- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു; നേതാക്കളുടെ നിർബന്ധനത്തിന് വഴങ്ങി അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ സമ്മതിച്ച് കെപിസിസി അധ്യക്ഷൻ; മുതിർന്ന നേതാക്കൾ ഉപദേശവുമായി എത്തിയത് ആരോഗ്യ പ്രശ്നങ്ങൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ; പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ആർക്കെന്ന ചർച്ച സജീവം; സുധാകരനും യു എസിലേക്ക്
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ ബോംബുകൾ പൊട്ടുകയും ആരോപണ പ്രത്യാരോപണങ്ങളിൽ ഭരണ - പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടുകയും ചെയ്യുന്നതിനിടെ കെപി സി സി പ്രസിഡന്റ് കെ സുധാകരൻ വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നു. ഈയാഴ്ച തന്നെ അദ്ദേഹം അമേരിക്കയ്ക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് സുധാകരൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക പോകുന്നത്. കോവിഡ് വന്നതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പലവിധത്തിൽ സുധാകരനെ അലട്ടുന്നുണ്ട്. കുറച്ചുകാലമായി നിരന്തരം അദ്ദേഹം ചികിത്സകളിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളാൽ പണ്ടത്തെ പോലെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ കെ സുധാകരന് കഴിഞ്ഞിരുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തും സുധാകരന് വേണ്ടതു പോലെ പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ സമയം പാർട്ടിക്ക് വേണ്ടി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വന്ന ഡിസിസി കളിൽ പലതും നിർജ്ജീവമാണ്. ഡിസിസി കളെ ആക്ടീവാക്കിയതു സുധാകരനാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഫലപ്രദമായി ഇപ്പോൾ ഇടപെടാൻ കഴിയുന്നില്ല. അതിനാലാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ അമേരിക്കയിലേക്ക് പോകുന്നത്. സുധാകരനൊപ്പം മറ്റ് നേതാക്കൾ ആരെങ്കിലും അനുമഗമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
സുധാകരൻ തിരിച്ച് എത്തുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല ആർക്ക് നല്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പകരം ചുമതല തൽക്കാലം ആർക്കും നൽകാനും സാധ്യതയില്ലെന്നാണ് സൂചനകൾ. അടുത്തകാലത്ത് കോൺഗ്രസിന് ഉണർവ്വു പകർന്നത് കെ സുധാകരൻ - വി ഡി സതീശൻ കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ട് പാർട്ടിയേയും പ്രതിപക്ഷത്തെയും കൂടുതൽ ഊർജ്ജസ്വലമാക്കിയിട്ടുണ്ട്. തൃക്കാക്കരയിൽ നേടിയ വിജയം കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇനിയും പാർട്ടിയെ കെ സുധാകരൻ തന്നെ നയിക്കണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം പഴയതുപോലെ എല്ലായിടവും ഓടി എത്താൻ സുധാകരന് കഴിയുന്നില്ല. പുനഃസംഘടന നടക്കുമ്പോഴും സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരാനാണ് പുതിയ ഫോർമുലയും. അതിനിടെയാണ് സുധാകരനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതും. തുടർന്നാണ് സതീശൻ അടക്കമുള്ളവർ വിദഗ്ധ ചികിത്സ എടുക്കണമെന്ന നിർദ്ദേശം കെപിസിസി അധ്യക്ഷനോട് പറഞ്ഞതും.
ആരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള അസ്വസ്ഥതകൾ ഇരട്ടിച്ചപ്പോൾ പല ഒറ്റമൂലി വൈദ്യമാരെയും സുധാകരൻ കണ്ടിരുന്നു. ഇത് രോഗം വഷളാക്കാനെ വഴിവെച്ചുള്ളു. സുധാകരൻ മോൻസൺ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്ക് പോയതും വിവാദമായിരുന്നു. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷണനും പിന്നാലെയാണ് കെ സുധാകരനും അമേരിക്കയിൽ ചികിത്സ തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രണ്ടര മാസം മുൻപാണ് അമേരിക്കയിൽ ചികിത്സ തേടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ മയോക്ലിനിക്കിലെ തുടർച്ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ്് അമേരിക്കയിൽ പോയത്. രണ്ടാഴ്ചയാണ് കോടയേരി ബാലകൃഷണൻ അമേരിക്കയിലുണ്ടായിരുന്നത്.. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ പാർട്ടി സെന്ററിന് ചുമതല നൽകിയായിരുന്നു യാത്ര. ഈ വർഷം ജനുവരി 11 മുതൽ 26 വരെയും മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോയത്.
രോഗത്തെ തുടർന്ന് 2020 നവംബറിൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തിരുന്നു. തുടർ ചികിൽസയ്ക്കായി അവധി എടുക്കുന്നു എന്നായിരുന്നു പാർട്ടി വിശദീകരണം. തുടർന്ന്, തലസ്ഥാനത്താണ് തുടർ ചികിൽസ നടത്തിയത്. എ.വിജരാഘവനാണ് സെക്രട്ടറിയുടെ ചുമതല അന്ന് നൽകിയത്. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.