- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി പുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കണം; പീഡിപ്പിച്ചത് ആരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന വാദം തള്ളി: വസ്തുത അറിയാവുന്ന സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് ശാസന; അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്ന വാദത്തിന് അംഗീകാരം; തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കണം; സിബിഐയെ കണക്കിന് വിമർശിച്ച് സിബിഐ കോടതി; കവിയൂർ പീഡനത്തിൽ അന്വേഷണം തുടരണം
തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. മുഖ്യ പ്രതി ലതാനായർ ഒക്ടോബർ 20 ന് ഹാജരാകാനും ജഡ്ജി സനിൽകുമാർ അന്ത്യശാസനം നൽകി. പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞ് സമഗ്രമായ തുടരന്വേഷണം നടത്താൻ 2020 ജനുവരി 1 ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു.
തുടർന്ന് ഫെബ്രുവരി 20 , ഏപ്രിൽ 7, മെയ് 19 , ജൂലൈ 23 , സെപ്റ്റംബർ 11 എന്നിങ്ങനെ 5 പ്രാവശ്യം കേസ് തുറന്ന കോടതിയിൽ പരിഗണിച്ചപ്പോഴും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കുകയോ എന്തൊക്കെ അന്വേഷണം നടത്തിയെന്നത് സംബന്ധിച്ച സ്റ്റേജ് റിപ്പോർട്ട് ഹാജരാക്കുകയോ കൂടുതൽ സമയം തേടിയുള്ള എക്സ്റ്റൻഷൻ റിപ്പോർട്ടോ കോടതിയിൽ സമർപ്പിച്ചില്ല. മുഖ്യ പ്രതി ലതാ നായരും ഈ ദിവസങ്ങളിൽ കോടതിയിൽ ഹാജരായില്ല. സി ബി ഐ യുടെയും പ്രതിയുടെയും നിരുത്തരവാദപരമായ രീതിയെയും അലംഭാവത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.
നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളിയ ജഡ്ജി സനിൽകുമാർ സിബിഐയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആഴത്തിലുള്ള തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. അന്വേഷണ വീഴ്ചകളെ തുടരന്വേഷണ ഉത്തരവിൽ അക്കമിട്ട് നിരത്തിയാണ് കോടതി സിബിഐയെ ശക്തമായി പ്രഹരിച്ചത്. കേസിന്റെ വസ്തുത അറിയാവുന്ന നിർണ്ണായക സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് സിബിഐയെ തുടരന്വേഷണ ഉത്തരവിലെ ഒരു ഘട്ടത്തിൽ കോടതി ശാസിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തെളിവുകൾ ശേഖരിച്ച് പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്താൽ മാത്രമേ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നിലനിർത്താനാകുവെന്നും അല്ലാത്തപക്ഷം പ്രഹസനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാജവും വിചിത്രവുമായ കണ്ടെത്തലുകൾ തിരുകിക്കയറ്റിയുള്ള പക്ഷപാത റിപ്പോർട്ട് നീതിന്യായ നിർവ്വഹണത്തെ പ്രതികൂലമായി ബാധിക്കും. നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന അപൂർണ്ണമായ സി ബി ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഏക പ്രതിയായി സിബിഐ പറയുന്ന കിളിരൂർ പീഡന കേസിലെ പ്രതി ലതാനായരെ മാത്രം വച്ച് കോടതി കേസ് വിചാരണ ആരംഭിക്കുന്നത് മരണപ്പെട്ട നമ്പൂതിരി കുടുംബത്തിനോടും അവരുടെ ബന്ധുക്കളോടുള്ള അനീതിയാകുമെന്നും കോടതി വ്യക്തമാക്കി. അത് പൊതുതാൽപര്യത്തിന് എതിരാകുമെന്നും നീതിന്യായ വ്യവസ്ഥയെ ഞെക്കിക്കൊല്ലലാകുമെന്നും കോടതി വ്യക്തമാക്കി.
നാലാം തുടരന്വേഷണ റിപ്പോർട്ടിനെതിരെ മരണപ്പെട്ട നമ്പൂതിരിയുടെ സഹോദരൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറുമാണ് തുടരന്വേഷണ ഹർജിയുമായി കോടതിയെ സമീപിച്ചത്. കിളിരൂർ പീഡനക്കേസിലെ ഇരയായ മൈനർ പെൺകുട്ടിയുടെയും കവിയൂർ പീഡനക്കേസിലെ ഇരയായ മൈനർ പെൺകുട്ടിയുടെയും കൂട്ടുകാരിയായ ശ്രീകുമാരി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതിൽ പേരു വിവരം പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്നും സിബിഐയോട് കോടതി ഉത്തരവിൽ ചോദിച്ചു.
2014 ൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി ശ്രീലേഖക്ക് അന്വേഷണത്തിനായി ഹൈക്കോടതി രജിസ്ട്രാർ മുഖേന കൈമാറിയ ആ കത്ത് എന്തു കൊണ്ടാണ് സി ബി ഐ കേരളാ പൊലീസിൽ നിന്ന് ഏറ്റെടുക്കാത്തതെന്നും ജഡ്ജി സനിൽകുമാർ ചോദിച്ചു. ശ്രീലേഖയെ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. നാലാം തുടരന്വേഷണം നടത്തിയ സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനായ അനന്ദകൃഷ്ണനെ രൂക്ഷമായി കോടതി ശകാരിച്ചു.
വിഷം പാൽക്കഞ്ഞിയിൽ കലക്കി പത്തനംതിട്ട ചുമത്ര ഭഗവതി ക്ഷേത്ര മേൽ ശാന്തിയടക്കമുള്ള അഞ്ചംഗ നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാൽക്കഞ്ഞി പാത്രം , വിഷക്കുപ്പി എന്നിവയിലെ വിരലടയാളം സി ബി ഐ എടുത്ത് പരിശോധന നടത്താത്തതിനെ ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിതിരുന്നു. ഹർജിക്കാരുടെ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ട്. നാലാം തുടരന്വേഷണ റിപ്പോർട്ട് പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് നിറച്ച പോലെയാണ് സി ബി ഐ ചെയ്തിരിക്കുന്നത്. പിതാവ് ഫാനിൽ തൂങ്ങിയ നിലയിലും മറ്റുള്ളവർ താഴെ കട്ടിലിലും മറ്റുമായി കിടക്കുന്ന നിലയിലുമാണ്.
രണ്ടു മൈനർ കുട്ടികളുടെ കഴുത്തിൽ ഞെക്കിയ പാടുകൾ ലോക്കൽ പൊലീസും സിബിഐയും ശാസ്ത്രീയ പരിശോധന നടത്താത്തതിനെയും ഉത്തരവിൽ കോടതി വിമർശിച്ചു. നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഓടിട്ട വീടിന്റെ ഫോട്ടോ നന്ദകുമാർ കോടതിയിൽ ഹാജരാക്കി. കൂട്ടമരണത്തിന് 72 മണിക്കൂറിനകം വച്ച് വീടിന്റെ വാതിലുകൾ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നതിനാൽ ബാഹ്യശക്തികൾ മരണത്തിന് പിന്നിലില്ലെന്നും ആത്മഹത്യയാണെന്നും സി ബി ഐ പറയുന്നു. എന്നാൽ ഗുണ്ടകൾക്ക് ഓടിളക്കി അകത്ത് പ്രവേശിച്ച് കൃത്യം നിർവ്വഹിച്ച ശേഷം വന്ന വഴിയേ തിര്യെപ്പോകാനുള്ള സാധ്യത സിബി ഐ പരിശോധിച്ചില്ല.
നമ്പൂതിരി കുടുംബം പാൽ കഞ്ഞിയിൽ കലക്കിക്കുടിച്ചതായ വിഷം മാരകമായതാണ്. അതിന്റെ ചെറിയ ഒരംശം കഴിച്ചയുടൻ മോഹാലസ്യപ്പെട്ടു വീഴുമെന്ന് കമ്പനി ഇന്റർനെറ്റിൽ ചെയ്ത പ്രോസ്പെക്റ്റസ് പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നതായും ഹർജിക്കാർ വാദിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന കീടനാശിനി വിദഗ്ധ അസി. ഡയറക്ടർ റാഹിലയുടെ റിപ്പോർട്ട് സി ബി ഐ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ ഹാജരാക്കിയത് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാരക വിഷം ചേർത്ത് പാൽക്കഞ്ഞി സ്വയമേവ കുടിച്ചാൽ ഉടൻ മോഹാലസ്യപ്പെടുന്നവർ എങ്ങനെ ഗൃഹനാഥന് ഫാനിൽ തൂങ്ങാനും അതിന് മുമ്പ് സ്വന്തം ചോരയിലുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തിൽ ഞെക്കാനും സാധിക്കും എന്നുള്ള ഹർജിക്കാരുടെ വാദം തള്ളാനാാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ അനഘയും പിതാവും വെവ്വേറെ എഴുതിയതായ രണ്ട് ആത്മഹത്യാ കുറിപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് ലോക്കൽ പൊലീസ് കണ്ടെടുത്തതായി കാണിച്ച് കുമരകം പൊലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. അനഘ എഴുതിയതായ കത്തിൽ പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. അന്യ ജാതി , മതസ്ഥരല്ലാതെ നമ്പൂതിരി കുടുംബത്തിലെ ഒരാളുപോലും പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്യാറില്ല. കൂടാതെ അനഘ '' സ്റ്റേഷൻ '' എന്ന പദം ഉപയോഗിച്ചതായി കാണുന്നു. ഈ വാക്ക് പൊലീസുകാർ ഉപയോഗിക്കുന്ന പദമാണ്.
മരണത്തിന് രണ്ടു ദിവസം മുമ്പ് തലസ്ഥാന ജില്ലക്കാരനായ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ അനഘയുടെ പിതാവ് നാരായണൻ നമ്പൂതിരിയെ വിളിപ്പിച്ച് ലതാനായരെ ഒളിവിൽ പാർക്കാൻ വീട്ടിൽ അഭയം കൊടുത്തതിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. ആ സമയം മകൾ അനഘയെ ലതാനായർ പൊലീസ് ഉന്നതരടക്കം ആർക്കൊക്കെ കാഴ്ചവച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കുമരകം പൊലീസ് ആരോപിക്കുന്ന കൂട്ട ആത്മഹത്യ സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ സി ഐ സുരേഷ് കുമാറടക്കമുള്ള പൊലീസിന്റെ പങ്കും സി ബി ഐ അന്വേഷിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയത് സിബിഐയുടെ കേസന്വേഷണ വീഴ്ചകൾ പുറത്തു കൊണ്ടുവരുന്നതാണ്.
ഇക്കാര്യങ്ങളിലും ആഴത്തിലുള്ളതും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും തുടരന്വേഷണ ഉത്തരവിൽ കോടതി സിബിഐയോടാവശ്യപ്പെട്ടു. ലതാനായരെയും വിശദമായി ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. ആരോപണ വിധേയരായ മന്ത്രി പുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി ബി ഐ അലംഭാവം കാട്ടുന്നതെന്ന ആരോപണം ഉയർന്നു വന്നിട്ടുണ്ട്.