- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
''അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി? രോഷാകുലയായി ഇങ്ങനെ ചോദിച്ച മിവ ജോളിയും ജലപീരങ്കിയെ മൂവർണ്ണക്കൊടിയിൽ പ്രതിരോധിച്ച വർഗീസുമാണ് ഈ സമരത്തിലെ മുന്നണി പോരാളികൾ; കൊച്ചിയിലെ സമര വിജയത്തിൽ അഭിനന്ദനവുമായി കെ സുധാകരൻ
കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ ഇടംപിടിച്ച ആലുവ ഈസ്റ്റ് സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള തീരുമാനം ഇന്ന് രാവിലെയാണ് സർക്കാർ കൈക്കൊണ്ടത്. രണ്ട് ദിവസമായി ഈ വിഷയത്തിൽ ശക്തിയുക്തം സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ വിജയമാണ് ഇതെന്നാണ് കോൺഗ്രസുകാർ അവകാശപ്പെടുന്നത്. ഇന്നലെ ആലുവയിൽ കണ്ടത് കേരളം അടുത്തകാലത്തായി ദർശിച്ച ഏറ്റവും വലിയ സമരമാണ്.
അതുകൊണ്ട് തന്നെ മാറുന്ന കോൺഗ്രസിന്റെ ശൈലിയായി സമരം വിലയിരുത്തപ്പെടുന്നു. കോൺഗ്രസ് അടിമുടി മാറുന്നുവെന്ന് വ്യക്തമാക്കുകയാണ് കെ സുധാകരനും. ഈ സമര വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നു. കെഎസ് യു പ്രവർത്തകൻ മിവ ജോളിയുടെയും മണ്ഡലം പ്രസിഡന്റ് വർഗീസിന്റെയും അടക്കമുള്ളവരുടെ വിജയമാണ് ഇതെനന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു.
ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണെന്ന് സുധാകൻ ഫേസ്‌ബുക്കിൽ കുറിച്ചു. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ. പ്രതിക്ക് സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്മാർക്ക് അഭിവാദ്യളെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആലുവാ സി ഐ സുധീറിന് സസ്പൻഷൻ!
ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.
''അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?' എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വർഗീസും കോൺഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.
മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.
പ്രതിക്ക് സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ !
മറുനാടന് മലയാളി ബ്യൂറോ