- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം; വഞ്ചനാക്കുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തി അന്വേഷിക്കുന്നുവെന്ന ഉപ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; നടപടി ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; അന്വേഷണം കൂടുതൽ സജീവമാക്കാൻ പൊലീസ്
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ 2017 ഏപ്രിൽ 2 ന് നടന്ന ജയമാധവൻ നായരുടെ ദുരൂഹ മരണത്തിലും വസ്തു കൈമാറ്റത്തിലും വഞ്ചനാ ക്കുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തിക്കൊണ്ട് അന്വേഷണം നടത്തുന്നതായി അന്വേഷണ സംഘം തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. വസ്തു തട്ടിയെടുക്കലിന് ചുമത്തിയ (വകുപ്പ് 420) വഞ്ചനാക്കുറ്റമാണ് എഫ്ഐആറിൽ ചുമത്തിയിരുന്നത്. അതോടൊപ്പം കൊലക്കുറ്റത്തിന്റെ വകുപ്പായ 302 പ്രകാരം അന്വേഷണം തുടരുന്ന വിവരത്തിനാണ് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും ഫോറൻസിക് റിപ്പോർട്ടിന്റെ വെളിച്ചത്തിലുമാണ് പൊലീസ് റിപ്പോർട്ട്. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ ജാമ്യഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി 2019 നവംബറിൽ തള്ളിയിരുന്നു.
പ്രതിപ്പട്ടികയിലുള്ള ജില്ലാ കളക്ടർ മോഹൻദാസടക്കമുള്ള ഒൻപത് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികളാണ് പ്രതികൾക്കെതിരായ ആരോപണം ഗൗരവമേറിയതതെന്ന് നിരീക്ഷിച്ച് ജില്ലാ ജഡ്ജി കെ.ബാബു തള്ളിയത്. വഞ്ചനാക്കുറ്റം ആരോപിച്ച് എഫ് ഐ ആർ സമർപ്പിച്ച കേസിൽ കൊലപാതക സാദ്ധ്യതയിലേയ്ക്കുള്ള അന്വേഷണവും പുരോഗമിക്കുന്നതിനാൽ ഈ സാഹചര്യത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ല. മുൻകൂർ ജാമ്യം അനുവദിച്ചാൽ കൊലക്കേസിൽ പ്രതികളായേക്കാവുന്ന പ്രതിയെയോ പ്രതികളെയോ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവുശേഖരണം നടത്താൻ പൊലീസിനാകില്ല. ജാമ്യം നൽകി സ്വതന്ത്രരാക്കി വിട്ടയച്ചാൽ അന്വേഷണത്തിന്റെ സുഗമമായ പാതയെ അത് പ്രതികൂലമായി ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ പ്രതികൾക്ക് ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
സ്വത്ത് തട്ടിയെടുക്കൽ കേസിലെ 2 മുതൽ 7 വരെയുള്ള പ്രതികളായ സഹദേവൻ , മായാദേവി , ലതാ ദേവി , ശ്യാംകുമാർ , സരസാദേവി , സുലോചന ദേവി , ഒമ്പതാം പ്രതി ശങ്കര മേനോൻ , പത്താം പ്രതി ജില്ലാ കളക്ടർ മോഹൻദാസ് , പന്ത്രണ്ടാം പ്രതിയും വിൽപ്പത്രത്തിലെ ഒന്നാം സാക്ഷിയുമായ അനിൽകുമാർ എന്നിവർക്കാണ് ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിട്ടയയ്ക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്തുരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് പ്രതികൾ മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ജയ മാധവൻ നായരുടെ ദുരൂഹ മരണത്തിന് ശേഷം 33 സെന്റ് വസ്തു കാര്യസ്ഥൻ മറ്റു 11 പ്രതികളുമായി ഗൂഢാലോചന നടത്തി ജയ മാധവൻ നായരുടെ പേരിൽ വ്യാജ വിൽപ്പത്രം തയ്യാറാക്കി ലീല എന്ന ജോലിക്കാരിയെയും അനിൽ കുമാർ എന്ന സഹായിയെയും സാക്ഷികളാക്കി 33 സെന്റ് വസ്തു കാര്യസ്ഥനും മറ്റു വസ്തുക്കൾ 11 പ്രതികളുമായി ചേർന്ന് വിറ്റ് പണം തട്ടിയെടുത്തെന്നുമാണ് കേസ്. കാര്യസ്ഥൻ രവീന്ദ്രൻ നായരെ ഒന്നാം പ്രതിയാക്കിയും വി.റ്റി. നായരെ എട്ടാം പ്രതിയാക്കിയും വിൽപത്രത്തിലെ രണ്ടാം സാക്ഷിയും ജോലിക്കാരിയുമായ ലീലയെ പതിനൊന്നാം പ്രതിയാക്കിയും ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 12 0 - ബി (കുറ്റകരമായ ഗൂഢാലോചന ) , 406 ( ട്രസ്റ്റ് ലംഘനം) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ ) , 506 (ii) ( പരാതിക്കാരിയെ ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ജയമാധവൻ നായരുടെ സഹോദരനായ ഉണ്ണികൃഷ്ണൻ നായരുടെ വിധവയായ കരകുളം ഏണിക്കര ജയദേവം വീട്ടിൽ താമസം പ്രസന്നകുമാരി അമ്മ (79) അമ്മയുടെ പരാതിയിലാണ് കരമന പൊലീസ് കേസെടുത്തത്. 2019 ഒക്ടോബർ 17നാണ് പരാതിയുമായി ഇവർ രംഗത്തെത്തിയത്.
ആവലാതിക്കാരി പ്രസന്നകുമാരിയുടെ മകന് അന്യായ നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കണമെന്നും ആവലാതിക്കാരിയുടെ മകന് അവകാശപ്പെട്ട വസ്തു വകകൾ തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതൽ 10 വരെ പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി അവലാതിക്കാരിയുടെ ഭർതൃസഹോദരനായ ജയ മാധവൻ നായരുടെയും 3 മുതൽ 9 വരെ പ്രതികളുടെയും പേരിൽ മകനെയും ഒന്നും രണ്ടും പ്രതികളെയും എതിർകക്ഷികളാക്കി തിരുവനന്തപുരം മുൻസിഫ് കോടതിയിൽ വസ്തുവിന്റെ അവകാശം സംബന്ധിച്ച് അന്യായം ഫയൽ ചെയ്ത ശേഷം പ്രസന്നയെ ഭീഷണിപ്പെടുത്തി അന്യായം തീർപ്പാക്കുന്നതിന് ഒപ്പിടുവിച്ച് ആയത് കോടതിയിൽ സമർപ്പിച്ച് 1 മുതൽ 9 വരെ പ്രതികൾ തട്ടിയെടുത്തും മാനസിക രോഗിയായ ജയ മാധവൻ നായർക്ക് ലഭിച്ച വസ്തുവിൽ 33 സെന്റ് ഒഴികെയുള്ള വസ്തുക്കളെ വിൽപ്പന നടത്തി തുക ഒന്നാം പ്രതി തട്ടിയെടുത്തും 1 ഉം 11 ഉം 12 ഉം പ്രതികൾ ഗൂഢാലോചന നടത്തി ജയമാധവന്റെ പേരിൽ ശേഷിച്ച 33 സെന്റ് സ്ഥലം ഒന്നാം പ്രതിയുടെ പേരിൽ വിൽപത്രം തയ്യാറാക്കി തട്ടിയെടുത്തും പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നതാണ് എഫ് ഐ ആർ ഉള്ളടക്കം.
മറുനാടന് മലയാളി ബ്യൂറോ