ബാംഗ്ലൂർ: ചന്ദ്രയാൻ പദ്ധതി വിജയകരമാക്കിയ ശേഷം മംഗൾയാനെന്ന ചൊവ്വാദൗത്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ നോക്കി പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങളും ആളുകളും കുറവല്ല. അഷ്ടിക്ക് വകയില്ലാത്ത ഇന്ത്യക്കാരൻ കാണരുതാത്ത സ്വപ്നമാണിതെന്ന തരത്തിലായിരുന്നു പരിഹാസങ്ങൾ. എന്നാൽ, ആക്ഷേപങ്ങൾക്ക് ചെവികൊടുക്കാതെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആർഒ ശാസ്ത്രഞ്ജർ കഠിന ശ്രമത്തിലായിരുന്നു. ഒടുവിൽ വിക്ഷേപിച്ച് 300 ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ ശാസ്ത്രലോകം അഭിമാനത്തോടെ തല ഉയർത്തി നിന്നു. ഇന്ന് രാവിലെ മംഗൾയാൻ ചരിത്രദൗത്യം പൂർത്തിയാക്കി ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയപ്പോൾ അഭിമാനം കൊണ്ട് ഒരോ ഭാരതീയനും വീർപ്പുമുട്ടി. ചൈനയ്ക്കും ബ്രിട്ടനും ഓസ്‌ട്രേലിയയും അടക്കമുള്ള വൻ രാഷ്ട്രങ്ങൾക്ക് സാധിക്കാത്ത ചൊവ്വാ ദൗത്യം വിജയത്തിലെത്തിച്ചതോടെ സാധാരണക്കാരനായ ഇന്ത്യക്കാരൻ പോലും ആർത്തുവിളിച്ചു ജയ് ഹിന്ദ് എന്ന്..

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അടക്കം നൂറ് കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നമാണ് വിജയം നേടിയത്. ഇതോടെ ആദ്യ ചൊവ്വാദൗത്യം തന്നെ വിജയകരമാക്കിയ ഏക രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഭ്രമണപഥത്തിലെത്തി മംഗൾയാനിൽ നിന്നുള്ള സിഗ്നലുകൾ കാൻബറയിലെ കേന്ദ്രത്തിൽ ലഭിച്ചതോടെയാണ് ദൗത്യം വിജയകരമെന്ന പ്രഖ്യാപനം വന്നത്. ഇന്ത്യൻ മണ്ണിൽ നിന്നും തൊടുത്ത പേടത്തിൽ നിന്നുള്ള സിഗ്നൽ 22 കോടി കിലോമീറ്റർ അകലെ നിന്നുമാണ് ലഭ്യമായത്. മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ കാലത്ത് തുടങ്ങിയ ചൊവ്വാ ദൗത്യത്തിന്റെ വിജയപ്രഖ്യാപനം നടത്താനുള്ള ചരിത്ര ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു സിദ്ധിച്ചത്. ശാസ്ത്രജ്ഞർക്കൊപ്പം ആകാംക്ഷാഭരിതരായി പ്രാർത്ഥനയോടെ മംഗൾയാൻ ഭ്രമണപഥത്തിലെത്തുന്നത് കാത്തിരുന്ന നരേന്ദ്ര മോദി ദൗത്യം വിജയിച്ചപ്പോൾ ശാസ്ത്രജ്ഞർക്കൊപ്പം ആഹ്ലാദഭരിതനായി. മോദി തന്നെയാണ് ഔദ്യോഗികമായി ഇന്ത്യൻ ചൊവ്വാദൗത്യം വിജയം കണ്ടതായി പ്രഖ്യാപിച്ചു.

ഇന്ത്യ ചരിത്രം കുറിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി ജ്വലിക്കുന്നത് നൂറുകോടി ജനതയുടെ അഭിമാനമെന്നും കൂട്ടിച്ചേർത്തു. ചൊവ്വയ്ക്ക് അങ്ങനെ നമ്മുടെ ചൊവ്വയ്ക്ക് അമ്മയെ കിട്ടി എന്നു പറഞ്ഞായിരുന്നു മോദി വിജയപ്രഖ്യാപനം നടത്തിയത്. അസാധ്യമായത് നേടാൻ കഴിയുന്നവരാണ് ഇന്ത്യൻ ശാസ്ത്രജ്ഞരെന്ന് ചൊവ്വാദൗത്യം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കിരീടം നേടി മടങ്ങിവരുന്നതിനേക്കാൾ ആഹ്ലാദകരമാണ് ഈ മുഹൂർത്തമെന്നും മോദി പറഞ്ഞു. ചൊവ്വാദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഐഎസ്ആർഒയെ അഭിനന്ദിക്കാൻ ഇന്ന് എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പ്രത്യേക യോഗം ചേർന്നത്. ചൊവ്വാദൗത്യത്തിന്റെ വിജയത്തിൽ നാസയും ഐഎസ്ആർഒയെ അഭിനന്ദനം അറിയിച്ചു. ചൊവ്വ പര്യവേഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവിൽ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവരാണ് ചൊവ്വ ദൗത്യം വിജയകരമായി പൂർ്ത്തിയാക്കിയത്.

ചരിത്രത്തിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ അതിനിർണായ ഘട്ടം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയ ഐസ്ആർഒ ശാസ്ത്രജ്ഞർ ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ദൗത്യത്തിന്റെ വിജയഘട്ടത്തിലേക്ക് കടന്നത്. ഇന്ന് പുലർച്ചെ 4.17.32 മുതലാണ് ഗെയിൻ ആന്റിനപ്രവർത്തന സജ്ജമായത്. 6.56.32ന് മംഗൾയാൻ ചൊവ്വയുടെ നേർക്ക് തിരിഞ്ഞു. 7.12.19ന് ഗ്രഹണം ആരംഭിച്ചു. സോളാർ പാനലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ ത്രസ്റ്റർ എൻജിനുകളാണ് പ്രവർത്തനം ഏറ്റെടുത്തത്. 7.14.32ന് ത്രസ്റ്ററുകൾ പേടകത്തെ വിപരീത ദിശയിൽ തിരിച്ചു. 7.17.32ന് ലാം എൻജിൻ ജ്വലിച്ചു. വേഗത കുറയ്ക്കാനുള്ള റിട്രോ ഫയറിങ് നടന്നു. ലിക്വിഡ് അപ്പോജി മോട്ടോർ 24 മിനിറ്റ് ജ്വലിപ്പിച്ചാണ് റിവേഴ്‌സ് ഫയറിങ്ങിലൂടെ പേടകത്തിന്റെ വേഗം കുറച്ചത്. 7.21.50ന് ചൊവ്വ മംഗൾയാനും ഭൂമിക്കും ഇടയിൽ വരികയും 7.22.32ന് റേഡിയോബന്ധം നിലയ്ക്കുകയും ചെയ്തു.

7.41.46ന് ലാം എൻജിന്റെ ജ്വലനം പൂർത്തിയായി. പേടകത്തിന്റെ വേഗത സെക്കൻഡിൽ 1.1 കിലോമീററായി കുറഞ്ഞു. 7.42.46ന് ചൊവ്വയുടെ ആകർഷണത്തിനനുസരിച്ച് മംഗൾയാൻ തിരിഞ്ഞു. ഭ്രമണപഥത്തിൽ എത്തിക്കാൻ പേടകത്തെ കറക്കി. 7.45.10ന് ചൊവ്വയുടെ ഗ്രഹണത്തിൽ നിന്ന് മംഗൾയാൻ പുറത്ത് വന്നു. 7.47.46 ടെലിമെട്രി ബന്ധം പുനഃസ്ഥാപിച്ചു. 7.52.46ന് മംഗൾയാനിന്റെ തിരിച്ചിൽ നിൽക്കുകയും 8.04.32ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ ചുറ്റാൻ തുടങ്ങുകയും ചെയ്തു.

രാവിലെ എട്ടോടെയാണ് മംഗൾയാനിൽ നിന്നുള്ള ആദ്യ സിഗ്‌നൽ ലഭിച്ചത്. ഓസ്‌ട്രേലിയയിലെ കാൻബറ സ്റ്റേഷനിൽ നിന്നാണ് സിഗ്‌നൽ ലഭിച്ചത്. ഇതോടെയാണ് ദൗത്യം വിജയിച്ചുവെന്ന അറിയിപ്പും വന്നത്. ചൊവ്വയുടെ ഏറ്റവും അടുത്ത് 423 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീർഘവൃത്തത്തിലാണ് മംഗൾയാന്റെ നിർദിഷ്ട ഭ്രമണ പഥം.

ഒരു ഭ്രമണത്തിന് 3.2 ദിവസം വേണം. ചൊവ്വയിൽ നിന്ന് ഐഎസ്ആർഒ സെന്ററിൽ സന്ദേശം എത്താൻ 12.5 മിനിറ്റ് വേണം. ഇരുവഴിക്കുമുള്ള ആശയവിനിമയത്തിന് 25 മിനിറ്റാണ് വേണ്ടത്. ബാംഗ്ലൂരിലെ ഡീപ് സ്‌പെയ്‌സ് നെറ്റ് വർക്ക് കേന്ദ്രത്തിലാണ് മംഗൾയാനിന്റെ നിയന്ത്രണം. നിർണായക സമയത്ത് പേടകം ചൊവ്വയുടെ മറുവശത്തായിരിക്കും എന്നതിനാലാണ് അമേരിക്കയിലെ ഗോൾഡ്‌സ്റ്റോൺ, സ്‌പെയിനിലെ മാഡ്രിഡ്, ആസ്‌ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിൽ നിന്ന് മംഗൾയാനെ നിരീക്ഷിക്കുന്നത്.

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെത്തന്നെ ബാംഗ്‌ളൂരിലെത്തിയിരുന്നു. മംഗൾയാനിലെ ലാം എൻജിൻ ജ്വലിക്കുന്ന നിർണായക നിമിഷത്തിന് അരമണിക്കൂർ മുമ്പേ അദ്ദേഹം ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് കേന്ദ്രത്തിലെത്തുകയും ചെയ്തു. ചെയർമാൻ ഡോ.രാധാകൃഷ്ണൻ, മുൻചെയർമാൻ ഡോ.കസ്തൂരി രംഗൻ തുടങ്ങിയ ശാസ്ത്രജ്ഞരും പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രത്തിലെത്തി.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ അതിന്റെ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ഇന്ത്യയുടെ പിഎസ്എൽവിഎക്‌സ്എൽ റോക്കറ്റിലാണ് ചൊവ്വയിലേക്ക് യാത്രയാരംഭിച്ചത്. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരയാത്രാ ദൗത്യമാണിത്.
ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്.

ഇൻഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ, മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറവ് പണം ചെലവഴിച്ച രാജ്യം ഇന്ത്യയാണ്. 450 കോടി രൂപയാണ് ഇന്ത്യക്ക് ചൊവ്വാദൗത്യത്തിന് വേണ്ടിവന്ന ചെലവ്. അമേരിക്കയുടെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാൻ അഞ്ചുകൊല്ലം വേണ്ടിവന്നപ്പോൾ ഇന്ത്യക്ക് വെറും ഒന്നരക്കൊല്ലം മാത്രമാണ് ആവശ്യമായിവന്നത്.