കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരിൽ സി.പി. എമ്മിന് വെല്ലുവിളിയായി ജലപാതാ സമരം. വളപട്ടണം മുതൽ മാഹി വരെ നിർമ്മിക്കുന്ന നിർദ്ദിഷ്ട ജലപാതാ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിലുൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങിയത് സി.പി. എമ്മിനും കല്ലേപിളർക്കുന്ന ശാസനകൾ പുറപ്പെടുവിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കടുത്തവെല്ലുവിളിയായിരിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിനാളുകളാണ് ജലപാതാ വിരുദ്ധസമരവുമായി തെരുവിലിറങ്ങിയത്. ചാല ബൈപ്പാസിൽ ജലപാതാപ്രതിരോധ കർമ്മസമിതി നടത്തിയ അഗ്നി പ്രതിജ്ഞയിൽ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നിരവധിപേർ പങ്കെടുത്തു.

കടമ്പൂർ, ചാല, ആറ്റടപ്പ, കാപ്പാട്, ചേലോറ, മതുക്കോത്ത്, വലിയന്നൂർ തുടങ്ങി ജലപാതാ കടന്നു പോകുന്ന സർവേ നടന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് പാർട്ടിഗാമങ്ങളിൽ നിന്നും കൈയിൽ തീപന്തവുമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ സർക്കാർ നടത്തുന്ന പദ്ധതിയാണെങ്കിലും ജനകീയ വികാരത്തിനൊപ്പം നിൽക്കേണ്ട ഗതികേടിലാണ് സി.പി. എം പ്രാദേശിക നേതൃത്വം. എന്നാൽ ജലപാതാ വിരുദ്ധസമരം അതിശക്തമായി ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ്. ഇതിനോടൊപ്പം ബിജെപിയും മറ്റു സന്നദ്ധ, പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളും ചേർന്നതോടെ തങ്ങളുടെ തട്ടകത്തിൽ ജനങ്ങൾ മുൻകൈയെടുക്കുന്ന സമരം സി.പി. എമ്മിന്റെ അടിത്തറയിളക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസംമുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമടത്തെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാൻ വിളിച്ചു കൂട്ടിയ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എന്തുതന്നെയായാലും ജലപാതാ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഉൾനാടൻ ജലപാതാ പദ്ധതിയെന്നും ഇതിനായി എന്തു എതിർപ്പുണ്ടായാലും ഭൂമി ഏറ്റെടുക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അന്ത്യശാസനം നൽകിയത്.

അതുകൊണ്ടു തന്നെ ഭരണതലത്തിൽ സർക്കാർ ഉൾനാടൻ ജലപാതാ പദ്ധതിയുമായി സർക്കാർ മുൻപോട്ടു പോകാൻ നിശ്ചയിച്ചിരിക്കെ അതിവേഗം സർവേ നടത്തി പൂർത്തീകരിക്കുകയും സർവേ കല്ലുകൾ സ്ഥാപിച്ചു അതിരിടുകയും ചെയ്യുകയാണ്ഉദ്യോഗസ്ഥർ. പലരും തങ്ങളുടെ വീടിനു മുറ്റത്തും അടുക്കളപുറത്തുമൊക്കെ കുറ്റിയടിക്കുമ്പോഴാണ് ജലപാതാപദ്ധതി അതിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുന്നത്.സർക്കാർ അനുമതിയോടെ പുതുതായി വീടെടുത്തവരും വീടെടുക്കാൻ തുടങ്ങിയവരുമൊക്കെ ഇതുകാരണം പ്രതിസന്ധിയിലാണ്.

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായി അറിയപ്പെടുന്ന വളപട്ടണം - മാഹി ജലപാതയ്ക്കു വേണ്ടി സർക്കാർ കണക്കുപ്രകാരം 194വീടുകളാണ് കുടിയൊഴിപ്പിക്കേണ്ടി വരുന്നത്. എന്നാൽ നാനൂറോളം വീട്ടുകാർ തന്നെ ഒഴിഞ്ഞുപോകേണ്ടി വരുമെന്നാണ് ജലപാതാ വിരുദ്ധ കർമസമിതി ചെയർമാൻ ടി.വി ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. വേലിയേറ്റ സമയത്ത് കൃത്രിമ കനാലിലൂടെ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്ന സാഹചര്യത്തിൽ അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടുമെന്നും ചന്ദ്രൻ പറഞ്ഞു. പദ്ധതി പ്രദേശങ്ങളിലെ വലിയൊരു ഭാഗം വേലിയേറ്റ പ്രദേശങ്ങളാണ്. ചാല, കടമ്പൂർ പ്രദേശങ്ങളിൽ ഈ ഗണത്തിൽപ്പെടുന്നവയാണ്.ചാലയിൽ ഉപ്പുമ്മൽ എന്ന പേരുള്ള ഒരു വയൽപ്രദേശം തന്നെയുണ്ട്. വനം പരിസ്ഥിതി മന്ത്രാലയം അവരുടെ 944- നമ്പർ നിയമത്തിൽ പറയുന്നത് വേലിയേറ്റ സ്ഥലങ്ങളിൽ ജലപാതുനിർമ്മിക്കരുതെന്നാണെന്നും ചന്ദ്രൻ ചൂണ്ടിക്കാട്ടി.

നിർദ്ദിഷ്ട ജലപാതയിൽ ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം കൂത്തുപറമ്പ്, കടമ്പൂർ, ചെമ്പിലോട് എടക്കാട് എന്നീ പ്രദേശങ്ങളിലെ ഭൂഗർഭജലാസാധ്യത വറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠന റിപ്പോർട്ടു വ്യക്തമാക്കുന്നത്. 32മീറ്റർ അടിത്തട്ട് വീതിയും നാലുമുതൽ ഏഴരമീറ്റവർ വരെ ആഴവുമുള്ള ജലപാതയിൽ ബോട്ടുഗതാഗതത്തിന് നാലുമീറ്റർ വെള്ളമെങ്കിലും വേണം ഇതിലൂടെ ബോട്ടുസർവീസ് നടത്താൻ. ഈ ജലം എവിടെനിന്നാണ് ലഭിക്കുകയെന്നു സർക്കാർ വ്യക്തമാക്കണമെന്ന് കർമ്മസമിതി ഭാരവാഹിയായ രാജൻ കോരമ്പേത്ത് ചോദിച്ചു.

പുഴയിലെയും കടലിലെയും ഉപ്പുവെള്ളം കയറി പ്രദേശവാസികളുടെ കിണറുകളിലെ ശുദ്ധജലവും മലിനമാവുകയാണ് ജലപാതയുടെ ആത്യന്തിക ഫലമെന്നും രാജൻ കോരമ്പേത്ത് മുന്നറിയിപ്പു നൽകി. ജനങ്ങളോടു ചർച്ചചെയ്യാതെ ജല പാതാ ധൃതിപിടിച്ചു നടപ്പിലാക്കുന്നതിൽ സർക്കാരിന് രഹസ്യ അജൻഡയുണ്ടെന്നു വ്യക്തമാണെന്നു കണ്ണൂർ കോർപറേഷൻ മേയർ ടി. ഒമോഹനൻ ആരോപിച്ചു. ജലപാതാ സംബന്ധിച്ചുള്ള കൂടുതൽ വിവരമൊന്നും സർവേ നടത്തുന്ന ഉദ്യോഗസ്ഥർക്കുമില്ല. എവിടെ നിന്നോ ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജലപാതാ പദ്ധതി മുൻപോട്ടു പോകുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിലൂടെയും ജലപാതാ കടന്നുപോകുന്നുണ്ട്.

എന്നാൽ ഇതിലൂടെ ജലപാതാ കടന്നുപോകുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കോർപറേഷനുമില്ലെന്നും മേയർ പറഞ്ഞു. ഇത്തരത്തിൽ യാതൊരു കൂടിയാലോചനയുമില്ലാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിർക്കും. വികസനമെന്ന പേരിൽ എന്തുകോപ്രായവും കാട്ടിക്കൂട്ടാൻ അനുവദിക്കില്ലെന്നും ടി. ഒ മോഹനൻ പറഞ്ഞു. എന്നാൽ ഒരുവശത്തു നിന്നും എതിർപ്പു ശക്തമാകുമ്പോഴും പൊലിസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കിയാണ് സർവേ മുൻപോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ തങ്ങൾ അറസ്റ്റു ചെയ്തു ജയിലിൽ പോകുമെന്നും ഗാന്ധി ജയന്തിദിനത്തിൽ തങ്ങളുടെ സഹനസമരത്തിന് തുടക്കമാകുമെന്നും കർമ്മസമിതി നേതാക്കൾ അറിയിച്ചു.

കേരളത്തിൽ 550 കിലോമീറ്റർനീളത്തിൽ കടലോരമുണ്ട്. 44നദികൾ, വിശാലമായ കായലുകൾ മറ്റു ജലസ്രോതസുകൾ എന്നിവ ഉപയോഗപ്പെടുത്താമെന്നിരിക്കെ ഉൾനാടൻ ജലപാതയുണ്ടാക്കുന്നത്് മറ്റു ചില താൽപര്യങ്ങൾ കൊണ്ടാണെന്നും കർമസമിതി ഭാരവാഹികൾ ആരോപിക്കുന്നു. സാമ്പത്തിക കെണിയിലായ സർക്കാരിന് വൻ ബാധ്യത വീണ്ടും വരുത്തിവയ്ക്കുന്നതാണ് ജലപാതാ പദ്ധതിയെന്നു ജലപാതാ വിരുദ്ധ കർമസമിതി കൺവീനർ ടി.വി മനോഹരൻ പറഞ്ഞു. 148 കിലോമീറ്റർ കൊല്ലം മുതൽ കോട്ടപ്പുറം വരെ ദശാബ്ദങ്ങൾക്കു മുൻപ് ഉദഘാടനം ചെയ്ത ജലപാതാ ഇപ്പോൾ വൻനഷ്ടത്തിൽ കലാശിച്ചിരിക്കുകയാണ്. ഒരുവർഷത്തിൽ നൂറുകോടി രൂപവേണം ഇതിന്റെ മെയിന്റൻസിനെന്നും മനോഹരൻ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ കർഷകർക്കായി നടപ്പിലാക്കിയ പഴശി കനാൽ ഇറിഗേഷൻ പദ്ധതി ഇപ്പോൾ കാടുകയറി നശിക്കുകയാണെന്നു ഓർക്കണമെന്നും മനോഹരൻ പറഞ്ഞു.സി.പി. എം പാർട്ടി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ധർമടം മണ്ഡലത്തിലെ മിക്കപ്രദേശങ്ങളിലും ജനങ്ങൾ സ്വയമേവെ സംഘടിക്കുന്നതിന്റെ ആശങ്കകൾ സി.പി. എം ബ്രാഞ്ചു സമ്മേളനങ്ങളിൽ ഉയരുന്നുണ്ടെങ്കിലും വികസനവിരുദ്ധർക്ക് കീഴടങ്ങേണ്ടതില്ലെന്നും പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഉൾനാടൻ ജലപാതാ പദ്ധതിയെന്നുമാണ് നേതൃത്വം നൽകുന്ന വിശദീകരണം. എന്തുവിലകൊടുത്തും കീഴാറ്റൂരിലേതു പോലെ ജലപാതാ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്ന ഉരുക്കു മുഷ്ടിയോടെ പാർട്ടിയിലും ഭരണത്തിലും അവസാനവാക്കായ പിണറായി വിജയൻ മുൻപോട്ടുപോകുമ്പോൾ നന്ദിഗ്രാമും സിംഗൂരും ആവർത്തിക്കപ്പെടുമോയെന്ന ആശങ്കയും സി.പി. എമ്മിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.