കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തിയതിൽ അത്ഭുതമില്ലെന്ന് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ പങ്കെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായ പാർട്ടിയിൽ ഇതും അതിലുമപ്പുറവും നടക്കുമെന്നും സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുട്ടിൽ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. ഇതിലെ പ്രതിയുമായി മുഖ്യമന്ത്രിയുള്ള ചിത്രം പി.ടി തോമസ് എംഎ‍ൽഎ നിയമസഭയിൽ പുറത്തുവിട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവോ ഞാനോ മുട്ടിൽ വനംകൊള്ള നടന്ന സ്ഥലത്തേക്ക് പോകും. ഇക്കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.കേരളത്തിൽ കള്ളപ്പണമൊഴുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫും ബിജെപിയുമാണെന്ന് സുധാകരൻ പറഞ്ഞു.

കണ്ണൂർ വിമാനതാവളത്തിൽ അദാനി കള്ളപ്പണവുമായി വന്നത് ആർക്കു വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാമെന്നും സുധാകരൻ പറഞ്ഞു. തളിപ്പറമ്പിൽ ജ്യോത്സ്‌നെ കാണാൻ പോയത് അദ്ദേഹത്തിന്റെ സഹോദരനാണ്. ഈ വിഷയത്തിൽ കൂടുതൽ പറയേണ്ടി വരുമെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ ഇനി പാർട്ടി നിലപാടുകൾക്കെതിരെ പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്കെതിരെയുള്ള വിമർശനം ഒരു തരത്തിലും അംഗീകരിക്കില്ല. പഴയതുപോലെ പാർട്ടിയിൽ ഇനി പഴയതുപോലെ ഗ്രൂപ്പു പ്രവർത്തനമുണ്ടാകില്ല. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ ജംബോ കമ്മിറ്റിക്കുണ്ടാവില്ല. ഈ വിഷയത്തിൽ എല്ലാം നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. താൻ ഇതുവരെ ഗ്രൂപ്പുണ്ടാക്കിയിട്ടില്ലെന്നും പാർട്ടിയിൽ ഗ്രൂപ്പ് താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ല.

ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. ഗ്രുപ്പ് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല ഡി.സിസി അധ്യക്ഷന്മാരെ താഴെക്കിടെയിലുള്ള പ്രവർത്തകരുടെ മനസറിഞ്ഞാണ് തെരഞ്ഞെടുക്കുക. ഇതിൽ യാതൊരു ഇടപെടലും കെപിസിസി അധ്യക്ഷനെന്ന നിലയിൽ താൻ ഇടപെടില്ല. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഹൈക്കമാൻഡിനോട് അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.