- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപി
കണ്ണൂർ: വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാകൂ എന്ന് എം വി ഗോവിന്ദൻ പറഞ്ഞത് അദ്ദേഹത്തിന്റെ തിരിച്ചറിവാണെന്ന് സുധാകരൻ പറഞ്ഞു.
ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം വി ഗോവിന്ദന്റെ പ്രസ്ഥാവന. എംവി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോഴാണ്. പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ലെന്നത്. തൊഴിലാളികളോട് മാപ്പുപറയാൻ തയ്യാറാകണമെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമല കരട് യുഡിഎഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണ ഘടനയ്ക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമലയ്ക്ക് അനുകൂലമായി കോൺഗ്രസിനകത്ത് നിന്ന് ആദ്യ വെടി പൊട്ടിച്ചത് താനാണ്. ഇത് പറയുന്നത് ഏതെങ്കിലും തരത്തിലുള്ള അവകാശവാദത്തിന് അല്ല. ശബരിമലയിൽ എ ഐ സി സി നിലപാടും ഇപ്പോൾ വിശ്വാസികൾക്ക് അനുകൂലമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്നത് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യം ആണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും കെ സുധാകരൻ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒപ്പീനിയൻ പോളിൽ 87 ശതമാനം പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തന്റെ പേരാണ് പറഞ്ഞത്. ഇതോടെ തനിക്കുള്ള പിന്തുണ വ്യക്തമായിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാൽ എതിരാളിയെ വിമർശിച്ചപ്പോൾ സ്വന്തം പാർട്ടി നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ വേദനയുണ്ടായി. പാർട്ടി തിരുത്തിയപ്പോൾ സന്തോഷമുണ്ടായി. കെ പി സി സി പദവി മാത്രം ലക്ഷ്യം വച്ചല്ല പ്രവർത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആർക്കും ഇപ്പോൾ പരാതിയൊന്നുമില്ല. സംഘടന തെരഞ്ഞെടുപ്പ് നടത്താതെ കോൺഗ്രസിന് രക്ഷയില്ലെന്ന് രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ പറഞ്ഞെന്നും കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള 'ചെത്തുകാരന്റെ മകനാണെന്ന' വിവാദ പരാമർശത്തിലും സുധാകരൻ വിശദീകരിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാൽ എതിരാളിയെ വിമർശിച്ചപ്പോൾ സ്വന്തം പാർട്ടി നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ വേദനയുണ്ടായി. എന്നാൽ, പാർട്ടി പിന്നീട് ഇത് തിരുത്തിയപ്പോൾ സന്തോഷമുണ്ടായന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞതോടെ ഇടത് ഗ്രൂപ്പുകളിൽ പോലും ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. നമ്മൾ ഇപ്പോഴും ജന്മിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. കെ.എസ്.ടി.എ കണ്ണൂർ ജില്ലാ സമ്മേളനം മുനിസിപ്പൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മാർക്സിസത്തിന്റെ കാതലായ വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തെ സിപിഎം നേതാവ് തള്ളിപ്പറഞ്ഞത്.
'1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.'
ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി.
തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
വർഗീയതയ്ക്കെതിലെ നിലപാടെടുക്കുമ്പോൾ തന്നെ അവരവരുടെ വിശ്വാസത്തെ നിഷേധിക്കാൻ പാടില്ല. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പന്തിയിൽ നിൽക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട്. അതാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട്. ആ നിലപാട് കൃത്യമായി മനസ്സിലാക്കാതെ നമുക്ക് ശരിയായ ദിശാബോധത്തോടെ മുമ്പോട്ടു പോകാനാകില്ല- ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം വീണ്ടും ചർച്ചയാകുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ പരമാർശങ്ങൾ. പ്രസംഗത്തിൽ ശബലിമലയിലെ വിവാദങ്ങളെ കുറിച്ചും ഗോവിന്ദൻ പ്രതികരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ