- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിലെ ഇന്റർവ്യൂ ഇന്ന്; കെകെ രാഗേഷിന്റെ ഭാര്യയ്ക്കു മതിയായയോഗ്യതയുണ്ടെന്ന് വിശദീകരണം; എതിർപ്പുമായി കോൺഗ്രസ് അനുകൂല സംഘടനകൾ
കണ്ണൂർ:വിവാദങ്ങൾക്കിടെ സി.പി. എം നേതാവിന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ അപേക്ഷകരായ കണ്ണൂ ർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രൊഫസൽ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഇന്ന് നടക്കും. ഓൺ ലൈനായാണ് ഇന്റർവ്യൂ നടക്കുക.വിവിധ സംഘടനകളുയർത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് അതീവസുരക്ഷയോടെയാണ് ഇന്റർവ്യൂനടക്കുക.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രീയ വർഗീസിനെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടു ഈ തസ്തികയിൽ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നും പ്രീയയ്ക്ക് ആവശ്യമായ അദ്ധ്യാപന യോഗ്യതയില്ലെന്നും സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളുയർത്തിയ വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ച്ച നടക്കുന്നത്.
ഉദ്യോഗാർത്ഥികളായ ആറുപേരുടെ ചുരുക്ക പട്ടികയിൽ പ്രിയയുമുണ്ട്. ഗവേഷണബിരുദവും അസി.പ്രൊഫസറായി എട്ടുവർഷത്തെ അദ്ധ്യാപനപരിചയവുമാണ്അസോസിയേഷ്യറ്റ് പ്രൊഫസർക്കു വേണ്ട യോഗ്യത. എന്നാൽ പ്രീയയ്ക്ക് ഈ യോഗ്യതയുണ്ടെന്ന നിലപാടിലാണ് സർവകലാശാല കേന്ദ്രങ്ങൾ. തൃശൂർ കേരളവർമ്മ കോളേജിലായിരിക്കെ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പോഗ്രാംവഴി പി. എച്ച്. ഡി ചെയ്തതും അദ്ധ്യാപന പരിചയത്തിൽ ഉൾപ്പെടുമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
2012-ൽ തൃശൂർ കേരളവർമ്മകോളേജിൽ അസി. പ്രൊഫസറായി ചേർന്ന പ്രീയയ്ക്കു എട്ടുവർഷത്തെ മുൻപരിചയമില്ലെന്നായിരുന്നു ക്യാംപയിൻ കമ്മിറ്റിയുടെ ആരോപണം. ഗവേഷണ കാലഘട്ടവും ഡി. എസ്. എസായി ജോലി ചെയ്ത കാലഘട്ടവും അദ്ധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന് കമ്മിറ്റി പറയുന്നു. കഴിഞ്ഞ നവംബർ പന്ത്രണ്ടിനായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.13ന് സ്‌ക്രീനിങ് കമ്മിറ്റി ചേർന്നു പ്രീയയുൾപ്പെടെ ആറുപേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഈ നടപടികളിലെ അസാധാരണ വേഗം പിൻവാതിൽ നിയമനം നടത്താനുള്ള നീക്കത്തിന്റെ ഉദാഹരണമായിട്ടാണ് സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സംവരണക്രമം അനുസരിച്ചു നിയമനം നടത്തേണ്ടതിനാലാണ് അപേക്ഷകർ ഇല്ലാത്തതിനാലുമാണ് ഇതിനു സമാനമായ മറ്റു തസ്തികകളിൽ നിയമനം നടത്താൻ കഴിയാത്തതിനു കാരണമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രീയാവർഗീസ് പ്രതികരിച്ചു. അദ്ധ്യാപന പരിചയത്തിൽ കുറവുണ്ടെന്ന ചിലർ ഉന്നയിക്കുന്ന വാദം തെറ്റാണ്.
മൂന്ന് വർഷത്തെ ഗവേഷണ കാലളയവ് ഒഴിവാക്കിയാലും സർവകലാശാലയുടെ കീഴിലുള്ള ബി. എഡ് കോളേജിൽ രണ്ടുവർഷം പഠിപ്പിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ഈ തസ്തികയിലെ ചുരുക്കപട്ടികയ്ക്കെതിരെ വൈസ് ചാൻസലർക്ക് സെനറ്റംഗം ഡോ. ആർ.കെ ബിജു പരാതി നൽകിയിട്ടുണ്ട്. പ്രീയയ്ക്കു യോഗ്യതയില്ലെന്നും അതിനാൽ ഇന്റർവ്യൂ മാറ്റിവയ്ക്കണമെന്നാണ് ബിജുവിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികളെ മാറ്റി നിർത്തി സി.പി. എം നേതാക്കളുടെ ഭാര്യമാരെ തുടർച്ചയായി സർവകലാശാല വകുപ്പുകളിലേക്ക് പിൻവാതിൽ വഴി നിയമിക്കാനുള്ള നീക്കം തെറ്റായ കീഴ്‌വഴക്കമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ആരോപിച്ചു.
നേരത്തെ കണ്ണൂർ സർവകലാശാലയിൽ സി.പി. എം നേതാവ് എ. എൻ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിനെതിരെ പരാതിയുയർന്നതിനെ തുടർന്ന് സർവകലാശാല നിയമനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഈ മാസം 23ന് സ്ഥാനമൊഴിയുന്ന കണ്ണൂർസർവകലാശാല വി സിക്കുപകരം മറ്റൊരാൾ വരുന്നതിനു മുൻപായി ധൃതിപിടിച്ചു ഒരു തസ്തികയിൽ മാത്രം ഇന്റർവ്യൂ നടത്തുന്നതിനെതിരെയാണ് വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നത്. കണ്ണൂർ സർവകലാശാലയിലെ അനധികൃത നിയമനങ്ങൾക്കെതിരെ നേരത്തെ കെ. എസ്.യു അടയ്ക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്