മുംബൈ: ഐ പി എല്ലിൽ ഇന്ന് ആവേശപ്പോരാട്ടങ്ങൾ.രണ്ട് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുക.വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.ആർസിബി കുപ്പായത്തിൽ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

എട്ട് കളിയിൽ ഒന്നിൽ മാത്രം തോറ്റ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിലാണ് ഗുജറാത്തിന്റെ മുന്നേറ്റം.മുഹമ്മദ് ഷമി, ലോക്കീ ഫെർഗ്യൂസൺ, ശുഭ്മാൻ ഗിൽ, റഷീദ് ഖാൻ എന്നിവരുടെ പ്രകടനവും നിർണായകം. അതേസമയം ബാറ്റർമാരുടെ മോശം ഫോമാണ് അവസാന രണ്ട് കളിയും തോറ്റ ബാംഗ്ലൂരിന്റെ പ്രതിസന്ധി.മുൻ നായകൻ വിരാട് കോലി പഴയമികവിന്റെ അടുത്തുപോലുമല്ല. 14 പോയിന്റുള്ള ഗുജറാത്ത് ഒന്നും ബാംഗ്ലൂർ അഞ്ചും സ്ഥാനത്താണ്.

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്. ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യം.

ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജുവിന്റെ രാജസ്ഥാൻ. ഉഗ്രൻ ഫോമിലുള്ള ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കം നിർണായകം. സഞ്ജുവിന്റെയും ഷിമ്രോൻ ഹെറ്റ്‌മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്‌കോർബോർഡിൽ രാജസ്ഥാന് ആശങ്കയില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് ബാറ്ററിയും ആർ അശ്വിൻ-യുസ്‌വേന്ദ്ര ചഹൽ സ്പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും.

ക്യാപ്റ്റൻ രോഹിത്തിന്റെ മോശം ഫോമിൽ തുടങ്ങുന്നു മുംബൈയുടെ പ്രതിസന്ധി. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും കെയ്‌റോൺ പൊള്ളാർഡിനും പ്രതീക്ഷയ്‌ക്കൊത്ത് കളിക്കാനാവുന്നില്ല. എന്നും വിശ്വസ്തനായ ജസ്പ്രീത് ബുമ്രയും മങ്ങിയതോടെ മുംബൈയുടെ ബൗളിങ് തീർത്തും ദുർബലമായി. ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നേടാനായത് 170 റൺസ്.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)