷഭിന്റെ ക്യാപ്റ്റൻസിയും അഭിനന്ദനമർഹിക്കുന്നു.

എന്നാൽ ഹൈദരാബാദിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഇതൊക്കെയാവും. നേർക്കുനേർ വന്ന 18ൽ 11 ലും ജയിച്ചത് ഹൈദരാബാദാണ്. ഈ സീസണിൽ തോറ്റ് കിതച്ച ടീം പക്ഷെ അവസാന കളിയിൽ പഞ്ചാബിനെതിരെ സടകുടഞ്ഞെഴുന്നേറ്റു. ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം ഡൽഹിക്കുള്ള മുന്നറിയിപ്പ്. ഡേവിഡ് വാർണറിനും ജോണി ബെയർ‌സ്റ്റോയ്ക്കും പിന്നാലെ ബാറ്റിങ് യൂണിറ്റ് ചീറ്റ് കൊട്ടാരം പോലെ തകരാതിരിക്കാൻ കെയ്ൻ വില്യംസൺ എത്തിയിരിക്കുന്നു.

ഭുവനേശ്വർ കുമാറും റാഷിദ് ഖാനും നയിക്കുന്ന ഹൈദരാബാദ് ബൗളിങ് നിരയും മികച്ചത്. യോർക്കർ വീരൻ ടി നടരാജൻ പരിക്കേറ്റ് പിൻവാങ്ങിയെങ്കിലും അഭാവം നിലവിൽ ടീമിൽ പ്രതിഫലിക്കില്ല. ചെന്നൈയിലെ ഒടുവിലെ ഫലങ്ങൾ പരിഗണിച്ചാൽ ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കാനാവും സാധ്യത.