- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും; അപരന്റെ നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം; സുരേന്ദ്രൻ ഉപയോഗിച്ച മൊബൈൽ നൽകാത്തത് കോടതിയെ ബോധിപ്പിക്കും
കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് കേസന്വേഷണ സംഘം കാസർകോട് വാർത്തയോട് പറഞ്ഞു. കെ സുരേന്ദ്രൻ ഉൾപെടെ ആറ് പേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ സ്ഥാനാർത്ഥിയും സുരേന്ദ്രന്റെ അപരനുമായ കെ സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കൂടാതെ യുവമോർച മുൻ സംസ്ഥാന ട്രഷററും കാസർകോട് ജില്ലക്കാരനുമായ സുനിൽ നായിക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അന്വേഷണത്തിന്റെ ഭാഗമായി സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഹാജരാക്കാൻ പലതവണ നോടീസ് നൽകിയിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പൊലീസ് സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഫോൺ ഉപയോഗിച്ചു വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപിയുടെ അനുമതി ലഭിക്കുന്നതോടു കൂടി കാസർകോട് സിജെഎം കോടതിയിൽ കുറ്റപ്പത്രം സമർപ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന് പുറമേ ഭീഷണിപ്പെടുത്തൽ, തടങ്കലിൽ പാർപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
പട്ടികജാതി- പട്ടികവർഗ പീഡന വകുപ്പുപ്രകാരം കേസെടുക്കണമെന്ന ഹർജി കോടതിയുടെ പരിഗണനയിലാണ്. കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദര, മാതാവ് തുടങ്ങി നിരവധി സാക്ഷികളാണ് കേസിൽ ഉള്ളത്. സാക്ഷിമൊഴികൾക്കു പുറമെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും സിസി ടിവി ദൃശ്യങ്ങളുമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കെ സുന്ദര കോഴ സംബന്ധിച്ചുള്ള വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പിബി അബ്ദുർ റസാഖിനോട് വെറും 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നത്. അന്ന് അപരനായി മത്സരിച്ച കെ സുന്ദര 467 വേട്ടുകൾ നേടിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർത്ഥി സുന്ദര വീണ്ടും പത്രിക നൽകിയതോടെ, അദ്ദേഹത്തെ പിന്മാറാൻ രണ്ട് ലക്ഷം രൂപയും സ്മാർട് ഫോണും കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എകെഎം അശ്റഫിനോട് സുരേന്ദ്രൻ തോറ്റതോടെ വാഗ്ദാനങ്ങൾ നിറവേറ്റാതോടെയാണ് കോഴ സംബന്ധിച്ചുള്ള വിവരങ്ങൾ സുന്ദര തന്നെ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്.
സുന്ദരയുടെ വളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന വി വി രമേശൻ നൽകിയ ഹർജിയിൽ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഐപിസി 171(ബി), 171(ഇ) വകുപ്പുകൾ അനുസരിച്ച് കാസർകോട് ബദിയഡുക്ക പൊലീസായിരുന്നു കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.