- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്‌സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും; നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്: കെ മുരളീധരൻ
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നും വിജയിക്കാമെന്ന പ്രതീക്ഷയുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ഇനി ലോക്‌സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇനി നിയമസഭയിലേക്കേയുള്ളൂ. അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരൻ പറഞ്ഞു.
വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാം. നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടും. നേമം മണ്ഡലത്തിൽ വോട്ട് കച്ചവട പ്രശ്‌നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്‌നം. ഡീൽ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ തനിക്ക് നൂറ്റിയൊന്ന് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഇടത് പക്ഷമാണ് ബിജെപിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുന്നതെന്നും എംപി വിമർശിച്ചു. 'ശുഭപ്രതീക്ഷയാണ്. ബൂത്ത് തലം വരെ പ്രവർത്തനം ശക്തമായി. സജീവമാണ്. ഞങ്ങൾ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് പോരാടുന്നത്. ഇടത്പക്ഷം ഞങ്ങളും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് പറയുന്നത്. അത് ബിജെപിക്ക് ഇവിടെ സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ്. അത് ഞങ്ങൾ ഒരിക്കലും ചെയ്യില്ല. ലക്ഷ്യം ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുക്കുകയെന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശീതരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും. നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്. നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്.' മുരളീധരൻ പറഞ്ഞു.
കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന് നേമം മണ്ഡലത്തിൽ ഇത്തവണ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കണം എന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കോൺഗ്രസ് മണ്ഡലത്തിലിറക്കിയത്. കെ മുരളീധരൻ മണ്ഡലത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു. മണ്ഡലം രണ്ടായി തിരിച്ച് രണ്ട് മുതിർന്ന നേതാക്കൾക്ക് ചുമതലയും കൊടുത്തു. ബിജെപി വിരുദ്ധ വോട്ടുകൾക്കൊപ്പം ഇടത്തേക്ക് പോയ നിഷ്പക്ഷ വോട്ടും ഏകീകരിക്കാനാണ് കോൺഗ്രസ് ശ്രമം.
ശശി തരൂരാണ് ഇപ്പോൾ മണ്ഡലത്തിലെ കോൺഗ്രസിന്റെ അളവ് കോൽ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തരൂർ മണ്ഡലത്തിൽ നിന്ന് നേടിയത് 46472 വോട്ടുകളാണ്. ആ സമയത്തും ബിജെപി 12000 വോട്ടിന് മുന്നിലായിരുന്നു. ശശി തരൂർ നേടിയ വോട്ടും അതിനോടൊപ്പം പതിനായിരം വോട്ടെങ്കിലും നേടിയാൽ മാത്രമേ നേമത്ത് വിജയ സാധ്യതയുള്ളൂ എന്നാണ് കോൺഗ്രസ് കണക്ക്. അതിനാൽ അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ