- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന്റെ ഉഗ്രശാസന: കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്മാറി; സെമിനാറുകളിൽ നിന്നും പോസ്റ്റർ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കും; എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും എതിരു നൽക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടത് എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി
കണ്ണൂർ: സിപിഎം ഉഗ്രശാസനയെ തുടർന്ന് പാർട്ടി പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് കെ. റെയിൽ - സിൽവർ ലൈൻ പദ്ധതിക്കെതിരായുള്ള പ്രക്ഷോഭ പരിപാടികളിൽ സഹകരിക്കുന്നതിൽ നിന്നും പിന്മാറുന്നു സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് സിൽവർ ലൈൻ പദ്ധതിക്കെതിരെ മറ്റു സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ, സെമിനാറുകൾ, പോസ്റ്റർ പ്രചരണം എന്നിവയിൽ നിന്നും വിട്ടു നിൽക്കാനാണ് പരിഷത്തിന്റെ തീരുമാനം.
കെ. റെയിൽ - സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള സമരം യു.ഡി.എഫ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ എതിരു നിൽക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം പരിഷത്ത് ഭാരവാഹികളെ എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി ആവശ്യപ്പെട്ടിരുന്നു 90 ശതമാനം സിപിഎം അനുഭാവികളും പ്രവർത്തകരും അംഗങ്ങളായുള്ള പരിഷത്ത് സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് പാർട്ടി പ്രവർത്തകർക്കിടെയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
ഇപ്പോൾ പരിഷത്തിന്റെ വിവിധ ജില്ലാ കമ്മിറ്റികൾ കെ. റെയിൽ പദ്ധതിക്കെതിരെ പഠന റിപ്പോർട്ടു തയ്യാറാക്കി കൊണ്ടിരിക്കുകയാണ് ഇതു നിർത്തിവയ്ക്കാൻ പരിഷത്ത് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നേതൃത്വത്തിന്റെ നിലപാടിൽ ചില ജില്ലാ കമ്മിറ്റികൾ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സംഘടനയായി അറിയപ്പെടുന്ന പരിഷത്തിന്റെ അസ്ഥിവാരം തന്നെ തകർക്കുന്ന തീരുമാനമാണിതെന്നാണ് എതിർക്കുന്നവരുടെ വാദം. പരിഷത്ത് സ്ഥാപക നേതാവായ ഡോ.ആർ.വി.ജി മേനോൻ ഉൾപ്പെടെയുള്ള കെ.റെയിൽ പദ്ധതി പരിസ്ഥിതിയെ തകർക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
കെ റെയിൽ പദ്ധതിക്കെതിരെ തൃശൂരിൽ മേധാ പട്കർ പങ്കെടുത്ത പദ്ധതി വിരുദ്ധ കൂട്ടായ്മയിൽ നിന്നും പരിഷത്ത് വിട്ടുനിന്നത് സിപിഎം നിർദ്ദേശിച്ചതു പ്രകാരമാണെന്നാണ് സൂചന. ക്ഷണമുണ്ടായിട്ടും ഈ പരിപാടികൾ പങ്കെടുക്കേണ്ടതില്ലെന്ന് പരിഷത്ത് നേതൃത്വം പ്രവർത്തകരെ അറിയിക്കുകയായിരുന്നു ഇതിനു ശേഷം വിവിധ ജില്ലകളിൽ നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ യോഗങ്ങളിൽ നിന്നും പരിഷത്ത് പിന്മാറിയിട്ടുണ്ട്. ഇടതു സർക്കാർ നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയായ കെ റെയിൽ - സിൽവർ ലൈൻ പദ്ധതിയെ കുറിച്ചു ആദ്യത്തെ ആധികാരിക പ0ന റിപ്പോർട്ട് സംസ്ഥാനത്ത് തയ്യാറാക്കിയത് ശാസ്ത്രസാഹിത്യ പരിഷത്താണ്. എന്നാൽ ഇതിന്റെ ഭവിഷ്യത്തുക്കൾ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ഏറ്റെടുക്കുകയായിരുന്നു. ഇതിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
സർക്കാരിന്റെയും പാർട്ടിയുടെയും എതിർപ്പുകൾ അവഗണിച്ചു കൊണ്ടു മുൻപോട്ടു പോയാൽ പരിഷത്ത് പിളർത്തി പുതിയ ഒരു ശാസ്ത്ര സംഘടന രൂപീകരിക്കാൻ സിപിഎമ്മിൽ ആലോചനയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശാസ്ത്ര രംഗത്തെ പ്രഗത്ഭരുമായി ഇതു സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി സൂചനയുണ്ട്.
ഇതാണ് പരിഷത്ത് നേതൃത്വത്തെ കെ.റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പുറകോട്ടടിപ്പിക്കാൻ കാരണമായത്. എന്നാൽ കെ റെയിൽ പദ്ധതി എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു സംഘടനയ്ക്കകത്തു നിന്നു ചർച്ച നടത്തുന്നുണ്ടെന്നും ഇതിന് ലഘുലേഖകൾ അടക്കം തയ്യാറാക്കി പ്രചാരണം നടത്തുന്നുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഒ.എം ശങ്കരൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്