- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്; ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു; മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്കില്ല; പിണറായിക്കും സിപിഎമ്മിനുമെതിരെ മുസ്ലിംലീഗ്
മലപ്പുറം: മുഖ്യമന്ത്രി പിണറായിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് രംഗത്ത്. കേരള സമൂഹത്തിൽ ലീഗ് വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നു എന്ന് പിണറായി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ലീഗ് രംഗത്തുവന്നത്. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ മലപ്പുറത്ത് പറഞ്ഞു.
ബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സമുദായങ്ങളെ ഭിന്നപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ആരോപിച്ചു. 'മൗലികമായ കാര്യങ്ങളിൽ മുസ്ലിം ലീഗ് വിട്ടുവീഴ്‌ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം ലീഗ് മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഇടി മുഹമ്മദ് ബഷീർ ആവർത്തിച്ചു.
അതേസമയം സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ മുസ്ലിം സമുദായത്തിന്റെ സർഗാത്മക പുരോഗതിയെ സിപിഎം തടയുന്നുവെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അഭിപ്രായപ്പെട്ടു. തലശ്ശേരി, കൊടുങ്ങല്ലൂർ, പൊന്നാനി അടക്കമുള്ള സിപിഎം ശക്തി പ്രദേശങ്ങളിലാണ് ഈ അവസ്ഥയുള്ളതെന്നും കെ.എം. ഷാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ തന്റെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നെന്നും തെളിവുകൾ കൈയിലുണ്ടെന്നുംഷ ഷാജി പറഞ്ഞു. കോഴിക്കോട് തന്റെ പ്രസംഗം കഴിഞ്ഞ ശേഷം തലശ്ശേരിയിലെ സിപിഐ.എം അനുഭാവിയായ ഒരാൾ എന്നെ വിളിച്ചു. ഞങ്ങൾക്ക് ഇവിടെ ജീവന് ഭീഷണിയൊന്നുമില്ല. പക്ഷെ സർഗാത്മകമായ ഒരു പ്രവൃത്തിയും സിപിഐ.എം അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വഅള് നടത്തണമെങ്കിൽ മൈക്ക് പെർമിഷന്റെ അപേക്ഷ പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്നതിന് മുമ്പ് പാർട്ടി ഓഫീസിൽ കൊടുക്കണമെന്നും ഷാജി പറഞ്ഞു.
'നിരീശ്വരവാദത്തിനെതിരെ പ്രസംഗിക്കുന്ന ആളെ കൊണ്ടുവരാൻ അനുവദിക്കില്ല. നബിദിന പരിപാടിയുടെ ചാർട്ട് പാർട്ടി നേതൃത്വത്തെ കാണിച്ച് മുൻകൂർ അനുമതി വാങ്ങണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ജബ്രകളും എക്‌സ് മുസ്ലിംസും എല്ലാം സിപിഐ.എം അനുഭാവികളോ പ്രവർത്തകരോ ആണ്. വടകര താലൂക്കിൽ കഴിഞ്ഞ 20 കൊല്ലത്തിനിടെ 26 കോളേജുകളും സ്‌കൂളുകളുമാണ് മുസ്ലിം മാനേജ്‌മെന്റിന് കീഴിൽ വന്നത്. ഇതിൽ ഒന്നുപോലും തലശ്ശേരിയിലില്ല,' എന്നായിരുന്നു ഷാജിയുടെ പ്രസംഗം.
താൻ കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മാത്രം ഏറ്റെടുത്ത് വിവാദമാക്കുകയാണെന്നും പ്രസംഗത്തിൽ താൻ നടത്തിയ പല പരാമർശങ്ങളും സിപിഐ.എം അവഗണിക്കുകയാണെന്നും ഷാജി കൂട്ടിച്ചേർത്തു. പണ്ട് പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചപ്പോൾ തന്നെ കുമ്മനം ഷാജിയെന്ന് വിളിച്ചിരുന്നെന്നും കണ്ണൂരിൽ സിപിഐ.എം- ആർ.എസ്.എസ് ബന്ധത്തെ വിമർശിച്ചപ്പോൾ പി.ജയരാജൻ താൻ താടിയില്ലാത്ത ബിൽ ലാദനാണെന്ന് പറഞ്ഞിരുന്നെന്നും ഷാജി പറഞ്ഞു.
ശബരിമല വിഷയത്തിൽ അയ്യപ്പന്മാരെ പിന്തുണച്ചപ്പോൾ അയ്യപ്പഷാജിയായെന്നും വഖഫ് സമ്മേളനത്തോടെ അത് മുല്ലാ ഉമർ ഷാജിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുപേരിട്ട് വിളിച്ചാലും തന്റെ നിലപാടുകൾക്ക് മാറ്റമുണ്ടാവില്ലെന്ന് ഷാജി വ്യക്തമാക്കി. സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യ സംസ്‌കൃത സർവകലാശാലയിൽ ജോലി നേടിയത് മുസ് ലിം സംവരണ സീറ്റിലാണെന്നും ഷാജി ആരോപിച്ചു.
മുസ്ലിം ലീഗ് വിട്ട് സിപിഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നുമാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥൻ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും കെ.എം. ഷാജി പറഞ്ഞു. ഏതെങ്കിലും പ്രാദേശിക പ്രശ്നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്ലിം കുടുംബങ്ങളിൽ നിന്നും സിപിഐ.എമ്മിലേക്ക് പോയിട്ടുള്ള കുട്ടികൾ മതത്തിൽ നിന്നും കൂടിയാണ് പോയിട്ടുള്ളത്.
ഈ സാഹചര്യം അനുവദിക്കാൻ പാടില്ല. സിപിഐ.എമ്മുമായി ചേർന്ന് പ്രവർത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. മലബാറിലെയും തെക്കൻ ജില്ലകളിലെയും ഈഴവ സമുദായത്തെ നിരീക്ഷിച്ചാൽ അത് മനസ്സിലാകും. തെക്കൻ ജില്ലകളിൽ ഈഴവ സമുദായം വിദ്യാഭ്യാസപരമായി മുന്നേറിയപ്പോൾ മലബാറിലെ ഈഴവർ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നുമായിരുന്നു കെ.എം. ഷാജി പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ