- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ മനോവിഷമം, അങ്ങനെ പറയാൻ പാടില്ലായിരുന്നു; രണ്ട് തവണ ചർച്ച നടത്തി; ഡിസിസി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തള്ളി കെ സുധാകരൻ; മുമ്പ് ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്; ഇത്തവണ അതിന് മാറ്റമുണ്ടായെന്ന് കെപിസിസി പ്രസിഡന്റ്
ന്യൂഡൽഹി: ഡിസിസി പട്ടിക തയ്യാറാക്ക്ും മുമ്പ് വേണ്ടത്ര ചർച്ച നടന്നില്ലെന്ന മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് സുധാകൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നോന്നും അവകാശപ്പെടുന്നില്ല. പോരായ്മകൾ പരിഹരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. എന്നിട്ടും ഇത്രയും വിമർശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം വാസ്തവവിരുദ്ധം. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചർച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ ഡയറിയിൽ കുറിച്ചിരിക്കുന്നത് സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ചു.
ഇത്രയുകാലം ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്. രണ്ടു ഗ്രൂപ്പുകൾ നൽകുന്ന പേരുകളാണ് പരിഗണിച്ചിരുന്നത്. ഇതിന് മുൻപ് നിരവധി തവണ പുനഃ സംഘടന നടന്നിട്ടുണ്ട്. അപ്പോഴെല്ലാം ഗ്രൂപ്പുകൾ നൽകുന്ന പേരുകളാണ് പരിഗണിച്ചത്. ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്. താൻ വർക്കിങ് പ്രസിഡന്റ് ആയിരുന്ന സമയത്ത് തന്നോട് ചർച്ച നടത്താതെ സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും തീരുമാനിച്ച് ഹൈക്കമാൻഡിന് സമർപ്പിക്കുകയാണ് ഉണ്ടായത്. പണ്ട് സ്ഥാനാർത്ഥി പട്ടികയിലും ഭാരവാഹി പട്ടികയിലും ആരോടൊക്കെ ഇവർ ചർച്ച നടത്തിയെന്നും സുധാകരൻ ചോദിച്ചു.
നേരത്തെ ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്തെ പുതിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടുത്തു നിൽക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി പുതിയ പട്ടികയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പട്ടിക സംബന്ധിച്ചു ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. കോൺസിനെ ശക്തിപ്പെടുത്തുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതനുസരിച്ച് മുൻപോട്ട് പ്രവർത്തിക്കും. ഇതിനു മുൻപും പുനഃസംഘടന സംബന്ധിച്ച് പല ചർച്ചകൾ നടന്നിട്ടുണ്ട്. അതിനുമുൻപ് ഫലപ്രദമായ ചർച്ചകൾ സംസ്ഥാനത്ത് നടന്നു. ഇതുപോലെ പ്രശ്നം ഉണ്ടായിട്ടില്ല.
കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു. കോട്ടയത്തെ സംബന്ധിച്ച് പാനലാണ് ചോദിച്ചത്. ആ പാനലിൽ നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നീ മൂന്നു നേതാക്കളുടെ പേരുണ്ടായിരുന്നു. പാനൽ ചോദിച്ചതു കൊണ്ടാണ് 3 നേതാക്കളുടെ പേരു നൽകിയത്. ഒരാളുടെ പേര് ചോദിച്ചിരുന്നെങ്കിൽ ഒന്നു കൂടി ചർച്ച ചെയ്ത് എന്താകും എന്നു തീരുമാനിക്കുമായിരുന്നു. ഇതിനപ്പുറം ഒരു കാര്യവുമില്ല.
ഇടുക്കി ഡിസിസിയിൽ ഇപ്പോൾ വച്ചിരിക്കുന്ന പ്രസിഡന്റിനായി താൻ നിർബന്ധിച്ചു എന്നാണ് പ്രചാരണം. ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേര് താൻ പറയുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിക്കില്ല. ചിലരൊക്കെ ചില താൽപര്യങ്ങളുടെ പേരിൽ വാർത്തകൾ സൃഷ്ടിക്കുന്നു. മുതിർന്ന നേതാക്കളെ അവഗണിച്ചു എന്നു പറയുന്നില്ല. മുതിർന്ന നേതാവ് ആരെന്ന്, ചർച്ച ചെയ്യുന്നവരാണ് തീരുമാനിക്കേണ്ടത്.
പണ്ടൊക്കെ ചെയ്തു വന്നിരുന്ന രീതിയുണ്ട്. ഇവിടെ ഫലപ്രദമായ ചർച്ച നടക്കും. കുറെക്കാര്യങ്ങളിൽ യോജിപ്പുണ്ടാകും. കുറെക്കാര്യങ്ങളിൽ തർക്കങ്ങൾ വരും. ആ തർക്കങ്ങൾ എന്തൊക്കെ എന്നു മാത്രം എഴുതി തയാറാക്കി അതിന്റെ വിവിധ വശങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തും. അതിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കും. അവർക്കും അത് എളുപ്പമായിരുന്നു. ഇത് എല്ലാം കൂടി അങ്ങോട്ട് ചെന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. വളരെയേറെ സ്വാതന്ത്ര്യം നൽകുന്നു. അത് ദുർവിനിയോഗം ചെയ്യരുത് എന്നു മാത്രമേയുള്ളൂ. സസ്പെൻഷൻ ചെയ്യും മുൻപ് വിശദീകരണം ചോദിക്കുക എന്നതാണ് ജനാധിപത്യപരമായ രീതി. കൂടിയാലോചന നടന്നില്ലെന്നും നടക്കാത്ത കാര്യം നടന്നു എന്നുപറയുന്നതും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ