കാസർകോട്: പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കർണാടക സ്വദേശികളായ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ആറ് മരണം  മരിച്ചതായി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ സജിൻ ബാബുവും എസ്‌പി ശിൽപയും വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കയാണ്. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 11.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു. ബസ്സിൽ 50ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയലും പരിക്കേറ്റഴവെ പ്രവേശിപ്പിച്ചിരിക്കയാണ്.

ആശുപത്രികൾ കുറവുള്ള ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ എത്തിക്കാൻ വൈകിയതും മരണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മരിച്ചവർ കർണാടക സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.

  

 അനുശോചിച്ചു മുഖ്യമന്ത്രി

പാണത്തൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞു കർണാടക സ്വദേശികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.