തിരുവനന്തപുരം: ഫോൺ ഇൻ പരിപാടിയിൽ, പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന വിവാദം എം.സി.ജോസഫൈന്റെ രാജിയിൽ കലാശിച്ചത് സിപിഎമ്മിൽ പൂർണമായി ഒറ്റപ്പെട്ടതോടെ. സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കളാരും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിലുള്ള ജോസഫൈന്റെ പരാമർശത്തെ പിന്തുണച്ചില്ല. യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പുറമേ, പാർട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവമായി വിവാദം മാറിയെന്നു നേതാക്കൾ പറഞ്ഞു. ജോസഫൈനെപോലെ ഒരു നേതാവോ കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ആളോ ഉപയോഗിക്കേണ്ട വാക്കുകളല്ല ഉണ്ടായത്. പദവിയുടെ ഉത്തരവാദിത്തം ജോസഫൈൻ മനസിലാക്കിയില്ലെന്നും വിമർശനമുയർന്നു. ജോസഫൈന്റെ നിലപാടുകൾക്കെതിരെ പാർട്ടി നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മുൻപ് നടത്തിയ പരാമർശങ്ങളും നടപടികളും വിവാദമായ സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാൽ തുടർച്ചയായി വിവാദ പരാമർശങ്ങളാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായത്. 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാംപയിൻ സംഘടിപ്പിക്കുന്ന വേളയിലുണ്ടായ പരാമർശം പാർട്ടിക്കു തിരിച്ചടിയായെന്നു വിലയിരുത്തലുണ്ടായി. യോഗത്തിൽ ഒരാൾപോലും ജോസഫൈനെ അനുകൂലിച്ചില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുള്ളവർ ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത വേണമെന്നാണ് നേതാക്കളുടെ പക്ഷം.

അതിനിടെ, എംസി ജോസഫൈന്റെ പഴയ ശബ്ദരേഖ പുറത്ത് വന്നു. ഭർത്താവ് വിവാഹം കഴിച്ച് പറ്റിച്ചെന്ന് പരാതിപ്പെട്ട കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഈ സംഭവം നടന്നത്. തന്നെക്കൂടാതെ മറ്റൊരു സ്ത്രീയെയും ഭർത്താവ് വിവാഹം കഴിച്ചെന്നും പിന്നീട് അവരെ ഉപേക്ഷിച്ച് മുറപ്പെണ്ണിനെ വിവാഹം കഴിച്ച് ഒടുവിൽ വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറയുന്നു. ഇതിന് മറുപടിയായി നിങ്ങളെയാണ് അടിക്കേണ്ടതെന്നാണ് ജോസഫൈൻ മറുപടി നൽകിയത്. പരാതി പൂർണമായും കേൾക്കാനും ജോസഫൈൻ തയ്യാറായില്ല. നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നാണ് ജോസഫൈൻ യുവതിയോട് പറഞ്ഞത്.

എവിടെപ്പോയാലും പറയുന്നത് ആരും കേൾക്കാൻ തയ്യാറാവുന്നില്ലെന്നും അതുകൊണ്ടാണ് വനിതാ കമ്മീഷനെ വിളിച്ചെതന്നും യുവതി എംസി ജോസഫൈനോട് പറഞ്ഞു. സംസാരത്തിനിടയിൽ യുവതി വിതുമ്പുന്നുണ്ട് . എന്നാൽ യാതൊരു അനുകമ്പയുമില്ലാതെയാണ് ജോസഫൈൻ സംസാരിച്ചത്. എങ്ങനെ തയ്യാറാവാണെന്നും നിങ്ങളുടെ വിവരക്കേട് കൊണ്ട് ചെയ്തതിന് ഞങ്ങളെ വഴക്കു പറഞ്ഞിട്ടെന്താണെന്നും ജോസഫൈൻ ശകാരിച്ചു. നല്ലൊരു അഭിഭാഷകനെ കണ്ട് കുടുംബ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചാണ് ഫോൺ വെച്ചത്.

മനോരമ ന്യൂസിന്റെ പരിപാടിക്കിടെയാണ് ജോസഫൈന്റെ രാജിയിൽ കലാശിച്ച മോശം പെരുമാറ്റം ഉണ്ടായത്. ഭർത്താവിൽനിന്നു മർദനമേറ്റെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിൽ, ഭർത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോൾ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്ന പ്രതികരണമാണ് അധ്യക്ഷയിൽനിന്നും ഉണ്ടായത്. പിന്നീട് സംഭവത്തിൽ അവർ മാപ്പു പറഞ്ഞു.

ജോസഫൈൻ തെറ്റ് ഏറ്റുപറഞ്ഞതായി പി.കെ.ശ്രീമതി

വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ച എം.സി.ജോസഫൈൻ തെറ്റ് ഏറ്റുപറഞ്ഞതായി സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതി. മനുഷ്യത്വവും സൗഹാർദവും പാർട്ടിയിൽ ഏറെ പ്രധാനമാണ്. വനിതാ കമ്മിഷനാണ് ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാന അത്താണി. പരാതിക്കാർക്ക് ആശ്വാസത്തോടെ പോകാൻ കഴിയുന്ന രീതിയിലാവണം ഇടപെടലുകളെന്നും ശ്രീമതി ചൂണ്ടിക്കാട്ടി.