- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവുമായുള്ള പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണ്; അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത്; പ്രശ്നം തീർക്കാൻ ജോജു എത്തിയതാത്, എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചു; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
തിരുവനന്തപുരം: ജോജുവുമായുള്ള പ്രശ്‌നം ജോജുവുമായി മാഥ്രമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോജുവുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത് എന്നാണ് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിച്ചു.
അന്ന് ജോജുവിൽ നിന്നുണ്ടായത് അപക്വമായ നടപടിയാണ്. അതിന് സിനിമ ലോകത്തെ എല്ലാവരേയും ശിക്ഷിക്കരുത്. പ്രശ്നം തീർക്കാൻ ജോജു എത്തിയതാണെന്നും എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന നികുതി കുറയ്ക്കാനായി സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചക്ര സ്തംഭന സമരം പൂർണമായും ജനം സ്വീകരിച്ചന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനനികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടി തൃപ്തികരമല്ല. പക്ഷേ കേരളം അത്ര പോലും കാണിക്കാത്തത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നടി മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്ന സത്യൻ അന്തിക്കാടിന്റെ സിനിമയ്ക്ക് ചിത്രീകരണ അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ രംഗത്തുവന്നിരുന്നു. ജയറാം, മീരാ ജാസ്മിൻ ചിത്രത്തിന്റെ ബസ് സ്റ്റാൻഡിൽ വച്ചുള്ള ഷൂട്ടിംഗിനായി തൃക്കാക്കര ബസ് സ്റ്റാൻഡ് വിട്ടുതരണമെന്ന അപേക്ഷയുമായാണ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായ രണ്ടു പേർ ചെയർപേഴ്‌സണിന്റെ ചേംബറിലെത്തിയത്. എന്നാൽ ഇവർക്കെതിരെ കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ് നിലപാടാണ് അനുമതി നിഷേധിച്ചതിന്റെ പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ ഉച്ചയോടെയാണ് അനുമതിക്കായി ചലച്ചിത്ര പ്രവർത്തകർ എത്തിയത്. ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിംഗിന് അനുമതി നൽകണോ? എന്ന മറുപടിയോടെയാണ് ഇവരെ അജിത തങ്കപ്പൻ നേരിട്ടത്.
എങ്ങനെ തോന്നി എന്നോട് ഇതു ചോദിക്കാൻ എന്നും അവർ ചോദിച്ചു. എന്നാൽ ഈ സിനിമയിൽ ജോജു അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് അനുമതി സംഘടിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ചെയർപേഴ്‌സൺ അയഞ്ഞില്ല. തൃക്കാക്കര കേരളത്തിൽ സിനിമ ചിത്രീകരണം ഏറെ നടക്കുന്ന സ്ഥലമാണ്, നഗര സഭ കടുംപിടിത്തം തുടർന്നാൽ അത് ഭാവയിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.