- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
55 വർഷം മുമ്പ് ആധാരം ചെയ്ത ഭൂമിയുടെ ഉടമാവകാശം മാറ്റാൻ ആദ്യം ചോദിച്ചത് 20000 രൂപ; പിന്നീട് വിളിച്ചു വരുത്തി 13,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു; കിട്ടിയ പണം പോക്കറ്റിലാക്കുന്നതിനിടെ വിജിലൻസ് സംഘം എത്തി: കട്ടപ്പന നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ പിടിയിൽ
കട്ടപ്പന: നഗരസഭ ഓഫീസിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ ഷിജു കെ അസീസിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ചാർജെടുത്ത് രണ്ടാഴ്ച തികയുന്നതിനു മുൻപാണ് ഇയാൾ അറസ്റ്റിലായത്.
കട്ടപ്പന സ്വദേശി ജോഷി എന്ന് വിളിക്കുന്ന വർക്കി നൽകിയ പരാതിയെ തുടർന്ന് കോട്ടയം വിജിലൻസ് എസ്പിയുടെ നിർദ്ദേശാനുസരണം വിജിലൻസാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരസഭ ഏഴാം വാർഡിൽ എഴുപത്തിമൂന്നാം നമ്പർ വീടും സ്ഥലവും 55 വർഷങ്ങൾക്ക് മുമ്പ് പരാതിക്കാരന്റെ മാതാവ് അന്നമ്മയുടെ പേരിൽ ആധാരം ചെയ്തു നൽകിയിരുന്നതാണ്. ഈ വീടിന്റെ ഉടമസ്ഥാവകാശം കൈ മാറിയിരുന്നില്ല.
2021 വരെ കരം തീർത്തു പോന്നിരുന്നു. ഈ വീടും സ്ഥലവും മകന്റെ പേരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആധാരം ചെയ്യുന്നതിന് ശ്രമിച്ചപ്പോഴാണ് ഉടമസ്ഥാവകാശം മാറിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് മാറ്റുന്നതിനായി വില്ലേജിൽ നിന്ന് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി നഗരസഭ റവന്യൂ ഇൻസ്പെക്ടറെ സമീപിച്ചപ്പോൾ അദ്ദേഹം സ്ഥലംമാറി പോയി.
പകരം കഴിഞ്ഞ ആറിന് ഷിജു കെ അസീസ് ചാർജ് എടുത്തു. 60,000 രൂപ പിഴ അടയ്ക്കേണ്ടിവരും എന്നും ഇരുപതിനായിരം രൂപ കൈക്കൂലി നൽകിയാൽ അത് ഒഴിവാക്കി തരാമെന്നും പ്രതി അപേക്ഷകനോട് പറഞ്ഞു. തുടർന്ന് പണം നൽകാൻ ഇല്ലാത്തതിനാൽ അപേക്ഷകൻ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് പ്രതി അപേക്ഷകനെ ഫോണിൽ വിളിക്കുകയും 15000 രൂപയായി കൈക്കൂലി തുക കുറയ്ക്കുകയും ചെയ്തു. ഇതും വഴങ്ങാതെ വന്നപ്പോൾ 13000 രൂപയായി വീണ്ടും കുറച്ചു. തുകയുമായി ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. അപേക്ഷകൻ വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥന് ഒപ്പം നഗരസഭ ഓഫീസിൽ എത്തുകയും ഉദ്യോഗസ്ഥർ പലയിടങ്ങളിലായി സ്ഥാനം പിടിക്കുകയും ചെയ്തു. കൈക്കൂലി തുക ഫയലിന് ഉള്ളിൽ വക്കുവാൻ പ്രതി നിർദ്ദേശിച്ചു.
തുടർന്ന് ഫയലിന് ഉള്ളിൽ നിന്നും കൈക്കൂലി തുകയായ 13,000 രൂപ പോക്കറ്റിൽ വയ്ക്കാൻ തുടങ്ങിയപ്പോൾ വേഷംമാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥൻ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി വി ആർ രവികുമാർ, സി ഐ മാരായ ടിപ്സൺ തോമസ് മേക്കാടൻ, റെജി എം കുന്നിപ്പറമ്പിൽ, ബിജു ടി, വിനേഷ് കുമാർ എസ്ഐമാരായ ജോയ്, കെ എൻ സന്തോഷ്, കെ എൻ ഷാജി, എഎസ്ഐ മാരായ തുളസീധര കുറുപ്പ്, ഷാജി കുമാർ, സഞ്ജയ്, ബിനോയ് തോമസ് എന്നിവർ നേതൃത്വം നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്