തിരുവനന്തപുരം: എൻഫോഴ്‌സ്‌മെൻ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനവുമായി രംഗത്തുവന്നു. കൊല്ലത്ത് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വടക്കൻ ജില്ലകളിൽ നടന്ന മാർച്ചുകളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പലയിടത്തും ലാത്തിച്ചാർജ്ജും ജലപീരങ്കി പ്രയോഗവും നടന്നു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസും പ്രതിഷേധമാർച്ച് നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നടത്തിയ മാർച്ചും സംഘർഷഭരിതമായി. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.

പ്രളയത്തിന് ശേഷം പല മതസംഘടനകൾക്കും കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇതിൽ ജലീലിന് നേട്ടമുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. അതാണ് ജലീലിനെ തൊടാൻ ധൈര്യമില്ലാത്തത്. ഇ പി ജയരാജന് ഇല്ലാത്ത എന്തു ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നൽകുന്നതത്. കള്ളന് കഞ്ഞിവെച്ചവനായി മുഖ്യമന്ത്രി മാറുകയാണ്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം. എന്താണ് തന്നോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചതെന്ന് എന്തുകൊണ്ട് ജലീൽ വ്യക്തമാക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. സത്യം ജയിക്കുമെന്ന് പറയുന്നത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്. സർക്കാർ വാഹനത്തിൽ മന്ത്രി കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയെന്നും അദ്ദേഹം ആരോപിച്ചു.

ജലീലിനെതിരെ കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യൂത്ത്കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. ആദ്യം കള്ളനെ പുറത്താക്കൂ, എന്നിട്ട് തൊണ്ടിമുതൽ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോൾ ആദ്യം മന്ത്രിയെ മാറ്റി നിർത്തി അന്വേഷണം നടക്കട്ടേ. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും നിരന്തരസമരം ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

യുഡിഎഫ് അല്ല എൽഡിഎഫ് എന്നും ഇപി ജയരാജനെ മാറ്റിനിർത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങൾക്ക് സ്വപ്നം കാണാൻ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിയുടെ ധാർമ്മികത ജലീൽ വിഷയത്തിൽ എവിടെപ്പോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്. ഒരുലക്ഷത്തിലധികം രൂപ വരുന്ന സഹായം മന്ത്രിക്ക് വിദേശ രാജ്യത്തിൽ നിന്ന് സ്വീകരിക്കാൻ നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.