കൊല്ലം: വിവാഹം കഴിഞ്ഞ് 13 വർഷം കാത്തിരുന്ന് കിട്ടിയ കുരുന്നിനെയാണ് കരുനാഗപ്പള്ളിയിൽ മാതാവ് സാമ്പത്തിക ബാധ്യതയുടെ പേരിൽ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കഴുത്തറുത്തുകൊലപ്പെടുത്തിയത്. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ ബിനുകുമാറും (സുനിൽകുമാർ) ഭാര്യ സൂര്യയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആദിദേവിനെ ലഭിക്കുന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളോളം ചികിത്സ നടത്തി. പ്രാർത്ഥനയും വഴിപാടുകളും നേർന്ന് കഴിയുന്നതിനിടയിൽ കുഞ്ഞു ജനിച്ചു. അതുവരെയുണ്ടായിരുന്ന വിഷമങ്ങളൊക്കെയും മാറി സന്തോഷകരമായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായത്.

പൊലീസ് പറയുന്നത് 15 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ്. എന്നാൽ ഈ ബാധ്യതകൾ തീർക്കാനുള്ള ആസ്തിവകകൾ സൂര്യക്കും ഭർത്താവിനും ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. 70 സെന്റ് സ്ഥലവും വീടും ബിനുകുമാറിന്റെ പേരിലുണ്ട്. സൂര്യയുടെ പേരിലും മറ്റ് വസ്തുക്കൾ ഉണ്ട്. ഈ സാഹചര്യത്തിൽ എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു കടുംകൈ ചെയ്തത് എന്നാണ് ബന്ധുക്കളുടെ സംശയം. ആത്മഹത്യ ചെയ്യാം എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്നും ആസ്പിരിൻ മരുന്നിന്റെ കവർ ഫോറൻസിക് വിഭാഗം കണ്ടെത്തി. മുറിവുണ്ടാകുമ്പോൾ രക്തം കട്ടിയാകാതിരിക്കാനായി ഈ മരുന്ന് കഴിച്ചു എന്നാണ് വിവരം.

മൃതദേഹങ്ങളുടെ അടുത്ത് നിന്നും ഒരു കറിക്കത്തി ലഭിച്ചിരുന്നു. ഇതു പോയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്തിലും സൂര്യയുടെ കഴുത്തിലും കൈത്തണ്ടയിലും മുറിവുണ്ടാക്കിയത് എന്നാണ് പൊലീസ് അനുമാനം. പെട്ടെന്ന് തോന്നിയ വികാരത്തിലല്ല ആത്മഹത്യ. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ കരുതിക്കൂട്ടിയിരുന്നതാണ് എന്ന് മനസ്സിലാക്കാം. മുൻപ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു സൂര്യ. ഇതിന്റെ അറിവിലാകാം അസ്പിരിൻ ഉപയോഗിച്ചത്. കൂടാതെ മുറിവുണ്ടാക്കിയിരിക്കുന്നതും വൈദഗ്ദ്ധ്യമുള്ള ഒരാളെപോലെയാണ്. കുഞ്ഞിനെ കഴുത്തറുത്തുകൊലപ്പെടുത്താൻ മാത്രം എങ്ങനെ മനസ്സുവന്നു എന്നതാണ് ഏവരെയും സ്തബ്ദ്ധരാക്കുന്നത്. മാനസിക നില തെറ്റിയാവാം ഇത്തരത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. സൂര്യയും മകനും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. എല്ലാവരോടും നല്ല സഹകരണമായിരുന്നു. അതിനാൽ നാട്ടുകാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

ഭർത്താവ് ബിനുകുമാർ ചാമക്കടയിൽ കട നടത്തുകയാണ്. എന്നും രാവിലെ പോയാൽ രാത്രി 9 മണിയോടെയേ വീട്ടിൽ തിരിച്ചെത്തുള്ളൂ. ഈ സമയമത്രയും സൂര്യയും മകനും മാത്രമേ വീട്ടിലുണ്ടാവുകയുള്ളൂ. തനിച്ചിരുന്ന് സാമ്പത്തിക ബാധ്യതയുടെ കാര്യങ്ങൾ ആലോചിച്ച് മാനസിക പിരിമുറക്കത്തിലായതാവാം കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ സംഭവം നടക്കുന്ന ദിവസം ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു. അവർ പുറത്തേക്ക് പോയതിന് ശേഷമാണ് കൃത്യം നടന്നിരിക്കുന്നത്. ഇവർ കഴിഞ്ഞ ആറുമാസക്കാലമായി ഇവിടെ താമസിക്കുകയാണ്. വീടു പണി നടക്കുന്നതിനാലാണ് ഇവിടെക്ക് താമസം മാറ്റിയത്. വീടു പണി നടക്കുന്ന സ്ഥലത്തേക്ക് ബന്ധുക്കൾ പോയതിന് ശേഷമാണ് സൂര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്. വീടിന്റെ വാതിലുകൾ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സൂര്യയേയും മൂന്ന് വയസുകാരനായ മകൻ ആദിദേവിനെയും മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും കൈയിലും മുറിവുകളും ഉണ്ടായിരുന്നു. ബിനുകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സുനിൽകുമാർ കൊല്ലത്ത് ചാമക്കടയിൽ കട നടത്തുകയാണ്. വെള്ളിയാഴ്‌ച്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.