- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൻ ചെന്താരകമല്ലോ..ചെഞ്ചോര പൊൻ കതിരല്ലോ എന്ന് ജയരാജസ്തുതികൾ അണികൾ പാടുമ്പോഴും പടനീക്കത്തിൽ ഒന്നിച്ച് നേതാക്കൾ; എം വി ആറും ഗൗരിയമ്മയുടെ പോയ വഴിയേ പി.ജയരാജനും? തുടർച്ചയായി മൂന്നാം വട്ടവും താക്കീത് കിട്ടിയതോടെ ജയരാജന്റെ കോട്ടയിൽ വലിയ വിള്ളൽ
കണ്ണൂർ: പാർട്ടിക്കുള്ളിൽ മൂന്നാം തവണയും താക്കീത് നേരിട്ട സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ വഴി ആസന്നഭാവിയിൽ പുറത്തേക്കെന്ന് സൂചന. കഴിഞ്ഞ കുറെക്കാലമായി പാർട്ടിക്കുള്ളിൽ നിഷ്‌ക്രിയനായ പി.ജയരാജൻ ഇപ്പോൾ മുഖ്യധാരയിൽ നിന്നും പൂർണമായും മാറ്റി നിർത്തപ്പെട്ടിരിക്കുകയാണ്.
ഇപ്പോൾ ജയരാജന്റെ സഹോദരി അഡ്വ.പിസതീദേവിക്ക് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനം നൽകിയതോടെ ജയരാജന് ഭരണതലത്തിൽ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതും പൂർണമായി അടഞ്ഞിരിക്കുകയാണ്. സഹോദരിക്ക് വനിതാ കമ്മിഷൻ ചെയർപേഴ്‌സൻ സ്ഥാനം നൽകിയതോടെ പാർട്ടിക്കുള്ളിൽ ജയരാജന് വേണ്ടി ബോർഡ്- കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾക്കായി ശബ്ദമുയർത്താൻ ആർക്കും കഴിയില്ല. അതു മാത്രമല്ല വരുന്ന പാർട്ടി സമ്മേളനങ്ങളിൽ ജയരാജനെതിരെ എല്ലാ ഘടകങ്ങളിൽ നിന്നും അതിരൂക്ഷമായ വിമർശനവും ഉയരാൻ സാധ്യതയേറിയിട്ടുണ്ട്.
തുടർച്ചയായി മൂന്ന് തവണ പാർട്ടി ശാസന ലഭിച്ച നേതാവെന്ന പേരുദോഷം ജയരാജന് വിനയായി മാറിയേക്കും. സിപിഎമ്മിൽ നിന്നും എം വിആറും ഗൗരിയമ്മയും പുറത്തായത് ഇതിനു സമാനമായി പലതവണ ശാസന ലഭിച്ചതിനു ശേഷമായിരുന്നു. നേരത്തെ പിണറായി ഗ്രുപ്പിലെ കരുത്തനായ നേതാവായി അറിയപ്പെട്ടിരുന്ന പി.ജയരാജന്റെ അവസ്ഥ പാർട്ടിക്കുള്ളിൽ പരിതാപകരമായിരിക്കുകയാണ്.
അണികൾ പി.ജെയെന്ന് വിളിച്ചു ഇപ്പോഴും ആവേശം കൊള്ളുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്നും പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ് പി.ജയരാജൻ. കണ്ണൂരിലെ മുതിർന്ന മറ്റൊരു നേതാവായ കെ.പി സഹദേവനുമായി കൊമ്പുകോർത്തതിന് ജയരാജനും കെ.പി സഹദേവനും പാർട്ടി സംസ്ഥാന കമ്മിറ്റി ശാസിച്ചുവെന്ന വാർത്തകളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
സിഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണുരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് കെ.പി സഹദേവൻ. കടുത്ത പിണറായി പക്ഷക്കാരനായ കെ.പി സഹദേവൻ പി.ജയരാജനുമായി ഇടഞ്ഞത് അത്ര ശുഭസൂചകമായ കാര്യമായിട്ടല്ല ജയരാജനെ അനുകുലിക്കുന്നവർ കാണുന്നത്. അതു കൊണ്ടു തന്നെ ജയരാജന്റെ വരും നാളുകൾ ദുഷ്‌കരമാവുമെന്ന വ്യക്തമായ സൂചനകളാണ് പുറത്തു വരുന്നത്.
സ്വർണക്കടത്ത് വിഷയത്തിൽ അർജുൻ ആയങ്കിയുടെയും പാർട്ടി സൈബർ പോരാളികളുടെയും ചർച്ച നടന്ന ജൂലൈയിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പി.ജയരാജനും കെ.പി സഹദേവനും തമ്മിൽ കൊമ്പുകോർത്തത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ. ടി.പി.രാമകൃഷ്ണനാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. അർജുൻ ആയങ്കിമാരെ പോറ്റി വളർത്തിയത് ജയരാജൻ ജില്ലാ സെക്രട്ടറിയായ കാലത്താണെന്ന കെ.പി യുടെ വിമർശനമാണ് ജയരാജനെ ചൊടിപ്പിച്ചിത്.
താൻ ഒരു ആയങ്കിമാരെയും സംരക്ഷിച്ചിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ കെ.പി പുറത്ത് വിടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.ഇതോടെ ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായി. പരസ്പരം ഒച്ചയുയർത്തി ഇരുനേതാക്കളും സംസാരിച്ചതോടെ യോഗം നിർത്തിവയ്ക്കുകയായിരുന്നു. ഈ സംഭവം പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റിലും ചർച്ചയായി.പാർട്ടി യോഗത്തിന്റെ പൊതുമര്യാദ മുതിർന്ന നേതാക്കളായ രണ്ടു പേരും ലംഘിച്ചുവെന്നാണ് ടി.പി രാമകൃഷ്ണൻ നൽകിയ റിപ്പോർട്ട്.
ഇതോടെയാണ് പരിധിവിട്ട പെരുമാറ്റത്തിന് ഇരു നേതാക്കൾക്കുമെതിരെ അച്ചടക്ക നടപടിയെടുത്തത്.നേരത്തെ വ്യക്തിപൂജാ വിവാദത്തിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട ജയരാജൻ ഇപ്പോൾ പാർട്ടി വേദികളിൽ നിന്നും മാറ്റിനിർത്തപ്പെടുകയാണ്. സംസ്ഥാന - ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പേരിന് മാത്രമാണ് അദ്ദേഹത്തെ വിളിക്കുന്നത്.
വ്യക്തി പുജാ വിവാദത്തിന്റെ പേരിൽ ജയരാജന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ രണ്ട് ജില്ലാ കമ്മിറ്റി ഓഫിസ് ജീവനക്കാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇതു കൂടാതെ ജയരാജന്റെ വിശ്വസ്തനായ കുത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എം മധുസൂദനനെയും മാറ്റുകയുണ്ടായി. നേരത്തെ ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാനെന്ന നിലയിൽ നിറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ പി.ജയരാജൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്