- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നു; നിലപാടിൽ മാറ്റമില്ല; മുസ്ലിംലീഗ് ശക്തമായ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രസർക്കാർ കൊടുത്ത അഫിഡവിറ്റ് വിചിത്രമെന്ന് ഇ ടി മുഹമ്മദ് ബഷീർ; ഹരജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
മലപ്പുറം: പിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചെങ്കിലും പൗരത്വ നിയമത്തിനെതിരെയുള്ള മുസ്ലിം ലീഗിന്റെ ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ അവധിക്കാല ബെഞ്ചിലേക്കാണ് ഇന്ന് ഹരജിയെത്തിയത്. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
കപിൽ സിബലിന്റെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്. പിൻവാതിലിലൂടെ പൗരത്വം നടപ്പിലാക്കാൻ ശ്രമിച്ച കേന്ദ്ര സർക്കാരിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി രണ്ട് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കുമെന്നും ലീഗ് നിയമ പോരാട്ടം തുടരുമെന്നും കോടതി ഉത്തരവിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേ സമയം പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്നു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി.
ഇന്ന് നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇന്നലെ മാത്രമാണ് ഞങ്ങൾക്ക് സർക്കാരിന്റെ സത്യവാങ്മൂലം കിട്ടിയത്. ഉടനെ തന്നെ ഞങ്ങൾ സുപ്രീം കോടതിയിൽ ഞങ്ങളുടെ കേസിന് നേതൃത്വം കൊടുക്കുന്ന അഡ്വ. കപിൽ സിപൽ , അഡ്വ. ഹാരിസ് ബീരാൻ, ലോയേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, എന്നിവരുമായി മുസ്ലിം ലീഗ് ഭാരവാഹികൾ വീഡിയോ കോൺഫെറൻസിങ് വഴി ചർച്ച നടത്തി. ഇന്ന് ഈ കേസ് കോടതിയിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണ്. അത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ്.
ഇത് സി.എ.എ നടപ്പിലാക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്. യഥാർത്ഥത്തിൽ സി എ എ എന്തായിരുന്നു. സി എ എ ദേശീയ തലത്തിൽ എതിർക്കാനുള്ള കാരണം പൗരത്വം, മതം മാനദണ്ഡമാക്കി എടുത്തു കൊണ്ടുള്ള നടപടിയാണ്. ഈ നടപടിയാണ് ഇന്ത്യയിലാകെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവരും എതിർത്തത്. ഇപ്പോഴത്തെ ഉത്തരവിൽ അതേ വാചകം തന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയ്തു കൊണ്ട് ഇത് ഞങ്ങൾ സി.എ.എ നടപ്പിലാക്കാൻ വേണ്ടിയല്ല എന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. സി.എ.എ ഒളിവിൽ നടപ്പിലാക്കാൻ വേണ്ടിയുള്ള കുബുദ്ധിയാണ് കേന്ദ്ര സർക്കാർ ഇതിൽ കാണിച്ചിട്ടുള്ളത്. കൗണ്ടർ അഫിഡവിറ്റിൽ ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ വിശദമായി സമർപ്പിക്കും. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് അതിന്റെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും ഇ. ടി പറഞ്ഞു.
മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹർജിയിൽ ലീഗ് ആരോപിക്കുന്നു. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനെ ഫയൽ ചെയ്ത അപേക്ഷയിൽ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009 ൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തതിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയില്ലയെന്ന് ലീഗ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലയെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.
പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാൽ ഇപ്പോൾ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരിൽ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്.