- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
അടൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ജീവനക്കാരെ ഇറക്കി വിട്ട മർദിച്ച കേസിൽ ഒന്നാം പ്രതിയായ കരിക്കിനേത്ത് തുണിക്കട ഉടമയ്ക്ക് മുൻകൂർ ജാമ്യം നേടുന്നതിന്അവസരമൊരുക്കാൻ പൊലീസിന്റെ തന്നെ ഒത്താശ. മർദനമേറ്റ പൊലീസുകാരെയും നിശബ്ദരാക്കിയതോടെ മറുനാടൻ മുൻപ് പ്രവചിച്ചതു പോലെയുള്ള അട്ടിമറി നീക്കം യാഥാർഥ്യമായിരിക്കുകയാണ്. കരിക്കിനേത്ത് തുണിക്കടയ്ക്ക് സമീപത്തായി പ്രവർത്തനം തുടങ്ങുന്ന മൈജി മൊബൈൽ സ്ഥാപനത്തിന്റെ ബോർഡ് വയ്ക്കാൻ വന്ന കരാർ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടയാൻ ചെന്ന പൊലീസുകാരെയാണ് മർദിച്ചത്.
വാർത്തയും വീഡിയോയും മറുനാടൻ പുറത്തു വിട്ടതോടെ സിപിഎമ്മിന്റെയും പൊലീസുകാരുടെയും രക്ഷാപ്രവർത്തനം പാളി. സാധാരണ ജോസിനെതിരേ ഏതു കേസ് വന്നാലും പൊലീസിലെ ഉന്നതരും സിപിഎമ്മിന്റെ ജില്ലാ നേതാക്കളും ഇടപെടുകയാണ് പതിവ്. പൊലീസുകാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ജോസിന്റെ ഗുണ്ടകൾ മർദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ പൊലീസിന് നിൽക്കക്കള്ളിയില്ലാതെയായി. ജാമ്യമില്ലാ വകുപ്പിട്ട് ആറു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കേസിൽ ജോസ് അടക്കം 10 പ്രതികളാണുള്ളത്. അന്ന് റിമാൻഡ് ചെയ്ത ആറു പേരൊഴികെ ബാക്കി ആരേയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ജോസിനെ അടക്കം ആരെയും അറസ്റ്റ് ചെയ്യാൻ ഉന്നത തല നിർദേശവും വന്നിട്ടില്ല. അടി കൊണ്ട പൊലീസുകാർക്കും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് പരാതിയില്ല എന്നുള്ളതാണ് ഏറെ ഖേദകരം.
കരിക്കിനേത്ത് ടെക്സ്റ്റൈൽസ് ജീവനക്കാരായ ഏഴംകുളം ചക്കനാട്ട് കിഴക്കേതിൽ രാധാകൃഷ്ണൻ (52), കൊടുമൺ ഐക്കാട് മണ്ണൂർ വീട്ടിൽ ഹരികുമാർ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടിൽ ശാമുവേൽ വർഗീസ് (42), ഏറത്ത് നടക്കാവിൽ വടക്കടത്തു കാവ് താഴേതിൽ വീട്ടിൽ പി.കെ.ജേക്കബ് ജോൺ (40), താമരക്കുളം വേടര പ്ലാവു മുറിയിൽ കല്ലു കുറ്റിയിൽ വീട്ടിൽ സജൂ (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടിൽ അനീഷ് (25) എന്നിവരാണ് റിമാൻഡിലുള്ളത്. എഎസ്ഐ കെബിഅജി, സിപിഒ പ്രമോദ് എന്നിവർക്കാണ് മർദനമേറ്റത്.
ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ 31 ന് രാവിലെ 9.15 നാണ് സംഭവം. വസ്ത്രവ്യാപാരശാലയ്ക്ക് സമീപംപുതിയതായി ആരംഭിക്കുന്ന മൈജി മൊബൈൽ വ്യാപാരശാലയുടെ പണികൾ തടസപ്പെടുത്തുന്നതായുള്ള കെട്ടിടം ഉടമ ഗീവർഗീസ് വൈദ്യന്റെ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. മൊബൈൽ കടയുടെ ബോർഡ് സ്ഥാപിച്ചു കൊണ്ടിരുന്നവരെ തുണിക്കടയിലെ ജീവനക്കാർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
വസ്ത്ര വ്യാപാര ശാലയുടെ സമീപത്ത് പുതിയ മൊ ബൈൽ കടയുടെ ബോർഡ് സ്ഥാപിക്കു ന്നത് തടയാൻ ഉടമ നിർദേശിച്ചുവെന്നാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. താൻ വരാതെ പൊലീസായാലും പട്ടാളമായാലും ഒരുത്തനെയും അവിടേക്ക് കയറ്റരുതെന്ന നിർദ്ദേശം അനുസരിച്ചായിരുന്നു ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ബോർഡ് സ്ഥാപിക്കാൻ ഏണിയിൽ കയറി നിന്ന ജീവനക്കാരെ കടയിലെ ജീവനക്കാർ തള്ളി താഴെയിടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ആക്രോശിച്ചു കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്.
ഗീവർഗീസ് വൈദ്യനും ജോസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തർക്കം പരിഹരിക്കാൻ സിപിഎമ്മുകാരാണ് ഇടപെട്ടത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വീട്ടിൽ വച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അടക്കം സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അനുരഞ്ജനമായിരുന്നില്ല. ഇതേ തുടർന്ന് ഗീവർഗീസ് വൈദ്യൻ പൊലീസിൽ പരാതയിയും നൽകിയിരുന്നു. അതിനിടെ അടൂരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ വിരുതൻ രണ്ടു കൂട്ടരുടെ കൈയിൽ നിന്നും പണം വാങ്ങിയെന്നും പറയുന്നു.
ജോസാണ് കൂടുതൽ പണം നൽകിയതത്രേ. അതു കൊണ്ട് തന്നെ ജോസിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് താൽപര്യം വരുന്നുമില്ല. കോഴ വിവാദത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരിക്കുന്ന ജോസിനെ അതിന്റെ തീരുമാനം വന്നിട്ട് അറസ്റ്റ് ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. ജോസ് ഇപ്പോൾ ബംഗളൂരുവിലാണ് ഉള്ളതെന്ന് പറയപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്