- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് പിന്നാലെ നിങ്ങൾ പോകാത്തതെന്ത്? നിങ്ങൾ എന്തുകൊണ്ട് അവരുടെ വീഡിയോ പകർത്തുന്നില്ല? കെ സുരേന്ദ്രൻ പങ്കെടുത്ത യോഗങ്ങളിൽ പിന്തുടർന്ന് രഹസ്യപ്പൊലീസ്; ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; പ്രകോപിപ്പിച്ചത് അനുവാദമില്ലാതെ ബിജെപി യോഗത്തിൽ കടന്നുകയറിയത്
തിരുവല്ല: സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ വിടാതെ പിന്തുടർന്ന് രഹസ്യപ്പൊലീസുകാർ. യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തിയ പൊലീസുകാരന് നേരെ സുരേന്ദ്രൻ പൊട്ടിത്തെറിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിൽ നിങ്ങൾ എന്തു കൊണ്ട് വീഡിയോ പകർത്തുന്നില്ല എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാനെത്തിയ സുരേന്ദ്രൻ ആദ്യം തിരുവല്ലയിലെ യോഗങ്ങളിലാണ് പങ്കെടുത്തത്. പെരിങ്ങര പഞ്ചായത്തിലായിരുന്നു ആദ്യ യോഗം. ഇവിടം മുതൽ രഹസ്യപ്പൊലീസ് നിരീക്ഷിക്കുകയായിരുന്നു. തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിന് സമീപമുള്ള ഹാളിലായിരുന്നു രണ്ടാമത്തെ യോഗം. കുറ്റുർ ശബരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കിടെയാണ് സുരേന്ദ്രൻ ഈ വിഷയം ശ്രദ്ധിച്ചത്.
വേദി വിട്ടിറങ്ങി വന്നപ്പോഴാണ് ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തത്. അനുവാദമില്ലാതെ ബിജെപി യോഗത്തിൽ നുഴഞ്ഞു കയറിയതാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ നിങ്ങൾ റെക്കോഡ് ചെയ്യാറുണ്ടോ? ഒരെണ്ണമാണെങ്കിൽ പോട്ടേന്ന് കരുതാം. താൻ പോകുന്നതിന് പിന്നാലെയെല്ലാം നടക്കുന്നത് എന്തിനാണെന്നും ആരു പറഞ്ഞിട്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. പൊതുയോഗമാണെങ്കിലും പാർട്ടിയുടെ യോഗമാണെങ്കിലും പൊലീസ് നിരീക്ഷിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ജില്ലയിലും താനിത് കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ട്രെൻഡിനെ കുറിച്ച് സുരേന്ദ്രൻ
അബ്ദുള്ളക്കുട്ടിയോ ഏതെങ്കിലും നേതാവോ കാരണമല്ല, മോദി സർക്കാരിന്റെ പ്രവർത്തനം കൊണ്ടാണ് മതന്യൂനപക്ഷങ്ങളിൽ നിന്ന് ബിജെപിയിലേക്ക് കൂടുതൽ ആളുകൾ മത്സരിക്കാൻ വന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം തദ്ദേശം -2020ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടിയ ജില്ലകളിലൊന്ന് മലപ്പുറമാണ്. ജീവിത സാഹചര്യത്തിൽ വന്ന മാറ്റങ്ങളാണ് മോദിയോടുള്ള നിലപാട് മാറ്റത്തിന് പിന്നിൽ. ഞങ്ങൾക്ക് മോദിയാണ് ജീവിതം തന്നത് എന്നാണ് പതിനെട്ടും ഇരുപതും വയസുള്ള പെൺകുട്ടികൾ പറയുന്നു. അതാണ് മതന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കാൻ കാരണമായത്. പതിവിന് വിപരീതമായി സംസ്ഥാനത്ത് രണ്ടു മുന്നണികളോടും ക്രൈസ്തവ സമൂഹത്തിന് അതൃപ്തിയാണുള്ളത്. അവർ ബിജെപിക്കൊപ്പം നില കൊള്ളും. ക്രൈസ്തവ സമുദായം മൊത്തത്തിൽ ഒരു മോദി അനുകൂല നിലപാട് സ്വീകരിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. ഇതിന് കാരണം യുഡിഎഫിനുള്ളിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്തമാണ്. ഇത് ക്രൈസ്തവ സമുഹത്തിന് പൊതുവേ അതൃപ്തിയുണ്ടാക്കി. ഭീകര സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് നേതാക്കന്മാർ കൂട്ടുകെട്ടുണ്ടാക്കുന്നു. ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങളിൽ ശക്തമായ എതിർപ്പ് ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. വിദേശരാജ്യങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ക്രൈസ്തവ സമുദായത്തിന് അതൃപ്തിയുളവാക്കുന്നു. മോദിയുടെ വികസന പദ്ധതികൾ മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ ജനങ്ങളും സ്വീകാര്യത ഉണ്ടാക്കി. ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനയാണെന്ന് ലോകം മുഴുവൻ അംഗീകരിച്ചതാണ്. തെളിവ് അന്വേഷിച്ച് പോകേണ്ട കാരണമില്ല.
തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫ്- യുഡിഎഫ് ഐക്യം നിലവിൽ വന്നുകഴഞ്ഞു. മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കാലാകാലങ്ങളിൽ ഇവർ നടത്തിയിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബീഫ് ഫെസ്റ്റ് ചർച്ചയാക്കി. ഇത്തവണയും മതപരമായ ധ്രുവീകരണത്തിന് അവർ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ വ്യത്യാസം മതന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാകുന്നുണ്ട്. രണ്ടു മുന്നണികളോടും അവർക്ക് അസംതൃപ്തിയാണ്. ഭരിക്കുന്ന പാർട്ടിയോട് പൊതുവേ ജനങ്ങൾക്ക് എതിർപ്പുണ്ടാകും. ഇത് ഗുണം ചെയ്യുന്നത് പ്രതിപക്ഷത്തിനാണ്. ഇവിടെജനവികാരം പ്രതിഫലിപ്പിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. ഭരണ വിരുദ്ധ വികാരം പ്രയോജനപ്പെടുത്താൻ ഇതാദ്യമായി പ്രതിപക്ഷ കക്ഷിക്ക് സാധിക്കുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ പ്രതിക്കൂട്ടിലാണ്. ധാർമികമായി പ്രതികരിക്കാൻ യുഡിഎഫ് നേതാക്കൾക്ക് കഴിയുന്നില്ല. ഏക പ്രതീക്ഷ എൻഡിഎയ്ക്കാണ്.
പിണറായി വിജയനെ ബിജെപി മുൾമുനയിൽ നിർത്തിയതു കൊണ്ടാണ് യുഡിഎഫ് നേതാക്കൾക്കെതിരേ വിജിലൻസ് അന്വേഷണം നടതക്കുന്നതെന്ന് പറയുന്ന കെപിസിസി പ്രസിഡന്റിന് പ്രതല ബോധം നഷ്ടമായി. എവിടെയാണ് താൻ നിൽക്കുന്നത് എന്നു പോലും അദ്ദേഹത്തിന് അറിഞ്ഞു കൂടാ. എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. സംസ്ഥാനത്തെ വിജിലൻസ് അന്വേഷണത്തിന് പിന്നിലും ബിജെപിയാണെന്നുള്ള മുല്ലപ്പള്ളിയുടെ ഗവേഷണ ബുദ്ധിക്ക് അവാർഡ് കൊടുക്കേണ്ടി വരും. അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. സാമാന്യ യുക്തി വേണ്ടേ തിരുവനന്തപുരം, കാസർകോഡ്, മലപ്പുറം എന്നിവിടങ്ങളിൽ എൽഡിഎഫ്-യുഡിഎഫ് ധാരണയാണ് നില നിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്