- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം പിണറായി സർക്കാറിന്റെ 'താക്കോൽ' സ്ഥാനത്ത് ഡോ. കെ എം എബ്രഹാം; മുൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു; കിഫ്ബി സിഇഒയുടെ അധിക ചുമതല സത്യജിത്ത് രാജന്; സെബി മുൻ അംഗത്തിന്റെ നിയമനം ഐസക്കിന്റെ വിടവു നികത്താൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ നിർണായക നിയമനമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിയമനം. മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതാണ് നിർണായക നീക്കം. നിലവിൽ കിഫ്ബിയുടെ സിഇഒ ആയി പ്രവർത്തിക്കുകയാണ്. എം ശിവശങ്കരൻ നിയന്ത്രിച്ച ആദ്യ സർക്കാറിൽ നിർണായക സ്ഥാനത്ത് എത്തിയതെങ്കിൽ ഇക്കുറി നിരവധി സാമ്പത്തിക ബാധ്യതകൾ ഏർപ്പെടുക്കേണ്ട പശ്ചാത്തലത്തിൽ കൂടിയാണ് കെ എം എബ്രഹാമിന്റെ നിയമനം.
മുൻപ് നളിനി നെറ്റോ ഇരുന്ന തസ്തികയാണ് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടേത്. കിഫ്ബിയുടെ സിഇഒ പദവിയും അദ്ദേഹം വഹിക്കുമെന്നാണ് അറിയുന്നത്. ഈ പശ്ചാത്തലത്തിൽ കിഫ്ബി സിഇഒയുടെ അധിക ചുമതല സത്യജിത്ത് രാജനും നൽകിയിട്ടുണ്ട്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേരള സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിടെകും കാൺപൂർ ഐഐടിയിൽനിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. 2008 മുതൽ 2011വരെ സെബി അംഗമായിരുന്നു.
ഡോ. തോമസ് ഐസക്കിനെ പോലെ പ്രഗത്ഭ സാമ്പത്തിക വിദഗ്ധൻ ധനകാര്യ മന്ത്രിസ്ഥാനത്ത് ഇല്ലെന്നിരിക്കെയാണ് കെ എം എബ്രഹാമിനെ നിർണായക റോളിൽ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ അതിപ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് എബ്രഹാമിന്റെയും സ്ഥാനം.
കേരളസർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ബിടെക്, കാൺപൂർ ഐ.ഐ.ടി.യിൽ നിന്ന് എം.ടെക്, അമേരിക്കയിലെ പ്രശസ്തയായ മിഷിഗൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എന്നിവിടം വരെയെത്തി സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസം. പിന്നീടാണ് ഫിനാൻസിലേക്ക് കടന്നത്. അമേരിക്കയിൽ നിന്നു തന്നെ സി.എഫ്.എ. (ചാർട്ടേർഡ് ഫിനാൻഷ്യൽ അസിസ്റ്റന്റ്) നേടിയ എബ്രഹാം സ്റ്റൻഫോർഡ്, ജോൺ ഫ്രാപ്കിൻസ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ജലിസ് എന്നിങ്ങനെയുള്ള ലോകോത്തര സർവകലാശാലകളിൽ നിന്ന് വിവിധ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും പാസായിട്ടുണ്ട്. മെഷീൻ റീഡിങ്, ബിഗ്ഡേറ്റാ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസ്, എക്സ്പ്ലോറേറ്ററി ഡേറ്റ അനാലിസിസ് എന്നിങ്ങനെ എബ്രഹാം പഠിച്ച വിഷയങ്ങളുടെ എണ്ണം ഏറെ.
1982 ബാച്ച് ഐഎഎസിൽപെട്ട കെ.എം.എബ്രഹാം ഇത്രയും കാലത്തിനിടക്ക് സംസ്ഥാന സർക്കാർ സംവിധാനത്തിന് നൽകിയ സംഭാവനകൾ വളരെയാണ്. സംസ്ഥാന ധനകാര്യവകുപ്പിന് ഇന്ന് കാണുന്ന രൂപവും ഭദ്രതയും നൽകിയത് എബ്രഹാമാണ്. ട്രഷറി ഇടപാടുകൾ മുഴുവൻ കമ്പ്യൂട്ടറൈസ്ഡ് ചെയ്തെന്നും സർക്കാർ ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും ശമ്പളവിതരണവും സ്ഥലം മാറ്റവുമെല്ലാം കമ്പ്യൂട്ടറിലാക്കിയതും എബ്രഹാമിന്റെ ഉത്സാഹത്തിലായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ ആദ്യം കമ്പ്യൂട്ടറുമായി വന്ന ഉദ്യോഗസ്ഥനും അദ്ദേഹം തന്നെ.
1986 ൽ -- അന്നും ഇടതുപക്ഷ സംഘടനകളൊക്കെയും കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമയത്ത്. ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ജീവനക്കാർ എതിർത്തതുമൂലം എബ്രഹാമിന് സെക്രട്ടറിമാരുടെ മുറികളൊന്നും കിട്ടിയില്ല. അവസാനം ചീഫ് സെക്രട്ടറിയുടെ ഓഫീസിരിക്കുന്ന നോർത്ത് സാന്റ് വിച്ച് ബ്ലോക്കിന്റെ ടെറസിൽ ഒരു താത്കാലിക മുറിയുണ്ടാക്കി അവിടെയിരുന്നാണ് എബ്രഹാം ജോലി ചെയ്തത്. സംസ്ഥാനസർക്കാറിനുവേണ്ടി ഒരു കമ്പ്യൂട്ടർ നയം തയ്യാറാക്കി അന്നത്തെ ചീഫ് സെക്രട്ടറി വി.രാമചന്ദ്രന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. സെക്രട്ടറിയേറ്റിൽ നിന്ന് ഒരു പ്രവേശന പരീക്ഷ നടത്തി 38 പേരെ തിരഞ്ഞെടുത്ത് എൽ.ബി.എസ്. ശാസ്ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലിപ്പിക്കുകയും ചെയ്തു.
1996 ലെ നായനാർ സർക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവൺമെന്റ് പ്രോഗ്രാം (എം.ജി.സി.) എന്ന പദ്ധതിക്കു നേതൃത്വം നൽകിയതാണ് എബ്രഹാമിന്റെ മറ്റൊരു വലിയ നേട്ടം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (എഎസ്എപി) എന്ന പേരിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. മൂന്നു ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിലൂടെ വിവിധ മേഖലകളിൽ പരിശീലനം നേടിയത്.
1996 ൽ ത്തന്നെയാണ് കേരളത്തിന് ആദ്യമായി വിദേശ ഫണ്ടിങ് ലഭിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. രണ്ടുഘട്ടങ്ങളായി കിട്ടിയ 1300 കോടിരൂപ സംസ്ഥാനത്തിന്റെ പൊതു ചെലവുകൾക്കും വിവിധ വികസനപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിച്ചത്. എം.ജി.പി.യുടെ പ്രധാന ലക്ഷ്യങ്ങളാവട്ടെ ദരിദ്രജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുക, സർക്കാറിന്റെ പ്രധാന പരിപാടികൾ ശക്തമാക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നിവയും. ധനകാര്യമന്ത്രിയായിരുന്ന ടി.ശിവദാസമേനോൻ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതികളായിരുന്നു ഇവ. തന്റെ ശക്തി ധനകാര്യവകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന വിനോദ് റായിയും കെ.എം.എബ്രഹാമുമായിരുന്നു.
2008 മുതൽ 2011 വരെ സെബി (സെക്ര്യൂരിട്ടീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) അംഗമായകാലം കടുത്ത പരീക്ഷണകാലഘട്ടമായിരുന്നു എബ്രഹാമിന്. സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നൽകിയ രണ്ടു റിപ്പോർട്ടികൾ സഹാറായുടെ ഭീമമായ സാമ്പത്തിക കടങ്ങൾ പുറത്തുകൊണ്ടുവന്നു. സഹാറ ഇന്ത്യാ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ സഹാറ ഹൗസിങ് കോർപ്പറേഷൻ എന്നിവയുടെ ക്രമക്കേടുകൾ പുറത്തുനന്നതിനെത്തുടർന്ന് സഹാറ ഗ്രൂപ്പിന്റെ പ്രധാനി സുബ്രതാ റോയി വലിയ കുരുക്കിലായി. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകർ അണിനിരന്നിട്ടും എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ടിനെ വെല്ലുവിളിക്കാനായില്ല. 2014 ഫെബ്രുവരി 17 -ാം തീയതി രൂക്ഷണായ ഭാഷയിൽ പ്രഖ്യാപിച്ച വിധിയിൽ സുബ്രതാ റോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു സുപ്രീംകോടതി. 2012 ഓഗസ്റ്റ് 31 ന് ജസ്റ്റിസ് ജെഎസ് കെഹാർ, ജസ്റ്റിസ് കെഎസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച പ്രസിദ്ധമായ സഹാറാ കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2014 ലെ അറസ്റ്റ് വാറണ്ട്.
ഇതുൾപ്പെടെ പല അന്വേഷണങ്ങളുടെയും പേരിൽ ഏറെ സമ്മർദ്ദങ്ങൾക്കും വിധേയനായി എബ്രഹാം. അന്നത്തെ ശക്തനായ ധനകാര്യമന്ത്രി പ്രണബ് മുഖർജിക്കെതിരെ പ്രധാനമന്ത്രി ഡോ.മന്മോഹൻസിങ്ങിനു നേരിട്ടു പരാതി കൊടുക്കാനും എബ്രഹാം മടിച്ചില്ല. സെബിയുടെ പ്രവർത്തനങ്ങളിൽ ധനകാര്യമന്ത്രി ഇടപെടുന്നുവെന്നായിരുന്നു പരാതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം, സിബിഐ അന്വേഷണം എന്നിങ്ങനെ പലവഴിക്കായി എബ്രഹാം നേരിട്ട പീഡനങ്ങൾ. സെബിയിൽ രണ്ടാമതൊരു ഊഴം നിഷേധിക്കപ്പെടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ