- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
കണ്ണുർ: കണ്ണുരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് ഇടഞ്ഞുനിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെ റാഞ്ചാൻ സിപിഎം അണിയറയിൽ നീക്കം തുടങ്ങി. പാർട്ടിയിലേക്ക് നേരിട്ട് ഇവരെ എത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാൽ ഇതിനു മടിയുള്ളവരെ എൻ.സി.പി- കോൺഗ്രസ് എസ് ഘടകകക്ഷികളിലേക്കും കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്.
വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും കൂടാതെ ബിജെപി-മുസ്ലിം ലീഗ് പാർട്ടികളിൽ നിന്നും നേതാക്കൾ പാർട്ടിയിലേക്ക് ചേരി മാറിയെത്തുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. എരിപുരത്ത് നടക്കുന്ന പാർട്ടി ജില്ലാ സമ്മേളനത്തിന് മുൻപായി ഇവരെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപിയുടെ ഒരു ഉന്നത നേതാവുമായി നേരത്തെ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും സ്ഥാനമാനങ്ങൾ നൽകുന്ന കാര്യത്തിൽ തീരുമാനമാകാതെ പോവുകയായിരുന്നു.
കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ബോർഡ് ചെയർമാൻ സ്ഥാനമാണ് ഈ നേതാവ് ചോദിച്ചതെത്രേ. മാതൃപാർട്ടിയിൽ നിന്നും പൂർണമായി ഒതുക്കപ്പെട്ട ഈ നേതാവ് സിപിഎം സഹയാത്രികനായി മാറുന്നത് സംഘ് പരിവാറിന് കനത്ത തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ മറ്റു പാർട്ടികളിൽ നിന്നും നേതാക്കൾ ഒഴുകിയെത്തുന്നത് സിപിഎമ്മിൽ ആശങ്ക പരത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ വടക്കെ മലബാറിലെ പതിനേഴോളം പാർട്ടി നേതാക്കൾക്ക് സംഘടനയിൽ പേരിന് മാത്രമുള്ള സ്ഥാനമാനങ്ങൾ മാത്രമേയുള്ളു. ഇതിനിടെയാണ് മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ തള്ളിക്കയറ്റം.
ഒക്ടോബറിൽ മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള എരിപുരത്ത് നടക്കുന്ന പാർട്ടി ജില്ലാ സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന അനുബന്ധ പരിപാടികൾക്കിടെ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ,പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവരെ പാർട്ടിയിലേക്ക് ആനയിക്കുക. കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ ഹൈക്കമാൻഡിനോട് അതികഠിനമായി വിയോജിച്ചാണ് കണ്ണുർ ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവായ എംപി മുരളി കോൺഗ്രസ് വിട്ട് എൻ.സി.പി യിൽ ചേരുന്നത്.
കണ്ണുർ ജില്ലയിലെ എ വിഭാഗം നേതാക്കളിലൊരാളായ എംപി മുരളി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാക്കളിലൊരാളായിരുന്നു. പി.സി ചാക്കോയുടെ ഇടപെടലുകളാണ് എംപി മുരളിക്ക് എൻ.സി.പി പാളയത്തിലേക്ക് വഴി തുറന്നത്.ഇതിനു സമാനമായി ജില്ലയിലെ അതൃപ്തരായ നേതാക്കളെ എംപി മുരളി വഴി എൻ.സി.പിയിലേക്ക് എത്തിക്കുന്നതിനുള്ള അണിയറ നീക്കങ്ങൾ പി.സി ചാക്കോ തുടങ്ങിയിട്ടുണ്ട്.
കെ.സുധാകരനെ വർഷങ്ങളായി എതിർക്കുന്ന പരമ്പരാഗത വൈരിയായി ഒരു ഉന്നത കോൺഗ്രസ് നേതാവിനെയും എൻ.സി.പി നോട്ടമിട്ടിട്ടുണ്ട്. എന്നാൽ ഈ നേതാവിനോട് സിപിഎമ്മിന് അത്ര താൽപര്യമില്ലെങ്കിലും എൻ.സി.പിക്ക് വേണമെങ്കിൽ ആയിക്കോളൂവെന്ന അഴകൊഴമ്പൻ നിലപാടിലാണ് പാർട്ടി. ഈ നേതാവുമായി എൻ.സി.പി നേതാക്കൾപ്രാരംഭ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
കോൺഗ്രസിലെ അതൃപ്തി മുതലെടുത്തു കൊണ്ട് അണ്ണാറക്കണ്ണന്തന്നാലാവും വിധമെന്ന മട്ടിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പാർട്ടിയായ കോൺഗ്രസ് എസും പ്രാദേശികമായി പ്രവർത്തകരെയും നേതാക്കളെയും വലയിലാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മയ്യിലിലെ ഒരു പ്രാദേശിക നേതാവിനെയും പ്രവർത്തകരെയും പാർട്ടിയിൽ ചേർത്താണ് കോൺഗ്രസ് എസ് കഴിവു തെളിയിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്