- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിക്കുന്നിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണൻ; പ്രസ്താവന സ്ത്രീവിരുദ്ധം, കോൺഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നിൽ ശ്രമിക്കുന്നതെന്നും വിമർശനം; ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമെന്ന് ഡിവൈഎഫ്ഐയും; മാവേലിക്കര എംപിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്താവനിൽ പ്രതിഷേധം രേഖപ്പെടുത്തി ഇടതു നേതാക്കൾ. കൊടിക്കുന്നിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നിൽ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നിലിന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തുവന്നു. കൊടുക്കുന്നിൽ സുരേഷിന്റേത് അപരിഷ്കൃതമായ പ്രതികരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്. ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാക്കിയില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രതികരണമാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായതെന്നും റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവോത്ഥാന നായകനാണെങ്കിൽ മുഖ്യമന്ത്രി തന്റെ മകളെ ദളിതന് കെട്ടിച്ചുകൊടുക്കണമെന്നായിരുന്നു കൊടിക്കുന്നിൽ പറഞ്ഞത്. കടുത്ത സ്ത്രീവിരുദ്ധതയുള്ളതും, വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച നൂതനകാലത്തിന്റെ അഭിപ്രായത്തോട് തീരെ ചേർന്നുപോകാത്തതുമാണ് കൊടുക്കുന്നിലിന്റെ പ്രതികരണമെന്നും റഹിം പറഞ്ഞു. പ്രായപൂർത്തിയായവർ ആരെ വിവാഹം കഴിക്കണമെന്നും ആരൊക്കെയുമായി ബന്ധം സ്ഥാപിക്കണമെന്നതുമൊക്കെ സംബന്ധിച്ച ആധുനിക കാലത്തെ ചിന്തയുമായി ചേർന്ന് വരുന്നതല്ല കൊടുക്കുന്നിലിന്റെ അഭിപ്രായം.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ തഴയപ്പെട്ടത് ദളിതനായതിനാലാണെന്ന് പറഞ്ഞയാളാണ് കൊടിക്കുന്നിൽ. നവോത്ഥാന നായകർ നടത്തിയ പോരാട്ടം കേരളത്തിലെ അക്കാലത്തെ സാമൂഹ്യ സാഹചര്യങ്ങൾക്കെതിരെയുള്ളതായിരുന്നു. അതേ സാഹചര്യമാണ് ഇന്നും ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ തുടരുന്നതെന്ന് കൊടിക്കുന്നിൽ ഓർക്കണം. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളൊക്കെയും കോൺഗ്രസ് ഭരിച്ചതാണ്. പുതിയ കാലത്തിന്റെ അഭിപ്രായങ്ങളോട് ചേർന്നുപോകാത്ത ചിന്തയാണ് കോൺഗ്രസിനെ നയിക്കുന്നവർക്കുള്ളതെന്നും റഹിം പറഞ്ഞു.
മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നിൽ പറഞ്ഞത്. അയ്യങ്കാളി ജന്മദിനത്തിൽ ദലിത് -ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കിൽ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
മറ്റു മന്ത്രിമാരുടെ ഓഫീസുകളിൽ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സർക്കാറിൽ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയർത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സർക്കാറിന്റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ